ഏതന്‍സ്: വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഷ്ടിക്കപ്പെട്ട ഇതിഹാസ ചിത്രകാരന്‍ പാബ്ലോ പിക്കാസോയുടെ അപൂര്‍വ ചിത്രം കണ്ടെത്തി. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏതന്‍സ് നാഷണല്‍ ഗ്യാലറിയില്‍ നടന്ന മോഷണത്തിനിടെ നഷ്ടപ്പെട്ട വുമണ്‍സ് ഹെഡ് എന്ന ചിത്രമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. 

ഡച്ച് ചിത്രകാരനായ പീറ്റ് മൊന്‍ഡ്രൈനിന്റെ വിന്‍ഡ് മില്‍ എന്ന ചിത്രവും ഇതിനോടൊപ്പം കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ട് ചിത്രങ്ങള്‍ ഉള്‍പ്പടെ മൂന്ന് ചിത്രങ്ങളാണ് 2012-ല്‍ ഏതന്‍സ് നാഷണല്‍ ഗ്യാലറിയില്‍ നടന്ന മോഷണത്തിനിടെ നഷ്ടമായത്. ഈ ചിത്രങ്ങള്‍ അവയുടെ ഫ്രെയിമുകളില്‍നിന്ന് വേര്‍പെടുത്തിയാണ് മോഷ്ടിക്കപ്പെട്ടിരുന്നത്. മൂന്നാമത്തെ ചിത്രം മോഷ്ടാക്കള്‍ ഉപേക്ഷിച്ച നിലയില്‍ പോലീസ് പിന്നീട്‌ കണ്ടെത്തിയിരുന്നു.

വലിയ സുരക്ഷ സംവിധാനങ്ങള്‍ ഉണ്ടായിരുന്ന മ്യൂസിയത്തില്‍ സുരക്ഷ ജീവിനക്കാരെ മറികടന്ന് കേവലം ഏഴ് മിനുട്ട് കൊണ്ടാണ് മോഷ്ടാക്കള്‍ ചിത്രങ്ങളുമായി കടന്നത്. സംഭവം ആഗോള തലത്തില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. വലിയ അന്വേഷണങ്ങള്‍ ഒക്കെ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ചിത്രങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ ചിത്രങ്ങള്‍ രണ്ടും രാജ്യത്ത് തന്നെ ഉണ്ട് എന്ന് തങ്ങള്‍ വിശ്വസിക്കുന്നതായി മാസങ്ങള്‍ക്ക് മുന്‍പ് ഗ്രീക്ക് പോലീസ് വ്യക്തമാക്കിയിരുന്നു. 

1949-ല്‍ പിക്കാസോ തന്നെ നാഷണല്‍ ഗ്യാലറിക്ക് സമ്മാനിച്ചതാണ് ചിത്രം. അതിനും പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരച്ച ചിത്രത്തില്‍ പിക്കാസോയുടെ ഒപ്പും രേഖപ്പെടുത്തിയിട്ടുണ്ട്. നാസികള്‍ക്കെതിരായ ഗ്രീക്ക് ജനതയുടെ ചെറുത്തുനില്‍പ്പിനോടുള്ള ബഹുമാന സൂചകമായാണ് താന്‍ ഈ ചിത്രം സമ്മാനിക്കുന്നതെന്നും പിക്കാസോ അന്ന് പറഞ്ഞിരുന്നു.

 Content Highlights: Picasso painting found in Athens years after gallery heist