കൊച്ചി: മഹാകവിയുടെ 121-ാം ജന്മദിനത്തിലും ജി. സ്മാരകം കടലാസില്‍ത്തന്നെ. വ്യാഴാഴ്ചയാണ് മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ജന്മദിനം. രണ്ടു പതിറ്റാണ്ടായി നഗരം ചര്‍ച്ച ചെയ്യുന്ന ജി. സ്മാരകം നഗരത്തില്‍ ഇനിയും സ്ഥാപിക്കാനായിട്ടില്ല. പുതിയ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ വന്ന ശേഷം മറൈന്‍ ഡ്രൈവില്‍ സര്‍ക്കാര്‍ അനുവദിച്ച 25 സെന്റ് സ്ഥലം അളന്നുതിരിച്ച് പുതിയൊരു തുടക്കമിട്ടെങ്കിലും പിന്നെ മുന്നോട്ടു പോയിട്ടില്ല. കഴിഞ്ഞ കൗണ്‍സില്‍ കാലത്തും ഇതുപോലെ സ്ഥലം വെട്ടിത്തെളിക്കല്‍ നടന്നെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നില്ല. പുതിയ കൗണ്‍സില്‍ സ്മാരകം നിര്‍മിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആദ്യംതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, നിര്‍മാണം തുടങ്ങുന്നതിലേക്ക് ഇനിയും കാര്യങ്ങള്‍ എത്തിയിട്ടില്ല. ജനകീയാസൂത്രണ പദ്ധതിയിലും കൊച്ചി നഗരസഭാ ബജറ്റിലുമെല്ലാം പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അതിന്റെ ഗുണം ഉണ്ടായിട്ടില്ല.

പദ്ധതിക്കായി പണം കണ്ടെത്താന്‍ നഗരസഭയ്ക്ക് വിഷമമില്ല. ജനകീയാസൂത്രണ ഫണ്ടും തനതു ഫണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ സെന്‍ട്രല്‍ സിറ്റിയില്‍ വരുന്ന പദ്ധതി എന്നതിനാല്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്മാര്‍ട്ട് സിറ്റിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇതു സംബന്ധിച്ച് സ്മാര്‍ട്ട് സിറ്റി അധികൃതരുമായി നഗരസഭയ്ക്ക് ചര്‍ച്ചകള്‍ നടത്താനാകും. ജി. സ്മാരകത്തിനായി മാറ്റിവെച്ചിട്ടുള്ള സ്ഥലത്തിനു മുന്നിലൂടെയുള്ള റോഡ് ഇപ്പോള്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തിയായി വരികയാണ്. സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെടുത്തി നഗരസഭ നഗരത്തിലെ പല റോഡുകളുടെ പുനരുദ്ധാരണത്തിനൊപ്പം ഓപ്പണ്‍ സ്‌പേസുകള്‍ വികസിപ്പിച്ചെടുക്കാനും സാധിച്ചിട്ടുണ്ട്. അത്തരത്തില്‍ ജി. സ്മാരകവും സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചേക്കും. സ്മാര്‍ട്ട് സിറ്റിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാതെ കിടക്കുന്ന പദ്ധതികളുടെ ഫണ്ട് ഇതിനായി വകമാറ്റി ഉപയോഗിക്കാന്‍ സാധിക്കുമോ എന്നും പരിശോധിക്കേണ്ടതുണ്ട്.

കൊച്ചി നഗരസഭയുടെ കീഴില്‍ നടപ്പാക്കുന്ന കേന്ദ്ര പദ്ധതിയായ 'അമൃതി'ല്‍ ജി. സ്മാരക നിര്‍മാണം കൂടി ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്നും പരിശോധിക്കണം. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒട്ടേറെ പദ്ധതികള്‍ കൊച്ചി നഗരത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പദ്ധതി കാലയളവ് പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ ജി. സ്മാരകം കൂടി അതിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞേക്കും. ഇതിനായി സംസ്ഥാനതല സമിതിയുടെ അംഗീകാരം വാങ്ങിയാല്‍ മതിയാവും.

നിര്‍മാണം വേഗത്തിലാക്കും

ജി. സ്മാരക നിര്‍മാണം സ്മാര്‍ട്ട് സിറ്റി, അമൃത് പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കും. സ്മാരകത്തിനായി പ്ലാന്‍ അടക്കമുള്ള എല്ലാ കാര്യങ്ങളും റെഡിയാണ്. പദ്ധതി മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പും കൊറോണയുടെ രണ്ടാം തരംഗവും വന്നത്. ഇനി വേഗത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി പോകാന്‍ സാധിക്കും. മംഗളവനത്തിന്റെ ബഫര്‍ സോണ്‍ മേഖലയ്ക്ക് അടുത്താണ് ജി. സ്മാരകത്തിനായി ഭൂമി നീക്കിവെച്ചിരിക്കുന്നത്. അതിനാല്‍, വലിയ നിര്‍മാണങ്ങള്‍ അസാധ്യമാണ്. അതിന് ഉതകുന്ന വിധത്തിലുള്ള പ്ലാനാണ് തയ്യാറാക്കിയിട്ടുള്ളത്.

- എം. അനില്‍കുമാര്‍, മേയര്‍

Content Highlights: Poet G Sankara Kurup memorial