കോട്ടയ്ക്കല്‍: വലിയ കവികള്‍ 'മഹാകവി'കള്‍ തന്നെ. എങ്കിലും നിബന്ധനകള്‍ പാലിച്ച് 'മഹാകാവ്യ'മെഴുതിയവരാണ് സാഹിത്യത്തില്‍ മഹാകവികള്‍. അങ്ങനെയൊരു മഹാകവി നമുക്കിടയിലുണ്ട്; മഞ്ചേരി അരുകിഴായയിലെ കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി. സാഹിത്യചരിത്രം രേഖപ്പെടുത്തിയ മഹാകവികളില്‍ ഒരാള്‍.

വിദ്വാന്‍ പി.ജി. നായരുടെ 'നളോദയം', കിളിമാനൂര്‍ രമാകാന്തന്റെ 'ഗുരുപഥം' എന്നീ കൃതികളോടെ അന്യംനിന്നുപോയി എന്നുകരുതിയ മഹാകാവ്യശാഖയെ 'വീരകേരളം' എന്ന മഹാകാവ്യമെഴുതി വീണ്ടെടുത്തത് ജാതവേദന്‍ നമ്പൂതിരിയാണ്. കേരളവര്‍മ പഴശ്ശിരാജയുടെ ചരിത്രം വര്‍ണിക്കുന്ന വീരകേരളം മഹാകാവ്യം 2012-ലാണ് പുറത്തിറങ്ങിയത്. അങ്ങനെ 21-ാം നൂറ്റാണ്ടിലെ ലക്ഷണമൊത്ത മഹാകവിയായി ഇദ്ദേഹം.

ശ്ലോകങ്ങള്‍ കേള്‍ക്കുന്നതിലും ചൊല്ലുന്നതിലും കുട്ടിക്കാലംമുതലേ തത്പരനായ ജാതവേദന്‍ 1970-ല്‍ ടി.ടി.സി. പാസായി അധ്യാപകനായി. ഇക്കാലത്തുതന്നെ ശ്ലോകമെഴുത്തും തുടങ്ങി. അഖിലകേരള അക്ഷരശ്ലോകപരിഷത്തിന്റെ മത്സരങ്ങളില്‍ അവതരണത്തിനുള്ള ചാക്കോള സുവര്‍ണമുദ്രയും ഏകാക്ഷരത്തിനുള്ള ഫാഷന്‍ ട്രോഫിയും നേടി. ഒറ്റശ്ലോകങ്ങള്‍ എഴുതുന്നതിലാണ് ജാതവേദന് ഏറെ കമ്പം.

ശ്രദ്ധേയമായ ഖണ്ഡകാവ്യങ്ങളും എഴുതിയിട്ടുണ്ട്. പുഴകണ്ട കുട്ടി, ദിവ്യഗായകന്‍, ദുശ്ശള, ഗളിതവിഭവശ്ചാര്‍ത്ഥിഷു, അനര്‍ഘനിമിഷങ്ങള്‍, തച്ചോളിച്ചന്തു തുടങ്ങിയവ അവയില്‍ച്ചിലത്. ഭര്‍തൃഹരിയുടെ 'ശതകത്രയ'വും മേല്‍പ്പുത്തൂരിന്റെ 'ശ്രീപാദസപ്തതി'യും അതേ വൃത്തങ്ങളില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 2007 മാര്‍ച്ചില്‍ പ്രഥമാധ്യാപകനായി വിരമിച്ചു. തപസ്യ എന്ന പേരില്‍ ഇതുവരെയുള്ള കൃതികളെല്ലാം സമാഹരിച്ചു.

1951 ഓഗസ്റ്റ് 24-നു ജനിച്ച ജാതവേദന് ചൊവ്വാഴ്ച 70 വയസ്സാകും. എന്നാല്‍ നാളനുസരിച്ച് പിറന്നാള്‍ സെപ്റ്റംബര്‍ 12-നാണ്. ഔപചാരികമായ സപ്തതി ആഘോഷം 12-നാണ്. കൈതയ്ക്കല്‍മനയില്‍ ചെറിയ ചടങ്ങായി ഇതുനടക്കും.

ഇരിങ്ങാലക്കുടയിലെ സൗപര്‍ണിക ഓണ്‍ലൈന്‍ സാഹിത്യക്കൂട്ടായ്മ വിപുലമായ പരിപാടികളോടെ പിറന്നാള്‍ ആഘോഷിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വര്‍ധിച്ച സാഹചര്യത്തില്‍ വേണ്ടെന്നുവെച്ചു. വി.എം. പത്മജയാണ് ഭാര്യ. മക്കള്‍: കെ.ജെ. അരുണ്‍, കെ.ജെ. കിരണ്‍.

Content Highlights: Poet Kaithakkal Jathavedan Namboothiri 70 th Birth day