കൊച്ചി: ''സ്വപ്നങ്ങള്‍ കാണാറുണ്ട്, രാവിലെയാകുമ്പോള്‍ മറന്നുപോകും.'' പണ്ടൊരിക്കല്‍ കവിതയില്‍ കുറിച്ചതിനെ ഓര്‍മിപ്പിക്കുന്ന വരികളാണ് മഹാരാജാസ് കോളേജിന്റെ മുറ്റത്ത് ഓര്‍മകള്‍ പോലെ കെട്ടുപിണഞ്ഞുകിടക്കുന്ന വേരുകളുള്ള മരത്തിന്റെ ചുവട്ടില്‍ കണ്ടപ്പോഴും ജോസഫ് പറഞ്ഞത്, ''ഞാനിവിടെ വന്നിട്ടുമില്ല, എങ്ങോട്ടും പോയിട്ടുമില്ല''.

മഹാരാജാസിന്റെ സെന്റര്‍ സര്‍ക്കിളിലെ പടവില്‍ അരികില്‍ ചേര്‍ന്നിരുന്ന മക്കളോടും മക്കളെപ്പോലെ സ്‌നേഹിക്കുന്ന വിദ്യാര്‍ഥികളോടും അങ്ങനെ മാത്രമേ ജോസഫിന് പറയാനാകുമായിരുന്നുള്ളൂ. കോളേജ് അധ്യാപകന്‍ എന്ന ഔദ്യോഗികവൃത്തിയില്‍നിന്നു തിങ്കളാഴ്ച വിരമിക്കുമ്പോഴും അങ്ങനെ വിശ്വസിക്കാനാണ് ജോസഫിനിഷ്ടം. 'വെള്ളം എത്ര ലളിതമാണ്', 'കറുത്ത കല്ല്', 'മീന്‍കാരന്‍', 'ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു' എന്നതുള്‍പ്പെടെ ഒട്ടേറെ കൃതികളുടെ കര്‍ത്താവാണ് ജോസഫ്.

വന്നിട്ടുമില്ല, പോയിട്ടുമില്ല

മഹാരാജാസ് കോളേജിലെ മലയാളം വിഭാഗം മേധാവിയായി തിങ്കളാഴ്ച പടിയിറങ്ങുമ്പോള്‍ കവിത പോലെ മനോഹരമായാണ് ജോസഫ് അതനുഭവിക്കാന്‍ ഒരുങ്ങുന്നത്. ''തിരിഞ്ഞുനോക്കുമ്പോള്‍ എന്ന അനുഭവത്തെ ഇപ്പോള്‍ ഓര്‍ക്കുന്നില്ല. ഞാനിവിടെ വന്നിട്ടുമില്ല, എങ്ങോട്ടും പോയിട്ടുമില്ലെന്നാണ് കുട്ടികളോടു പറഞ്ഞത്. മഹാരാജാസ് കോളേജ് ഒരു വനമായാണു ഞാന്‍ കാണുന്നത്.

വനത്തിന്റെ ഭാഗമായുള്ള കെട്ടിടങ്ങള്‍, അല്ലെങ്കില്‍ കെട്ടിടത്തിന്റെ ഭാഗമായുള്ള വനം. 2001-ല്‍ കോളേജ് അധ്യാപകനായി ഞാന്‍ ജോലി തുടങ്ങുന്നത് തലശ്ശേരി ബ്രണ്ണന്‍ കോളേജിലാണ്.

2005-ല്‍ മഹാരാജാസില്‍ വന്നതുമുതല്‍ ഈ വനമാണ് ജീവിതത്തിലെ പ്രധാന ഭാഗം. വിരമിക്കല്‍ എന്ന ചടങ്ങിലൂടെ ഇവിടെ നിന്നു പൂര്‍ണമായി മാഞ്ഞുപോകുന്നതായി തോന്നിയിട്ടില്ല'' - ജോസഫ് പറഞ്ഞു.

വെള്ളത്തില്‍ തെളിഞ്ഞ മുഖം

ഏറ്റുമാനൂര്‍ പട്ടിത്താനത്ത് മേസ്തിരിയായ ദേവസ്യയുടേയും ഏലിയാമ്മയുടേയും അഞ്ചു മക്കളില്‍ രണ്ടാമനായ ജോസഫിന് കവിതകളോടുള്ള അടങ്ങാത്ത പ്രണയം സഫലമാക്കിയ ഇടമാണ് കോളേജ്. ''കുറവിലങ്ങാട് ദേവമാതാ കോളേജില്‍നിന്നു ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ചേര്‍ന്നു. എം.എ. മലയാളം പഠിക്കാനായിരുന്നു എനിക്കിഷ്ടം.

കോട്ടയത്തു നിന്നാല്‍ കവിതയെഴുത്തില്‍ മുന്നേറില്ലെന്നു തോന്നിയതുകൊണ്ടാണ് തിരുവനന്തപുരത്തെ കോളേജിലേക്കു പോകാന്‍ തീരുമാനിച്ചത്. അവിടെ അടുത്ത കൂട്ടുകാരനായ ഡിക്സണിന്റെ കടപ്പുറത്തെ വീട്ടില്‍ താമസിക്കുമ്പോഴാണ് കവിതയിലെ പല ഫ്രെയിമുകളും തെളിയുന്നത്. സ്‌കൂള്‍ അധ്യാപകനായി മലയോരങ്ങളായ വെള്ളിയാമറ്റത്തും ചീന്തലാറുമൊക്കെ ജോലി ചെയ്തപ്പോഴും അങ്ങനെയുള്ള അനുഭവങ്ങളുണ്ടായി'' - ജോസഫ് കവിതയെഴുത്തിന്റെ ഓര്‍മകളിലൂടെ സഞ്ചരിച്ചു.

എഴുത്തു തുടരുമ്പോള്‍

''ആദ്യമൊക്കെ ഞാന്‍ കവിത എഴുതുമ്പോള്‍ അത് ഇളയ പെങ്ങള്‍ സോഫിയെയാണ് ആദ്യം കാണിച്ചിരുന്നത്.

ജീവിത പങ്കാളിയായി ജെസ്സി വന്നപ്പോള്‍ ആ റോളില്‍ അവളെത്തി. ഇപ്പോള്‍ മക്കളായ സമയയും അലീസിയയും എല്ലാത്തിനും കൂടെയുണ്ട്.

അലീസിയ ആലുവ യു.സി. കോളേജില്‍ ബി.എ.ക്കു പഠിക്കുമ്പോള്‍ മൂത്തവള്‍ സമയ എം.എ. മലയാളത്തില്‍ മഹാരാജാസില്‍ എന്റെ വിദ്യാര്‍ഥിയാണ്. എഴുത്തു തുടരുകയെന്നതാണ് ഒരേയൊരു ചിന്ത.

ബുദ്ധനെക്കുറിച്ചെഴുതിക്കൊണ്ടിരിക്കുന്ന മഹാകാവ്യം പൂര്‍ത്തിയാക്കണം. സാമൂഹിക മാധ്യമത്തിലെ 'പുതുകവിതയുടെ ലഘുചരിത്രം' എന്ന കോളമെഴുത്തും തുടരണം. കോളേജുകളില്‍ പ്രഭാഷണങ്ങള്‍ക്കു പോകുന്ന പതിവും തുടരണം'' - സംസാരം നിര്‍ത്തുമ്പോള്‍ ആ വാചകം ജോസഫ് ആവര്‍ത്തിച്ചു, ''അല്ലെങ്കിലും ഞാന്‍ എങ്ങോട്ടും പോകുന്നില്ലല്ലോ''

Content Highlights: s joseph Malayalam poet, Maharajas