ലോകപ്രശസ്ത ഫാഷന്‍ മാഗസിന്‍ വോഗിന്റെ കവര്‍ചിത്രമായി എഴുത്തുകാരി അമാന്‍ഡ ഗോര്‍മന്‍. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ കവിത ചൊല്ലിയും ഈ 22 കാരി ലോകശ്രദ്ധയിലെത്തിയിരുന്നു. 

വോഗിന്റെ മെയ് മാസത്തെ ലക്കത്തിലാണ് രണ്ട് വ്യത്യസ്ത കവറുകളിലായി അമാന്‍ഡ ഇടം പിടിച്ചത്. നേരത്തെ ടൈം മാഗസിന്റെ കവറിലും അമാന്‍ഡയുടെ ചിത്രം വന്നിരുന്നു. ആനി ലെയ്‌ബോവിറ്റ് എന്ന ഫോട്ടോഗ്രാഫറാണ് വോഗിനായി അമാന്‍ഡയുടെ ഫോട്ടോ എടുത്തത്.

കാലിഫോര്‍ണിയയിലെ ദരിദ്രമായ ചുറ്റുപാടില്‍ പ്രതിസന്ധികളെ തരണം ചെയ്താണ് അമാന്‍ഡ അമ്മയോടൊപ്പം ജീവിച്ചത്. അപ്രതീക്ഷിതമായാണ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ കവിത അവതരിപ്പിക്കാന്‍ അമാന്‍ഡയ്ക്ക് ക്ഷണം ലഭിക്കുന്നത്. ഇതിന് മുന്‍പ് വളരെ മുതിര്‍ന്ന എഴുത്തുകാര്‍ക്ക് മാത്രമേ ഇതിനുള്ള അവസരം ലഭിച്ചിരുന്നുള്ളു. 

അമ്മയുടെ മാത്രം തണലില്‍ വളര്‍ന്ന, അടിമകളുടെ പിന്‍തലമുറക്കാരിയായ കറുത്ത മെലിഞ്ഞ പെണ്‍കുട്ടിയ്ക്ക് സ്വപ്നത്തില്‍ മാത്രം ആഗ്രഹിക്കാവുന്ന ഒന്നാണ് പ്രസിഡന്റ് പദവിയെന്നും, തന്റെ കവിതയിലൂടെ ആ സ്വപ്നം പങ്കു വെക്കുകയാണെന്നും ശക്തമായ വരികള്‍ക്കിടയില്‍ അമാന്‍ഡ ഗോര്‍മാന്‍ കുറിച്ചു. പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന വിശേഷാവസരത്തിനായി അമാന്‍ഡ രചിച്ച 'നാം കയറുന്ന കുന്ന്' (The Hill We Climb) എന്ന കവിതയിലെ ആ വരികളുള്‍പ്പെടെ ചൊല്ലി ഈ ഇരുപത്തിരണ്ടുകാരി നടന്നു കയറിയത് ചരിത്രത്തിലേക്കാണ്. 

അവസരോചിതവും വിവേകപൂര്‍ണവുമായ രചനയിലൂടേയും മനോഹരമായ അവതരണത്തിലൂടെയും ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി അമേരിക്കയിലെ യുവകവികളില്‍ ഏറ്റവും ശ്രദ്ധേയായ അമാന്‍ഡ. തന്റെ കവിതയിലൂടെ അധ്വാനത്തിന്റെ പ്രാധാന്യവും അതിജീവനത്തിന്റെ ആഹ്ളാദവും അമാന്‍ഡ പങ്കു വെച്ചു.

ആലാപനത്തിന്റെ തീക്ഷ്ണത കൊണ്ടും ശക്തമായ വരികളാലും ലോകത്തെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയം കീഴടക്കി അമാന്‍ഡ. കൃത്യമായ നിലപാടുകള്‍ കൊണ്ടും അമാന്‍ഡ പിന്നീടും ശ്രദ്ധിക്കപ്പെട്ടു. വംശീയതയും സ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളും അമാന്‍ഡയുടെ കവിതകളില്‍ നിറഞ്ഞു. അമേരിക്കയിലെ കറുത്ത വംശജരുടെ പൊള്ളുന്ന ജീവിതങ്ങളും കവിതകള്‍ക്ക് കാരണമായി.

2015 ല്‍ പ്രസിദ്ധീകരിച്ച ദ് വണ്‍ ഫോര്‍ ഹും ഫുഡ് ഈസ് നോട്ട് ഇനഫ് എന്ന കവിതാ സമാഹാരമാണ് അദ്യത്തെ പുസ്തകം. സത്യപ്രതിജ്ഞയില്‍ ദി ഹില്‍ വി ക്ലൈംബ് എന്ന കവിത ജനഹൃദയങ്ങളുടെ മനം കവര്‍ന്നു. പിന്നീട് പ്രസിദ്ധീകരിച്ച രണ്ട് കവിതാ സമാഹാരങ്ങളും ബെസ്റ്റ് സെല്ലറുകളായി.

Content Highlights: Poet Amanda Gorman featured on the cover of Vogue