തിരുവനന്തപുരം: കവി ഒ.എന്‍.വി. കുറുപ്പിന്റെ രാഷ്ട്രീയജീവിതം തുറന്നുപറഞ്ഞ് മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായ പിരപ്പന്‍കോട് മുരളിയുടെ പുസ്തകം. സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങളും 'രാഷ്ട്രീയച്ചതി'കളും ചേര്‍ത്തുവെച്ചാണ് ഒ.എന്‍.വി. എന്ന കമ്യൂണിസ്റ്റുകാരന്റെ ജീവിതം 'എന്റെ ഒ.എന്‍.വി.' എന്നപേരില്‍ അവതരിപ്പിക്കുന്നത്. വി.എസ്. അച്യുതാനന്ദനൊപ്പം ചേര്‍ന്നുനിന്ന സാംസ്‌കാരിക പാര്‍ട്ടി കേഡറായി ഒ.എന്‍.വി. പലഘട്ടത്തിലും ഇതില്‍ മാറുന്നു. വി.എസിന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചപ്പോള്‍ ക്ഷോഭം തോന്നുകയും സ്ഥാനാര്‍ഥിത്വം നല്‍കിയപ്പോള്‍ പിന്തുണയ്ക്കാന്‍ പാര്‍ട്ടിപോലുമറിയാതെ മലമ്പുഴയിലെത്തുകയും ചെയ്തതും ഇതില്‍ വിവരിക്കുന്നു.

1996-ല്‍ മുന്നണിയെ നയിക്കാന്‍ സംഘടനാരംഗത്തുനിന്ന് തിരഞ്ഞെടുപ്പുരംഗത്തേക്ക് വി.എസിനെ കൊണ്ടുവരികയും പാര്‍ട്ടി തോറ്റിട്ടില്ലാത്ത ആലപ്പുഴയിലെ മാരാരിക്കുളത്ത് നിര്‍ത്തി പരാജയപ്പെടുത്തുകയും ചെയ്തിടത്താണ് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ ചതിയുടെ ചരിത്രം ആരംഭിക്കുന്നതെന്നാണ് പിരപ്പന്‍കോടിന്റെ വാക്കുകള്‍. 2001-ല്‍ വി.എസ്. പ്രതിപക്ഷനേതാവായി. പ്രതിലോമകാരികള്‍ക്കും അച്ചടക്ക വ്യാകരണം നിരത്തി പരിശോധന നടത്തുന്നവര്‍ക്കും തലവേദനയായി. അവര്‍ക്ക് വി.എസിനെ ചവിട്ടിത്താഴ്ത്താന്‍ കിട്ടിയ അവസരമായിരുന്നു 2006-ലെ പൊതുതിരഞ്ഞെടുപ്പ്. അങ്ങനെ വി.എസിനെ ഒഴിവാക്കി പാര്‍ട്ടി സ്ഥാനാര്‍ഥിപ്പട്ടികവന്നു.

ചരിത്രത്തിലാദ്യമായി പൊളിറ്റ് ബ്യൂറോ തീരുമാനത്തിനെതിരേ കേരളത്തിലെ പാര്‍ട്ടി ഓഫീസുകള്‍ക്കുമുന്നില്‍ ജനകീയക്ഷോഭം ഉരുള്‍പൊട്ടി. പി.ബി. തെറ്റുതിരുത്തി. വി.എസ്. മലമ്പുഴയില്‍ സ്ഥാനാര്‍ഥിയായി. ഈ സമയം ഏറെ ഉത്കണ്ഠയും മനഃക്ഷോഭവും ഉള്ളിലടക്കിനടന്ന ആളായിരുന്നു ഒ.എന്‍.വി. പ്രഖ്യാപനം വന്നയുടന്‍ ഒ.എന്‍.വി. വിളിച്ചുപറഞ്ഞു: ''മുരളീ നമുക്ക് മലമ്പുഴയില്‍ പോകണം. തിരഞ്ഞെടുപ്പ് ഉദ്ഘാടനത്തിനുതന്നെ എത്തണം. ആരുടെയും സഹായം നമുക്കുവേണ്ടാ. നമ്മുടെ ചെലവില്‍ പോകാം''. പ്രചാരണപരിപാടിയുടെ ഉദ്ഘാടനവേദിയില്‍ ഒ.എന്‍.വി. ഇരുന്നു. ഏതാനും നിമിഷം കഴിഞ്ഞപ്പോള്‍ ഉദ്ഘാടകനായ പ്രകാശ് കാരാട്ടെത്തി. ഒ.എന്‍.വി.യോട് കുശലം പറഞ്ഞശേഷം എന്നോട് ചോദിച്ചു. 'പുള്ളിക്കാരന്‍ നമ്മുടെ കൂടെത്തന്നെയല്ലേയെന്ന്' -ആ സംഭവം ഓര്‍ത്ത് പിരപ്പന്‍കോട് വിവരിക്കുന്നു.

പി.കെ.വി.യും നായനാരും ടി.കെ. രാമകൃഷ്ണനുമെല്ലാം ആവശ്യപ്പെട്ടിട്ടും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ ഒ.എന്‍.വി. തയ്യാറായിരുന്നില്ല. വി.എസിന്റെ ആവശ്യമാണ് നിഷേധിക്കാനാകാത്തവിധം അദ്ദേഹം സ്വീകരിച്ചത്. ഒ.എന്‍.വി.യെ സി.പി.ഐ. ബുദ്ധിജീവിയായി ചിത്രീകരിക്കാന്‍ സി.പി.എമ്മിനുള്ളില്‍ ശ്രമംനടന്നതും പുസ്തകത്തില്‍ പറയുന്നു. മൂന്ന് ഭാഗങ്ങളായി ഒ.എന്‍.വി.യുടെ സംസ്‌കാരിക-സാഹിത്യ-രാഷ്ട്രീയ ജീവിതവും ഒട്ടേറെ രാഷ്ട്രീയസംഭവങ്ങളും പുസ്തകത്തിലുണ്ട്.

Content Highlights: Pirappancode Murali, onv