പൂന്താനം ജ്ഞാനപ്പാന പുരസ്‌കാര പ്രഖ്യാപനവുമായി ഉണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ പ്രഭാവര്‍മ. പുരസ്‌കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് കാരണം ശ്യാമമാധവമല്ലെന്നും ആ കവിത വായിക്കാനായി ചിലരുപയോഗിച്ച കണ്ണടയുടേതാണെന്നും പ്രഭാവര്‍മ മാതൃഭൂമി ഡോട്ട്‌കോമിനോട് പ്രതികരിച്ചു. രാഷ്ട്രീയക്കണ്ണടവെച്ചുള്ള വായനയാണ് ചിലര്‍ നടത്തുന്നത്. രാഷ്ട്രീയത്തിന്റെ കാവിക്കണ്ണട മാറ്റിവെച്ചാലേ ആ പാരായണരീതി ഉരുത്തിരിഞ്ഞു കിട്ടൂ. മറിച്ചാണെങ്കില്‍ സര്‍ഗ്ഗാത്മക സാഹിത്യത്തിന്റെ അന്ത്യമാണുണ്ടാവുക. കാളിദാസന്‍ മുതല്‍ എഴുത്തച്ഛന്‍ വരെ, ആശാന്‍ മുതല്‍ എം.ടി വരെ നാളെ നിരോധിക്കപ്പെടുമെന്നും പ്രഭാവര്‍മ്മ കൂട്ടിച്ചേര്‍ത്തു. പ്രഭാവര്‍മയുടെ 'ശ്യാമമാധവം' എന്ന കൃതിക്കാണ് ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചിരുന്നത്. അവാര്‍ഡ് സമര്‍പ്പണത്തിനെതിരെ ചിലര്‍ ഹൈക്കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചതോടെ ഹൈക്കോടതി അവാര്‍ഡ് വിതരണം സ്‌റ്റേ ചെയ്യുകയായിരുന്നു.

പ്രതികരണത്തിന്റെ പൂര്‍ണരൂപം

'കൃഷ്ണ, നീ എന്നെ അറിയില്ല' എന്ന് ഒരാള്‍ എഴുതിയാല്‍ ഭക്തരെ അറിയാത്തയാളാണു കൃഷ്ണന്‍ എന്ന് കവി ആരോപിച്ചു എന്നു പറയരുത്. കവിത ആവശ്യപ്പെടുന്നതു മറ്റൊരു പാരായണ രീതിയാണ്. കവിത ആവശ്യപ്പെടുന്ന പാരായണ രീതിയല്ല നിര്‍ഭാഗ്യവശാല്‍ ചിലരില്‍നിന്ന് 'ശ്യാമമാധവ'ത്തിനു നേര്‍ക്കുണ്ടാവുന്നത്. ഇതിനു രണ്ടു കാരണങ്ങളുണ്ടാവാം. ഒന്ന്, കവിത വഴങ്ങായ്ക. മറ്റൊന്ന്, രാഷ്ട്രീയകണ്ണടവെച്ചുള്ള വായന.

'ശ്യാമമാധവ'ത്തിന്റെ കാര്യത്തില്‍ സംഭവിച്ചത് ആദ്യത്തേതാണെന്നു ഞാന്‍ കരുതുന്നില്ല. രണ്ടാമത്തേത് തന്നെയാണ്. രാഷ്ട്രീയകണ്ണടവെച്ചുള്ള വായന. ഇത്തരമൊരു വായനയ്ക്ക് ചിലരെ പ്രേരിപ്പിക്കുന്നത് എന്റെ രാഷ്ട്രീയത്തോടുള്ള വിയോജിപ്പു മുതല്‍ ഞാന്‍ ചെയ്യുന്ന ജോലിയോടുള്ള മനോഭാവം വരെയാവാം എന്നു തോന്നുന്നുണ്ട്.

ഇപ്പോള്‍ ചിലര്‍ 'കണ്ടുപിടിച്ചിരിക്കുന്നത്' ശ്യാമമാധവത്തില്‍ കൃഷ്ണനിന്ദയുണ്ട് എന്നാണ്. പുസ്തകം ഇറങ്ങിയിട്ട് എട്ടു വര്‍ഷമായി. ഇതുവരെ ആരും എന്തുകൊണ്ടിതു പറഞ്ഞില്ല? കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും വള്ളത്തോള്‍ അവാര്‍ഡും ഒക്കെ ഈ കൃതിക്ക് ലഭിച്ചു. അപ്പോഴൊക്കെ കൃതി വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. അപ്പോഴും ആര്‍ക്കും തോന്നിയില്ല ഇതില്‍ കൃഷ്ണനിന്ദയുണ്ടെന്ന്.

ഒ.എന്‍.വി.യാണ് അവതാരിക എഴുതിയത്. അദ്ദേഹത്തിന് തോന്നിയില്ല കൃഷ്ണനിന്ദയുണ്ടെന്ന്. കൃഷ്ണഭക്തയായ ഡോ. എം ലീലാവതിയായിരുന്നു കേന്ദ്ര സാഹിത്യ അക്കാദമി ജൂറിയിലെ ഒരു അംഗം. ആ ടീച്ചര്‍ ശ്യാമമാധവത്തെക്കുറിച്ച് വലിയ പ്രബന്ധം തന്നെ എഴുതി പ്രസിദ്ധീകരിച്ചു. പ്രൊഫ. എം കെ സാനു, എം പി വീരേന്ദ്രകുമാര്‍, ഡോ. എം ആര്‍ രാഘവവാര്യര്‍, പ്രൊഫ. എം തോമസ് മാത്യു, പ്രൊഫ. കെ പി ശങ്കരന്‍, ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കുറിലോസ് മെത്രൊപ്പൊലീത്ത തുടങ്ങി എത്രയോ പ്രമുഖര്‍ 'ശ്യാമമാധവ'ത്തെക്കുറിച്ച് പ്രബന്ധങ്ങളെഴുതി. അവര്‍ക്കാക്കും ഒരിക്കലും തോന്നാത്ത 'ഈശ്വരനിന്ദ'യാണ് ഇപ്പോള്‍ ചിലര്‍ ഇതില്‍ ആരോപിക്കുന്നത്.

'കൃഷ്ണനിന്ദയ്ക്കു തന്നെ വേണമോ പൂന്താനത്തിന്റെ പേരിലുള്ള ബഹുമതി?' എന്ന് ഫേസ്ബുക്കില്‍ കുറിച്ച ഒരാളോട് ഒരു സുഹൃത്ത് ചോദിച്ചു: ശ്യാമമാധവം വായിച്ചുവോ? ഇല്ല എന്നതായിരുന്നു മറുപടി. അതിലുണ്ട് സത്യം. ഒരു സുപ്രഭാതത്തില്‍, അതോ ദുഷ്പ്രഭാതത്തിലോ, കവിത മനസ്സിലാവാത്ത ആരോ ഒരാള്‍ വികലമായി എന്തോ എഴുതി. അത് സോഷ്യല്‍ മീഡിയയില്‍ കാറ്റുപോലെ പടര്‍ന്നു. വര്‍ഗീയ രാഷ്ട്രീയമാണ് ആ കാറ്റ് ഏറ്റെടുത്ത് പടര്‍ത്തിയത്. പലരും ആ കാറ്റില്‍പ്പെട്ടു. അതാണു സത്യം. ശ്യാമമാധവം വായിച്ചിട്ടുള്ളവര്‍ അതില്‍ കൃഷ്ണനിന്ദയുണ്ടെന്നു പറയില്ല.

കൃഷ്ണന്റെ വിലയനത്തെക്കുറിച്ച് ശ്യാമമാധവം:

'കാലം ചുരുങ്ങിയൊരു മാത്രയിലേക്കൊതുങ്ങും
നേരത്തൊരൂര്‍ജകണമായതില്‍ നീ കലര്‍ന്നൂ.
സൂര്യന്‍ തണുത്തു കരിപോലെ കറുത്തുതാഴും
നേരത്തതില്‍ ജ്വലിതഗന്ധകമായ് നിറഞ്ഞു.
ലോകം ചുരുങ്ങിയൊരു മണ്‍തരിയില്‍പ്പതുങ്ങും
നേരത്തു ജീവകണമായതില്‍ നീയലിഞ്ഞൂ!
വ്യോമം ചുരുങ്ങിയൊരു നീരദഖണ്ഡമാകും
നേരത്തൊരഗ്‌നികണമായതില്‍ നീ തെളിഞ്ഞു
നീരാഴി വറ്റിയൊരു ബിന്ദുവിലേക്കൊതുങ്ങും
നേരത്തു ജീവസുധയായതില്‍ നീ നിറഞ്ഞൂ'

ഇതൊക്കെ ഉദ്ധരിച്ചിട്ട് ഒരു സുഹൃത്ത് ഫേസ്ബുക്കില്‍ ചോദിച്ചു: 'ഇതാണോ കൃഷ്ണനിന്ദ?'
ശ്യാമമാധവത്തില്‍ ഞാന്‍ ആകെ ചെയ്തത്, ഡോ. എം ലീലാവതി ടീച്ചര്‍ ശരിയായി വിലയിരുത്തിയപോലെ 'ആനന്ദചിന്മയ സങ്കല്‍പത്തെ വിഷാദചിന്മയ ബിംബം കൊണ്ടു പകരംവെച്ചു' എന്നതാണ്. അതിനാകട്ടെ എനിക്ക് എന്റേതായ ന്യായീകരണങ്ങളുണ്ടുതാനും.

ഗര്‍ഭാവസ്ഥയില്‍ തടങ്കലില്‍. ജനനം തടങ്കലില്‍. ജനിച്ചയുടന്‍ അച്ഛനമ്മമാരില്‍നിന്നു പറിച്ചുമാറ്റപ്പെടുന്നു. അര്‍ദ്ധരാത്രിയില്‍ പെരുമഴയത്ത് കൈമാറ്റം ചെയ്യപ്പെടുന്നു. അച്ഛനമ്മമാരെ ഒരുനോക്ക് കാണാന്‍ പോലും അവസരമില്ലാതാവുന്നു. കുടിക്കുന്ന മുലപ്പാലില്‍ വിഷം. കളിക്കുന്ന കളിപ്പാട്ടത്തില്‍ വരെ മരണം പതിയിരിക്കുന്നു. ശൈശവത്തിലേ വധഭീഷണി. മോഷ്ടാവ് എന്ന പേരു കേള്‍ക്കേണ്ടി വരുന്നു. പിതൃതുല്യരെയും ഗുരുതുല്യരെയും സഹോദരസമാനരെയും കൊല്ലിച്ചവന്‍ എന്ന ആക്ഷേപം കേള്‍ക്കേണ്ടിവരുന്നു. ദൂതുപോയി നാണം കെടേണ്ടിവരുന്നു. ഒരു വന്‍ യുദ്ധത്തിലൂടെ നേടിക്കൊടുത്ത രാജ്യം പാണ്ഡവര്‍ക്കാവശ്യമില്ല എന്നു വരുന്നു. എല്ലാ വ്യര്‍ത്ഥമാവുന്നു. ഗാന്ധാരിയാല്‍ ശപിക്കപ്പെടുന്നു. വ്യാധന്റെ കൂരമ്പേറ്റ് അന്ത്യത്തിലേക്കെത്തുന്നു. കുലത്തോടെ ഒടുങ്ങിപ്പോവുന്നു. ഇതല്ലേ കൃഷ്ണകഥ? 
ഇതില്‍ ആനന്ദചിന്മയത്വമല്ല വിഷാദ ചിന്മയത്വമാണ് എനിക്കു കാണാന്‍ കഴിയുന്നത്. 

കൃഷ്ണന്‍ എന്നാല്‍ ഇതൊക്കെ കൂടിയാണ്. വെണ്ണ കവര്‍ന്നു തിന്നുന്നവനും ഗോപികമാരുടെ വസ്ത്രം കവരുന്നവനും മാത്രമല്ല. അതില്‍ കൃഷ്ണന്റെ അംശമുണ്ടാവാം. എന്നാല്‍, ഇതില്‍ കൃഷ്ണന്റെ പൂര്‍ണതയുണ്ട്. അതാണു ഞാന്‍ എഴുതിയത്. തന്റെ യഥാര്‍ത്ഥ ഭാവം ആരെങ്കിലും ആവിഷ്‌കരിച്ചെങ്കില്‍ എന്ന് കൃഷ്ണന്‍ തന്നെയും ചിന്തിച്ചുപോയിട്ടുണ്ടാവും. ആ ചിന്തയാവും ഒരുപക്ഷെ എന്നിലൂടെ സഫലമായത്. കൃഷ്ണനെ ഈ വിധത്തില്‍ സമഗ്രതയില്‍ കാണാതെ വെണ്ണ കക്കുന്നവനായും മറ്റും മാത്രം കാണുന്നത് യോഗേശ്വര മാനത്തിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന ആ കഥാപാത്രത്തോട് ചെയ്യുന്ന അനീതിയാണ്. ആ അനീതിയെയാണ് ഞാന്‍ ഇല്ലായ്മ ചെയ്തത്. യഥാര്‍ത്ഥ ഭക്തര്‍ അതിനെ സ്‌നേഹത്തോടെയേ കണ്ടിട്ടുള്ളു. 

പുരാണ പുരുഷന്മാരെക്കുറിച്ച് എഴുതുമ്പോള്‍ വഴികാട്ടിയാവുന്നത് സാധ്യതാ നിയമമാണ്- Theory of Probabiltiy. അതാണ് ഒരു ഉരകല്ല്. ഏതു കഥാപാത്രത്തെക്കുറിച്ചാണോ എഴുതുന്നത്, ആ കഥാപാത്രത്തിന്റെ അതുവരെ പറയപ്പെട്ടതോ എഴുതപ്പെട്ടതോ ആയ കഥയില്‍ നാം എടുക്കാന്‍ പോവുന്ന സ്വാതന്ത്ര്യത്തെ ന്യായീകരിക്കുന്ന തരം സാധ്യതകളുടെ സൂചനകളുണ്ടോ? ആ കഥാപാത്രം ആ വഴിക്ക് സഞ്ചരിക്കാനിടയുള്ളതായി സൂചനകളുണ്ടോ? ഉണ്ടെങ്കില്‍ ആ വഴി വികസിപ്പിച്ചു മുമ്പോട്ടുപോകാം. ഇല്ലെങ്കില്‍ അരുത്. ഇതാണു സാധ്യതാ നിയമം.

ഈ ഉരകല്ലില്‍ ഉരച്ചുനോക്കിയാല്‍ സാധ്യതയുടെ വാതില്‍ തുറക്കുന്നതു കാണാം. 'ഇന്നേക്കു മുപ്പത്തിയാറാം വര്‍ഷം...' എന്ന് ഗാന്ധാരി ശപിച്ചപ്പോള്‍ കൃഷ്ണന്‍ പറഞ്ഞത് ഓര്‍ക്കുക. 
'അങ്ങനെ തന്നെ വരേണമെന്നുള്ളതു-
ണ്ടിങ്ങെനിക്കും മനക്കാമ്പില്‍ സുബലജേ' എന്നതാണ് ആ വരികള്‍. 

വേണമെങ്കില്‍ ന്യായവാദങ്ങള്‍ നിരത്തി ശാപമുക്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാമായിരുന്നു കൃഷ്ണന്. അതു ചെയ്തില്ല. ഇങ്ങനെ തന്നെയാണു തനിക്കു വരേണ്ടത് എന്നു പറഞ്ഞ് ശാപം ഏറ്റുവാങ്ങി. അമ്പെയ്ത വ്യാധന്‍ മുമ്പില്‍ വന്നപ്പോള്‍ 'അജാനതാകൃതമിദം' എന്നു പറഞ്ഞപ്പോള്‍ കൃഷ്ണന്‍ പ്രതികരിച്ചതും ഇങ്ങനെ തന്നെ. ശാപത്തിലെപ്പോലെ തന്നെയാണു തനിക്കു വരേണ്ടത് എന്നു പറയുന്ന ആ മനസ്സ് തുറന്നുതരുന്ന ഒരു വാതിലുണ്ട്. അതിലെ സഞ്ചരിച്ചപ്പോഴാണ് എനിക്ക് ശ്യാമമാധവം കൈവന്നത്. ഇവിടെ സാഹിത്യത്തിലെ സാധ്യതാനിയമം എനിക്കു പിന്തുണയാവുന്നുണ്ട്. ഹിന്ദുമതത്തിലെ ദൈവങ്ങളെ മാത്രമേ ഇങ്ങനെ ചിത്രീകരിക്കുകയുള്ളോ എന്ന ചോദ്യത്തിനുള്ള ഉത്തരവും ഈ തിയറി ഓഫ് പ്രോബബിലിറ്റിയിലുണ്ട്.

അവതാരപുരുഷന്മാരെ വികാരവിചാരങ്ങളുള്ളവരായി തെറ്റിദ്ധരിക്കരുത് എന്നാണ് ചിലര്‍ എന്നോടു പറയുന്നത്. വനത്തിലേക്ക് ഭരതന്‍ എത്തുമ്പോള്‍ രാമന്റെ മനസ്സില്‍ തോന്നിയ വികാരവിചാരങ്ങള്‍ വാല്‍മീകി എഴുതിയിട്ടില്ലേ? രാമനു കൈകേയിയോട്, ഭരതനോട്, ദശരഥനോടു തന്നെയും തോന്നിയതെന്തൊക്കെയെന്ന് രാമായണം സാക്ഷ്യപ്പെടുത്തുന്നില്ലേ? അതിലൊക്കെയുള്ളത് വികാരവിചാരങ്ങള്‍ തന്നെയല്ലേ? വാല്‍മീകിക്കാകാം. മറ്റാര്‍ക്കും പാടില്ല എന്നാണോ?

വ്യാസന്റെ കാര്യത്തില്‍ ഇക്കാര്യങ്ങള്‍ കൃഷ്ണചൈതന്യ തന്റെ Krishna Betrayed എന്ന കൃതിയില്‍ അടയാളപ്പെടുത്തിവെച്ചിരിക്കുന്നു. വ്യാസനും വാല്‍മീകിയും എടുത്ത സ്വാതന്ത്ര്യത്തിന്റെ പതിനായിരത്തിലൊരംശം സ്വാതന്ത്ര്യം എടുക്കാന്‍ എനിക്ക് ആരുടെയും അനുവാദം വേണ്ട.

ഭക്തകവിയാണ് വി കെ ജി. ഗുരുവായൂരമ്പലനടയില്‍ നിന്നു വി കെ ജി പാടിയത് ഇതാണ്.
'വാകപ്പൂമൃദുമെയ്യുമെയ്യിലുരസുമ്പോള്‍ എന്റെ ഗോപീജന-
ശ്രീകമ്രസ്തന കുങ്കുമാങ്കിത മനസ്സോടുന്നു വല്ലേടവും'

ശ്യാമമാധവം എഴുതുമ്പോള്‍ ഭക്തകവി പറയുമ്പോലെയുള്ള മനസ്സിന്റെ ഓടല്‍ എനിക്കുണ്ടായിട്ടില്ല. മഹാകവി കാളിദാസനാണ് 'മദാലസ' എന്ന് സരസ്വതിയെ വിശേഷിപ്പിച്ചത്. ഞാന്‍ അതു ചെയ്തിട്ടില്ല. ആശാനാണ് ശ്രീരാമനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിസ്തരിച്ചത്.

'ചെളിയില്‍ പദമൂന്നിയെന്തിനോ
വെളിവായിക്കഴുകുന്നു രാഘവന്‍' എന്നൊക്കെ. ആ സ്വാതന്ത്ര്യവും ഞാന്‍ എടുത്തിട്ടില്ല. ഭാരതപര്യടനത്തിലും 'വാല്‍മീകിയുടെ രാമനി'ലും കുട്ടികൃഷ്ണമാരാര്‍ എടുത്ത സ്വാതന്ത്ര്യവും ഞാന്‍ എടുത്തിട്ടില്ല.

ഗീതഗോവിന്ദകാരന്‍ ആയ ജയദേവ കവിയുടെ വരികള്‍ ദിവസവും നടയ്ക്കുനിന്നു പാടുന്നുണ്ടല്ലൊ.
'ഗോപീപീനപയോധരമര്‍ദന
ചഞ്ചലകരയുഗശാലീ' എന്നൊക്കെ.

സംസ്‌കൃതമറിയാത്തതുകൊണ്ട് പലര്‍ക്കും ഇതിന്റെ അര്‍ത്ഥമറിയില്ല. ചങ്ങമ്പുഴ ഇതു പരിഭാഷപ്പെടുത്തിവെച്ചിട്ടുണ്ട് 'ദേവഗീത'യായി.
'ഗോപികമാരുടെ തടമുല തഴുകും...' എന്നു നീളുന്ന ആ വര്‍ണന. അത്തരം വര്‍ണനകളും രാസക്രീഡാ വിവരണവും ഒന്നും ഞാന്‍ നടത്തിയിട്ടില്ല. ഖണ്ഡേക്കര്‍ യയാതിയില്‍ എടുത്ത സ്വാതന്ത്ര്യമോ ശിവാജി സാവന്ത് കര്‍ണനില്‍ എടുത്ത സ്വാതന്ത്ര്യമോ ഞാന്‍ എടുത്തിട്ടില്ല.

എന്തിനധികം? എഴുത്തച്ഛന്‍ തന്നെയും കൃഷ്ണനെ  മുന്‍നിര്‍ത്തി ഇങ്ങനെ പറഞ്ഞല്ലോ.
'കൊല്ലിക്കയത്രേ നിനക്കു രസമെടോ'. ഞാന്‍ ആ വഴിക്കും പോയിട്ടില്ല.

അതുകൊണ്ട് വിനയപൂര്‍വം പറയട്ടെ. പ്രശ്‌നം കവിതയുടേതല്ല, കവിത വായിക്കാനുപയോഗിച്ച കണ്ണടയുടേതാണ്. കവിത ആവശ്യപ്പെടുന്നത് മറ്റൊരു പാരായണ രീതിയാണ്. രാഷ്ട്രീയത്തിന്റെ കാവിക്കണ്ണട മാറ്റിവെച്ചാലേ ആ പാരായണരീതി ഉരുത്തിരിഞ്ഞു കിട്ടു. മറിച്ചാണെങ്കില്‍ സര്‍ഗ്ഗാത്മക സാഹിത്യത്തിന്റെ അന്ത്യമാവുമുണ്ടാവുക. കാളിദാസന്‍ മുതല്‍ എഴുത്തച്ഛന്‍ വരെ, ആശാന്‍ മുതല്‍ എം ടി വരെ നാളെ നിരോധിക്കപ്പെടും. പുതുമുകുളങ്ങളൊന്നും ഉണ്ടാവുകയുമില്ല. അതു വേണോ?

ജനിമൃതികള്‍ക്കെല്ലാം അതീതരായി, മാനുഷിക വികാരവിചാരങ്ങള്‍ക്കെല്ലാം അതീതരായി വേണം പുരാണ പുരുഷന്മാരെ കാണേണ്ടത് എന്നു പറയുന്നവരോട് ഒന്നു ചോദിക്കട്ടെ. നിങ്ങള്‍ തന്നെയല്ലേ അവരില്‍ ചിലരുടെ ഭവനനിര്‍മാണ പ്രശ്‌നം മുന്‍നിര്‍ത്തി ഇക്കണ്ട കോലാഹലമെല്ലാം ഇവിടെയുണ്ടാക്കിയത്? നിങ്ങളുടെ ഈ ഇരു വാദങ്ങള്‍ എങ്ങെനെ പൊരുത്തപ്പെടും?

ഭക്തര്‍ എങ്ങനെയാവണമെന്ന് ഭവഗദ്ഗീത തന്നെ പറഞ്ഞുവെച്ചിട്ടുണ്ട്. ഗീതയുടെ പന്ത്രണ്ടാം അധ്യായത്തില്‍ 13 മുതല്‍ 20 വരെയുള്ള ശ്ലോകങ്ങളില്‍ ഭക്തന്റെ ലക്ഷണങ്ങളാണു പറയുന്നത്. ഏറ്റവും പ്രധാനം ഇതാണ്:

'അദ്വേഷ്ടാ സര്‍വ ഭൂതാനാം,
മൈത്ര:കരുണ ഏവച
നിര്‍മമാ നിരഹങ്കാര:
സമദുഃഖ സുഖക്ഷമീ
സന്തുഷ്ട: സതതം യോഗീ
യതാത്മാ ദൃഢനിശ്ചയ:
മയ്യര്‍പ്പിത മനോബുദ്ധിര്‍
യോ മദ്ഭക്ത സമേപ്രിയ'

(ഒന്നിനെയും ദ്വേഷിക്കാത്തവനും എല്ലാത്തിനും മിത്രമായിരിക്കുന്നവനും എല്ലാവരിലും ദയയുള്ളവനും സുഖദുഃഖങ്ങളില്‍ ഭാവഭേദമില്ലാത്തവനും എന്തും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നവനും എപ്പോഴും മനസ്സ് സന്തുഷ്ടമായിരിക്കുന്നവനും ആത്മനിയന്ത്രണമുള്ളവനും ഉറപ്പുള്ള നിശ്ചയമുള്ളവനുമായിരിക്കും ഭക്തന്‍)

ഗീതയുടെ ഈ നിര്‍വചനത്തില്‍നിന്ന് എത്ര അകലെയായിരിക്കും 'നിന്റെ തലയെടുക്കും' എന്ന് എനിക്ക് സന്ദേശമയച്ച ആ ആധുനിക ഭക്തന്‍!