എഴുത്തുജീവിതത്തിലേക്ക് തിരിച്ചുവന്ന തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്റെ പുതിയ കവിതകളുടെ സമാഹാരം 22ന് പ്രകാശനം ചെയ്യും. ഡല്‍ഹിയില്‍ തീന്‍മൂര്‍ത്തിഭവനിലെ നെഹ്രുസ്മാരക മ്യൂസിയം ആന്‍ഡ് ലൈബ്രറിയില്‍ നടക്കുന്ന ചടങ്ങില്‍ പെരുമാള്‍ മുരുകന്‍ പങ്കെടുക്കും. സാഹിത്യജിവിതം പുനരാരംഭിച്ചതിന്റെ പൊതുപ്രഖ്യാപനം ഈ വേദിയിലുണ്ടാവുമെന്ന് അദ്ദേഹം 'മാതൃഭൂമി'യോട് പറഞ്ഞു.

പെരുമാള്‍ മുരുകന്റെ ഏറ്റവും പുതിയ കവിതകളുടെ സമാഹാരമാണ് ഡല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ സ്ഥിരം പ്രസാധകരായ കാലച്ചുവട് തന്നെയാണ് 'കോഴയിന്‍ പാടര്‍കള്‍' (ഭീരുവിന്റെ പാട്ടുകള്‍) എന്ന് പേരിട്ടിരിക്കുന്ന തമിഴ് കവിതകളുടെ സമാഹാരം പുറത്തിറക്കുന്നത്. പ്രമുഖ പ്രസാധകരായ പെന്‍ഗ്വിനാണ് ഡല്‍ഹിയില്‍ പ്രകാശനച്ചടങ്ങ് സംഘടിപ്പിക്കുന്നത്. തമിഴ് എഴുത്തുകാരന്‍ സുന്ദരം രാമസ്വാമിയുടെ 'ജെ.ജെ. ചിലകുറിപ്പുകള്‍' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനവും ഇതേ ചടങ്ങില്‍ നടക്കും.

ജാതിശക്തികളുടെ ഭീഷണിമൂലം എഴുത്തുജീവിതത്തില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്ന കഴിഞ്ഞ ഒന്നരക്കൊല്ലത്തെ അനുഭവങ്ങള്‍ പ്രതിഫലിക്കുന്ന കവിതകളാണ് 'കോഴയിന്‍ പാടര്‍കള്‍' എന്ന് പെരുമാള്‍ മുരുകന്‍ പറഞ്ഞു. നാമക്കല്‍ ജില്ലയിലെ തിരുച്ചെങ്കോട് ജാതിസംഘടനകള്‍ ഉയര്‍ത്തിയ ഭീഷണികള്‍ക്കുമുന്നിലാണ് 2015 ജനവരി 13ന് പെരുമാള്‍ മുരുകന്‍ സാഹിത്യജീവിതം അവസാനിപ്പിച്ചത്.
 
''പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചിരിക്കുന്നു. ദൈവമല്ലാത്തതിനാല്‍ അയാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ പോവുന്നില്ല. പുനര്‍ജന്മത്തില്‍ അയാള്‍ക്ക് വിശ്വാസമില്ല. പി. മുരുകനെന്ന സാധാരണ അധ്യാപകനായിട്ടായിരിക്കും ഇനി അയാള്‍ ജീവിക്കുക. അയാളെ വെറുതെ വിടുക''  ആത്മഹത്യാക്കുറിപ്പിനുസമാനമായ ഈ പ്രഖ്യാപനം സഹൃദയലോകത്തെ ഞെട്ടിച്ചിരുന്നു.

ഇക്കഴിഞ്ഞ ജൂലായില്‍ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയാണ് പെരുമാള്‍ മുരുകനെ എഴുത്തുജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. പെരുമാള്‍മുരുകന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്നും എഴുത്ത് തുടരണമെന്നും അഭിപ്രായപ്പെട്ട മദ്രാസ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് എസ്.കെ.കൗള്‍, അദ്ദേഹത്തിനെതിരെ നാമക്കല്‍ ജില്ലാഭരണകൂടം കൈക്കൊണ്ട നടപടികള്‍ റദ്ദാക്കിയിരുന്നു.
 
ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരെ വിധ്വംസക ശക്തികള്‍ രംഗത്തിറങ്ങുമ്പോള്‍ ഭരണകൂടം എഴുത്തുകാരെയും കലാകാരന്മാരെയും സംരക്ഷിക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മഹാവിസ്‌ഫോടനത്തിനുശേഷം പൂവ് വീണ്ടും വിരിയുകയാണെന്നാണ് കോടതിവിധിയോട് പെരുമാള്‍ മുരുകന്‍ പ്രതികരിച്ചത്.

സേലം ജില്ലയിലെ ആത്തൂരില്‍ അണ്ണാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ തമിഴ് വകുപ്പില്‍ അധ്യാപകനാണ് പെരുമാള്‍ മുരുകനിപ്പോള്‍. ഭാര്യ ഏഴില്‍ ഇതേ കോളേജില്‍തന്നെ അധ്യാപികയാണ്. നാമക്കലിലെ കോളേജില്‍നിന്ന് നേരത്തെ ഇരുവരും ചെന്നൈയിലേക്ക് സ്ഥലംമാറ്റം നേടിയിരുന്നു. ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് രണ്ടുപേരും ആത്തൂരിലേക്ക് മാറിയത്. ജന്മനാടായ തിരുച്ചെങ്കോടിന് കൂടുതല്‍ അടുത്താണെന്നതിനാലാണ് ആത്തൂരിലേക്ക് സ്ഥലംമാറ്റം ചോദിച്ചുവാങ്ങിയതെന്ന് പെരുമാള്‍ മുരുകന്‍ പറഞ്ഞു.