മാതൃഭൂമി എന്റെ ലോകങ്ങള്‍ വലുതാക്കി- സച്ചിദാനന്ദന്‍


വിമര്‍ശനരംഗത്തും അത് പല വഴികള്‍ തുറക്കാന്‍ നിമിത്തമായി. പില്‍ക്കാലത്ത് കേവലം സാഹിത്യപ്രസിദ്ധീകരണം എന്ന നില വിട്ട് സാമൂഹികാവസ്ഥകളും ശാസ്ത്രീയവികാസങ്ങളും കൂടി ഉള്‍പ്പെടുത്തി അത് സ്വന്തം വ്യവഹാരമണ്ഡലം വിപുലമാക്കി.

സച്ചിദാനന്ദൻ

മാതൃഭൂമി സാഹിത്യ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് കവി സച്ചിദാന്ദന്‍ സംസാരിക്കുന്നു.

മാതൃഭൂമിയും എന്റെ വായനയും എഴുത്തുമായുള്ള ബന്ധത്തെക്കുറിച്ച് ആഴ്ചപ്പതിപ്പില്‍ എഴുതിയിരുന്നതുകൊണ്ട് അതൊന്നും ഇവിടെ ആവര്‍ത്തിക്കുന്നില്ല. അവിടെ ഞാന്‍ പറയാന്‍ ശ്രമിച്ചത് ചുരുക്കത്തില്‍ രണ്ടുകാര്യങ്ങളാണ്. ഒന്ന്, എന്റെ സാഹിത്യാഭിരുചിയും ഭാവുകത്വവും രൂപപ്പെടുത്തുന്നതില്‍ മാതൃഭൂമി വഹിച്ച പങ്ക്; രണ്ട്, എന്റെ രചനകള്‍, സര്‍ഗരചനകളും ചിന്തകളും ലോകമെമ്പാടുമുള്ള വലിയ ഒരു കൂട്ടം മലയാളി വായനക്കാരില്‍ എത്തിക്കുന്നതില്‍ അത് നല്‍കിയ സഹകരണം.

മലയാളം കൂട്ടിവായിക്കാന്‍ തുടങ്ങിയതുമുതല്‍ ഞാന്‍ മാതൃഭൂമി വാരികയുടെയും പത്രത്തിന്റെയും വായനക്കാരനാണ്. ആഴ്ചപ്പതിപ്പിന്റെ ഒരു ലക്കം കിട്ടാതിരുന്നാല്‍ എന്തോ നഷ്ടപ്പെട്ടപോലെ തോന്നാറുണ്ട്. അതില്‍ വരുന്നതെല്ലാം വായിക്കുന്നതുകൊണ്ടല്ല, പക്ഷേ, ഇഷ്ടമുള്ള ഒരു കഥയോ കവിതയോ പ്രധാനമായ ഒരു ലേഖനമോ നിരൂപണമോ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലോ? മലയാളസാഹിത്യത്തിന്റെ മിടിപ്പറിയാന്‍ എന്നെ സഹായിച്ച മുഖ്യധാരാ പ്രസിദ്ധീകരണം മാതൃഭൂമി വാരികയായിരുന്നു.

ലിറ്റില്‍ മാഗസിനുകള്‍ മുന്‍പേ പറക്കുന്ന പക്ഷികള്‍ തന്നെ. എന്നാല്‍, കഥയെ സംബന്ധിച്ച് ആ പങ്ക് ഏറ്റെടുത്തത് മാതൃഭൂമിയായിരുന്നു എന്നു പറയാതെ വയ്യ. കഥയിലെ ആധുനികത രംഗപ്രവേശം ചെയ്തത് എം.ടി. പത്രാധിപരായിരുന്ന കാലത്ത് മാതൃഭൂമിയിലൂടെയായിരുന്നു. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം പോകട്ടെ, മേതില്‍ രാധാകൃഷ്ണന്റെ 'സൂര്യവംശം' പോലെ ഒരു നോവല്‍ അക്കാലത്തു മറ്റാരും പ്രസിദ്ധീകരിക്കുമായിരുന്നു എന്ന് തോന്നുന്നില്ല. സക്കറിയ, ടി.ആര്‍. തുടങ്ങിയവരുടെ കഥകളും അങ്ങനെത്തന്നെ. പിന്നീട് പ്രശസ്തരായ മുകുന്ദന്‍, കാക്കനാടന്‍, സേതു തുടങ്ങി എത്രയോ പേര്‍ മാത്രമല്ല, ആധുനികരെ തുടര്‍ന്നുവന്ന എത്രയോ പ്രതിഭാശാലികളായ കഥാകൃത്തുക്കളും മാതൃഭൂമിയുടെ താളുകളിലൂടെ വെളിച്ചം കണ്ടു. കവിതയെക്കുറിച്ച് മുഴുവനായും ഇത് പറയാന്‍ കഴിയുമോ എന്നു സംശയമാണ്. ഒരുപക്ഷേ, കവിത കൂടുതല്‍ പഴയ സാഹിത്യരൂപമായതു കൊണ്ടാകാം, അതിനെ സംബന്ധിച്ച രൂഢമൂലമായ ധാരണകള്‍ മാറ്റാന്‍ കൂടുതല്‍ പ്രയാസമാണ്.

ഞാന്‍ ആഴ്ചപ്പതിപ്പ് വായിച്ചുതുടങ്ങുമ്പോള്‍ ചങ്ങമ്പുഴയുടെ പ്രഭാവകാലം കഴിഞ്ഞിരുന്നു. ഇടശ്ശേരി, വൈലോപ്പിള്ളി, പി. കുഞ്ഞിരാമന്‍ നായര്‍, ജി. ശങ്കരക്കുറുപ്പ്, ബാലാമണിയമ്മ, അക്കിത്തം, ഒളപ്പമണ്ണ, എന്‍.വി. കൃഷ്ണവാരിയര്‍ തുടങ്ങിയവരായിരുന്നു പ്രമുഖ കവികള്‍. പിന്നെ ഒ.എന്‍.വി.യും തുടര്‍ന്ന് സുഗതകുമാരി, വിഷ്ണുനാരായണന്‍ നമ്പൂതിരി തുടങ്ങിയവരും വന്നു. ജി.എന്‍. പിള്ള കവിത നോക്കിയിരുന്ന കാലത്താണ് എന്റെ 'എഴുത്തച്ഛന്‍ എഴുതുമ്പോള്‍' മാതൃഭൂമിയില്‍ വരുന്നത്. തുടര്‍ന്ന് അഞ്ചു ദശകങ്ങളില്‍ ഒരു പാട് നവീനകവികള്‍ക്ക് മാതൃഭൂമി വേദിയായി. പുതിയ സൗന്ദര്യബോധങ്ങള്‍, പുതിയ ജീവിതസമീപനങ്ങള്‍, പുതിയ ശൈലികള്‍. അത് ഇന്നും തുടരുന്നു. വിമര്‍ശനരംഗത്തും അത് പല വഴികള്‍ തുറക്കാന്‍ നിമിത്തമായി. പില്‍ക്കാലത്ത് കേവലം സാഹിത്യപ്രസിദ്ധീകരണം എന്ന നില വിട്ട് സാമൂഹികാവസ്ഥകളും ശാസ്ത്രീയവികാസങ്ങളും കൂടി ഉള്‍പ്പെടുത്തി അത് സ്വന്തം വ്യവഹാരമണ്ഡലം വിപുലമാക്കി. മാറിമാറി വന്ന പത്രാധിപന്മാര്‍ സ്വന്തം എഡിറ്റിങ് ശൈലികള്‍കൊണ്ട് അതിനെ പുതുക്കിക്കൊണ്ടിരുന്നു. പത്രത്തിന്റെ വാരാന്തപ്പതിപ്പിലും പലപ്പോഴും എനിക്ക് എഴുതാന്‍ അവസരമുണ്ടായി. പല ചര്‍ച്ചകളിലും പങ്കെടുക്കുകയും ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മറ്റുമുള്ള പ്രസിദ്ധീകരണങ്ങളിലൂടെയും അതിന്റെ വായനക്കാരുടെ വൃത്തം വളര്‍ന്നുകൊണ്ടിരുന്നു.

ഡല്‍ഹിയില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലും മാതൃഭൂമിയുമായുള്ള എന്റെ ബന്ധത്തില്‍ ഒരു മാറ്റവും ഉണ്ടായില്ല. എന്റെ ആദ്യത്തെ പ്രധാന അഭിമുഖം പ്രസിദ്ധീകരിച്ചത് മാതൃഭൂമി ആഴ്ചപ്പതിപ്പായിരുന്നു. നാല്പതോളം വര്‍ഷം കഴിഞ്ഞ് എന്റെ ഏറ്റവും നീണ്ട അഭിമുഖ സംഭാഷണവും ഇതേ വാരികയിലാണ് വന്നത്. മാതൃഭൂമിയുടെ സാഹിത്യോത്സവങ്ങളുടെ ഇന്നോളം നടന്ന പതിപ്പുകളിലെല്ലാം ഞാന്‍ ക്ഷണിതാവായിരുന്നു. പത്മപ്രഭാ പുരസ്‌കാരം നേടാനും മാതൃഭൂമിയുടെ മുന്‍ അവാര്‍ഡുകളില്‍ ജൂറി അംഗമാകാനും പരിഭാഷകളുള്‍പ്പെടെ എന്റെ പതിനഞ്ചു കൃതികള്‍ മാതൃഭൂമി ബുക്‌സിലൂടെ പ്രകാശിപ്പിക്കാനും എനിക്ക് അവസരമുണ്ടായി; ഒപ്പം എന്റെ രചനാലോകങ്ങളെക്കുറിച്ചുള്ള പഠനങ്ങളുടെ ഒരു കൃതിയും അഭിമുഖങ്ങളുടെ ഒരു സമാഹാരവും. എന്റെ എഴുപതും എഴുപത്തഞ്ചും പിറന്നാളുകള്‍ വാരിക ആഘോഷമാക്കുകയും ചെയ്തു.

എഴുത്തുകാരന്‍ എന്ന നിലയില്‍ വളര്‍ച്ചയുടെ ഓരോ പടവിലും മാതൃഭൂമി എന്റെ കൂടെ ഉണ്ടായിരുന്നു; മാതൃഭൂമിയുടെ വികാസത്തിന്റെ ഓരോ പടവിലും ഞാനും. ആ ഊഷ്മളമായ ബന്ധം സ്‌നേഹത്തോടെ, കൃതജ്ഞതയോടെ അനുസ്മരിക്കുക മാത്രമാണ് ഇവിടെ എനിക്ക് ചെയ്യാനുള്ളത്. എനിക്ക് സഹൃദയരായ ആസ്വാദകരുടെ ഒരു വലിയ സമൂഹത്തെ മാതൃഭൂമി തന്നു, വിപുലമായ സൗഹൃദങ്ങള്‍ വളര്‍ത്താന്‍ എന്നെ തുണച്ചു, എന്റെ ലോകങ്ങള്‍ വലുതാക്കി, മലയാളസാഹിത്യത്തിന്റെ പരിണതികള്‍ എന്നെ അറിയിച്ചുകൊണ്ടിരുന്നു.

ഇപ്പോള്‍ ഈ പുരസ്‌കാരം വഴി എന്റെ സംഭാവനകളെ ഒന്നുകൂടി ആദരിച്ചിരിക്കുന്നു. മാതൃഭൂമി മാനേജ്മെന്റിനും മാതൃഭൂമി കുടുംബത്തിനും വിധിനിര്‍ണയം നടത്തിയവര്‍ക്കും എന്റെ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

Content Highlights : Poet K. Satchidanandan speaks after receiving Mathrubhumi Literary Award 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented