ഫോൺകോളിലൂടെ തന്റെ സീരിയൽ പ്രവർത്തനത്തോടുള്ള അമർഷവും പുച്ഛവും പ്രകടമാക്കിയ അപരിചിതനായ വ്യക്തിയോട് കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് പറയാനുള്ളത്...

"ഇന്നലെ പാതിരായ്ക്ക് സീരിയൽപണി കഴിഞ്ഞ് അവശനായി മുറിയിൽ വന്നു കിടക്കുമ്പോൾ ഒരു അപരിചിതന്റെ ഫോൺകാൾ. ഗൾഫിൽനിന്ന് ഒരു കാവ്യാസ്വാദകനാണ്. അദ്ദേഹത്തിനു വലിയ ധാർമ്മികരോഷം. ഞാൻ കവിത എഴുതാതെ സീരിയലിൽ അഭിനയിക്കുന്നതിൽ. എന്റെ അധ:പതനത്തിൽ അമർഷം. പുച്ഛം.

പതിവിനു വിപരീതമായി വിനയപൂർവം ഞാൻ പറഞ്ഞു:

ഞാൻ എല്ലാ മലയാളികളുടെയും കവി അല്ല. എന്റെ സമാനഹൃദയരായ കുറച്ചുപേരുടെ മാത്രം കവിയാണ്. ഞാൻ കവിത എഴുതേണ്ടതും അവർ വായിക്കേണ്ടതും എന്റെ മാത്രം ആവശ്യമാണ്. ഞാൻ എഴുതിയില്ല എന്നുകരുതി ആർക്കും ഒരു നഷ്ടവുമില്ല. എന്നേക്കാൾ എത്രയോ നന്നായി കവിതയെഴുതുന്ന പതിനായിരക്കണക്കിനു കവികളാണ് കേരളത്തിലുള്ളത്. ഭരണകൂടം നടത്തുന്ന സാഹിത്യ അക്കാദമിയിൽനിന്ന് ജനങ്ങളുടെ നികുതിപ്പണം അവാർഡായി കൈപ്പറ്റുന്ന ഉന്നതരായ കവികളും ഇഷ്ടംപോലെ എഴുതുന്നുണ്ടല്ലൊ. അതിനാൽ വായനക്കാർക്ക് കവിതാദാരിദ്ര്യം ഒട്ടുമില്ല. മാത്രമല്ല. ഞാനൊരു പഴയ കവിയാണ്. എന്റെ  ഭാവുകത്വം വളരെ പഴയതാണ്.  ലോകത്തിന് ഏറ്റവും പുതിയതാണല്ലോ വേണ്ടത്. എന്റെ കയ്യിൽ പുതിയതൊന്നും ഇല്ല.

താങ്കൾ എന്തിനാണോ നാട്ടിൽ നിന്ന് അനീതികളോടു പൊരുതാതെ ഗൾഫിൽപോയി ജോലി ചെയ്യുന്നത്, അതേ കാര്യത്തിനാണ് ഞാൻ സീരിയലിൽ പണിയെടുക്കുന്നത്. എന്റെ ജീവിതാവശ്യങ്ങൾ നിറവേറ്റാൻ നാട്ടുകാരോടും സർക്കാരിനോടും യാചിക്കേണ്ട അവസ്ഥ ഉണ്ടാവരുതെന്ന്  ഞാൻ ആഗ്രഹിക്കുന്നു.

ഈ വസ്തുതകൾ മനസ്സിലാക്കി തൽക്കാലം ഒന്നടങ്ങാൻ അപേക്ഷിക്കുന്നു. എനിക്കിനി അധികകാലം ഇല്ലല്ലൊ. അല്പംകൂടി ക്ഷമിക്കു".

-ബാലചന്ദ്രൻ ചുള്ളിക്കാട്

 

Content Highlights: Poet Balachandran Chullikkadu responds to a phone call