കോഴിക്കോട്: 'ഇന്നലെ രാത്രി ദമയന്തി എന്റെ അടുത്ത് വന്നു. നീണ്ടമുടിയഴകും മെലിഞ്ഞ മേനിയഴകും വട്ടമിഴികള്‍ക്കും അധരങ്ങള്‍ക്കും ചുറ്റും സങ്കടപ്പാടുകളുടെ കറുത്തചായങ്ങളും കഠിനമായി കലര്‍ന്ന സര്‍പ്പസുന്ദരിയായിരുന്നു അവള്‍! അവള്‍ കിതച്ചും കരഞ്ഞും കൊണ്ടും പറഞ്ഞു: ''നിങ്ങള്‍ നാടകമെഴുത്തുകാരന്‍ ഇവിടെ മരണത്തോട് കഥപറഞ്ഞ് മല്ലടിക്കുന്നു! നിങ്ങള്‍ അപൂര്‍ണമാക്കിയ നാടകം അവിടെ അനാഥമായി കിടക്കുന്നു. അപൂര്‍ണവും അനാഥവുമായ ആ നാടകത്തിലെ കഥാപാത്രമാണ് ഞാന്‍. നിങ്ങള്‍ അപൂര്‍ണമായി ഉപേക്ഷിച്ച എന്റെ ജീവിതം എന്താണ് ഞാന്‍ ചെയ്യേണ്ടത്? എന്റെ ജീവിതാന്ത്യം എന്താണ്? നിങ്ങള്‍തന്നെ ഉത്തരം പറയണം.''

രക്താര്‍ബുദവാര്‍ഡില്‍ കിടന്നുകൊണ്ട് അഞ്ചുനാള്‍ മുമ്പ് എ. ശാന്തകുമാര്‍ എന്ന നാടകകൃത്ത് ഫെയ്‌സ് ബുക്കില്‍ കുറിച്ചതാണ് ഈ വരികള്‍. ആശുപത്രിക്കിടക്കയിലും നാടകമായിരുന്നു ശാന്തന്റെ ഉള്ളുനിറയെ. സൗഹൃദങ്ങളും നാടകങ്ങളുമാണ് ഈ മനുഷ്യനെ ജീവിപ്പിച്ചത്.

അവസാനത്തെ നാടകത്തിലെ, പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്താനാവാതെ പോയ കഥാപാത്രമാണ് ദമയന്തി. അരങ്ങിലെത്താനാവാത്ത കഥാപാത്രം നാടകകൃത്തിനോട് പരാതി പറയുന്ന മായക്കാഴ്ചയെക്കുറിച്ചുള്ള വിവരണം വായിക്കാന്‍ ശാന്തന്റെ പേജിലേക്കു വീണ്ടും വീണ്ടും പോവുകയാണിപ്പോള്‍ കോഴിക്കോടന്‍ കാണികള്‍.

അഞ്ചുവര്‍ഷം മുമ്പ് പിടികൂടിയ രക്താര്‍ബുദത്തെ രണ്ടുവര്‍ഷത്തിനകം കീഴടക്കിക്കൊണ്ട് നാടകങ്ങളിലൂടെ വീണ്ടും അരങ്ങില്‍ തെളിയുകയായിരുന്നു ശാന്തന്‍. കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ഥിജീവിതകാലം മുതല്‍ എന്തിനും ഒപ്പമുള്ള സൗഹൃദങ്ങളായിരുന്നു എന്നും അദ്ദേഹത്തിന്റെ ബലം. അവിടെ ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയായിരുന്നു ശാന്തകുമാര്‍. രാഷ്ട്രീയം നോക്കാതെ എല്ലാവരുടെയും വോട്ടുനേടി ജയിച്ച സ്ഥാനാര്‍ഥി. 'ശാന്തന്‍' എന്നു കൂട്ടുകാര്‍ക്കിടയില്‍ വിളിപ്പേരുള്ള ആ ചെറുപ്പക്കാരനെ അത്രമേല്‍ ഇഷ്ടമായിരുന്നു എല്ലാവര്‍ക്കും. രോഗം വന്നപ്പോഴും അവര്‍ ഒപ്പം നിന്നു. ചികിത്സാസഹായം നല്‍കി ചങ്ങാതിയെ ജീവിതത്തിലേക്കും നാടകത്തിലേക്കും വീണ്ടും കൊണ്ടുവരാന്‍ ആവതുശ്രമിച്ചു.

എന്നാല്‍, ഒന്നു പിന്‍വാങ്ങിനിന്ന രോഗം വീണ്ടും അദ്ദേഹത്തെ കീഴ്പ്പെടുത്തി. കോഴിക്കോട് ടൗണ്‍ഹാളില്‍ 2019 സെപ്റ്റംബര്‍ 26-ന് അരങ്ങേറിയ 'ഗുളികനും കുന്തോലനും' ആണ് ശാന്തകുമാര്‍ സംവിധാനം ചെയ്ത് അരങ്ങിലെത്തിയ അവസാന നാടകം. അതുകാണാന്‍ ടൗണ്‍ഹാള്‍ നിറഞ്ഞുകവിഞ്ഞ് കാണികളെത്തിയതിന്റെ ഓര്‍മ ആ നാടകത്തിന്റെ രചയിതാവായ രാധാകൃഷ്ണന്‍ പേരാമ്പ്ര പങ്കിടുന്നു. ലൈംഗികത്തൊഴിലാളികള്‍ക്കു വേണ്ടി രചനയും സംവിധാനവും നിര്‍വഹിച്ച 'ഒറ്റ രാത്രിയുടെ കാമുകിമാര്‍', സ്വവര്‍ഗാനുരാഗികള്‍ക്കുവേണ്ടി രചിച്ച 'അവസാനചുംബനം' എന്നീ നാടകങ്ങള്‍ ശ്രദ്ധേയമാണ്. അരയ്ക്കു കീഴെ തളര്‍ന്ന, ജയന്‍ എന്ന നാടക നടനുവേണ്ടി രചനയും സംവിധാനവും നിര്‍വഹിച്ച 'മരം പെയ്യുന്നു' എന്ന നാടകവും കേരളത്തിനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

1995 മുതല്‍ 2000 വരെ കുരുവട്ടൂര്‍ ഗ്രാമപ്പഞ്ചായത്തംഗമായിരുന്നു ശാന്തകുമാര്‍. നാടകവും രാഷ്ട്രീയവും വെവ്വേറെയായിരുന്നില്ല അദ്ദേഹത്തിന്. നാടകം കൊണ്ടുമാത്രമേ ജീവിക്കൂ എന്ന ദൃഢനിശ്ചയമെടുത്ത് കോളേജ് വിട്ട ശാന്തകുമാര്‍ സര്‍വകലാശാലാ ഇന്റര്‍സോണ്‍ മത്സരങ്ങള്‍ക്ക് ഒട്ടേറെ കോളേജുകള്‍ക്കായി നാടകങ്ങളൊരുക്കി. നാടകരംഗത്തെ സമഗ്രസംഭാവനയ്ക്ക് നിലമ്പൂര്‍ ബാലന്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി എന്‍ഡോവ്മെന്റ് അവാര്‍ഡ്, ബാങ്ക്മെന്‍സ് സംസ്ഥാന അവാര്‍ഡ്, തോപ്പില്‍ ഭാസി അവാര്‍ഡ്, ബാലന്‍ കെ. നായര്‍ അവാര്‍ഡ്, അറ്റ്ലസ് കൈരളി അവാര്‍ഡ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, ബഹറൈന്‍ നാടകവേദിയുടെ ഭരത് മുരളി അവാര്‍ഡ്, പവനന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് തുടങ്ങിയവ ഉള്‍പ്പെടെ അമ്പതിലേറെ പുരസ്‌കാരങ്ങള്‍ ഇതിനിടെ തേടിയെത്തി .

'സ്വപ്നവേട്ട' എന്ന നാടകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഡ്രീം ഹണ്ട് എന്ന പേരില്‍ ഓക്‌സ്ഫഡ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ചു. ഇത് കേരള, കാലിക്കറ്റ് സര്‍വകലാശാലകളില്‍ ഇംഗ്ലീഷ് വിദ്യാര്‍ഥികളുടെ പഠന വിഷയവുമായി. കാക്കക്കിനാവ് എന്ന നാടകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഇന്ത്യന്‍ ലിറ്ററേച്ചര്‍ പ്രസിദ്ധീകരിച്ചു. ഈ നാടകം കേന്ദ്ര സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലെ പഠന വിഷയമായി.

രോഗം വേട്ടയാടുന്നതിനിടയിലും നാടകത്തിന്റെ അരങ്ങുകള്‍ സ്വപ്നം കണ്ട കലാകാരന്‍ ഒടുവില്‍ മടങ്ങുന്നു, കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് വിട്ടുകൊടുത്തുകൊണ്ട്..

Content Highlights: Playwright A Shanthakumar passes away