പതിറ്റാണ്ടുകളോളം വയലാര്‍ ട്രസ്റ്റിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും വയലാര്‍ അവാര്‍ഡിനെ മലയാളത്തിന്റെ ജ്ഞാനപീഠം എന്നു വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഔന്നത്യത്തിലേക്ക്‌ ഉയര്‍ത്തുകയും ചെയ്ത സി..വി ത്രിവിക്രമനെ പെരുമ്പടവം ശ്രീധരന്‍ അനുസ്മരിക്കുന്നു.

ലയാളിയുടെ മനസ്സില്‍നിന്ന് അകന്നുപൊയ്ക്കൊണ്ടിരുന്ന കവിതയെ തന്റെ ഗന്ധര്‍വസംഗീതത്താല്‍ തിരികെയെത്തിച്ച് പൂമുഖത്തിരുത്തിയ വയലാര്‍ രാമവര്‍മ അനശ്വരതയിലേക്കു മടങ്ങിയത് വളരെ പെട്ടെന്നായിരുന്നു.

വയലാര്‍ കവിതയുടെ യശസ്സുകാല-ദേശാതീതമായപ്പോള്‍ അതിന് ആദരമേകി വയലാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തി. മലയാളത്തിന്റെ ജ്ഞാനപീഠം എന്ന് മലയാളികള്‍ അതിനെ വിളിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രൗഢമായ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായി അത് പ്രകീര്‍ത്തിക്കപ്പെട്ടു.

ഇന്ത്യയിലെ മറ്റു ഭാഷകളിലെ എഴുത്തുകാര്‍ ആദരവോടെ വയലാര്‍ അവാര്‍ഡിനെക്കുറിച്ച് പറയുന്നതുകേള്‍ക്കുമ്പോള്‍ അഭിമാനത്താല്‍ കോരിത്തരിച്ചുപോയിട്ടുണ്ട്. വയലാര്‍ അവാര്‍ഡിന്റെ ശക്തിപീഠം സി.വി.ത്രിവിക്രമനായിരുന്നു. ആരംഭംതൊട്ട് അതിന്റെ യശസ്സ് ആകാശത്തോളം ഉയര്‍ന്നുനിന്നു.

അവാര്‍ഡ് നിര്‍ണയത്തിനു പിന്നിലെ സത്യസന്ധത അതിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചു. സാഹിത്യ-കലാരംഗങ്ങളിലെ പ്രമുഖരുടെ പങ്കാളിത്തം വയലാര്‍ അവാര്‍ഡ് നിര്‍ണയത്തിന് ആധികാരികത നല്‍കി. വയലാര്‍ രാമവര്‍മ ട്രസ്റ്റിന്റെ സെക്രട്ടറി എന്നനിലയില്‍ നാലര ദശകക്കാലം ഒരാക്ഷേപത്തിനും ഇടയാക്കാതെ ത്രിവിക്രമന്‍ അതിനെ നയിക്കുകയും ചെയ്തു.

ശ്രീനാരായണഗുരുവിന്റെ ഗൃഹസ്ഥ ശിഷ്യരില്‍ പ്രധാനിയായിരുന്ന കോട്ടുകോയിക്കല്‍ വേലായുധന്റെ ആറുമക്കളില്‍ ഒരാളായിരുന്നു ത്രിവിക്രമന്‍. അഞ്ചു സഹോദരിമാരുടെ ഏക സഹോദരന്‍.

ആ സഹോദരങ്ങള്‍ തമ്മിലുള്ള സ്നേഹവാത്സല്യങ്ങള്‍ മറ്റുള്ളവരെ വിസ്മയിപ്പിക്കുന്ന തരത്തിലായിരുന്നു. ജീവിതം നീളെ വഴികാട്ടിയായി ശ്രീനാരായണഗുരു മുന്‍പേ നടക്കുന്നുണ്ട് എന്ന് ആ കുടുംബം വിശ്വസിച്ചു.

ഗുരുവിന്റെ കാലടിപ്പാടുകള്‍ നോക്കിയായിരുന്നു അവരുടെ യാത്ര. ഞാന്‍ അദ്ദേഹത്തെ അണ്ണന്‍ എന്നാണ് വിളിച്ചിരുന്നത്.

എന്നും സ്നേഹവും വാത്സല്യവുംകൊണ്ട് അദ്ദേഹം എന്റെ യാത്രാവഴിയില്‍ തണല്‍വിരിച്ചു. ജ്യേഷ്ഠനെപോലെയും ഗുരുനാഥനെപ്പോലെയും അദ്ദേഹം സ്വന്തം ജീവിതത്തോട് എന്നെയും ചേര്‍ത്തുനിര്‍ത്തി. ഇത് എന്റെ മാത്രം അനുഭവമല്ല. പരിചയപ്പെടുന്ന ഏതൊരാളെയും അങ്ങനെയാണ് കണക്കാക്കിയിരുന്നത്.

സ്നേഹത്തിന്റെ കാര്യത്തില്‍ അദ്ദേഹം ഒരു ധൂര്‍ത്തനായിരുന്നു.

ഒരിക്കല്‍ ആ സന്നിധിയില്‍ ചെന്നുനിന്നാല്‍ അതിന്റെ ഓര്‍മ എന്നും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കും. ഭാഷയിലെ ഏറ്റവും മികച്ച പുരസ്‌കാരമായി മാറിയതാണ് വയലാര്‍ അവാര്‍ഡിന്റെ പ്രത്യേകത. ഒരു അവാര്‍ഡിനപ്പുറം അതിനെ ഒരു സാംസ്‌കാരിക സംഭവമാക്കി മാറ്റുക എന്ന ദൗത്യമാണ് അദ്ദേഹം നിര്‍വഹിച്ചത്. വയലാറിനും ത്രിവിക്രമന്‍ അണ്ണനുമുള്ള ബഹുമതിയായിട്ടാകും വയലാര്‍ അവാര്‍ഡിന്റെ ഇനിയങ്ങോട്ടുള്ള യാത്ര.

Content Highlights:Perumbadavam Sreedharan remembers C.V Thrivikraman