ലോകപ്രശസ്ത ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോയ്ക്ക് കേരളവും മലയാളികളും ഏറെ പ്രിയപ്പെട്ടതാണ്. പുസ്തകങ്ങളോടും സാഹിത്യത്തോടും മലയാളികള്‍ക്കുള്ള കാഴ്ചപ്പാടാണ് ആ സ്‌നേഹത്തിന് കാരണം. ഇടക്കിടെ മലയാളത്തില്‍ ട്വീറ്റ് ചെയ്തും മലയാള പുസ്തകങ്ങളുടെ കവര്‍ പോസ്റ്റ് ചെയ്തുമെല്ലാം പൗലോ കൊയ്‌ലോ ആ സ്‌നേഹം പ്രകടിപ്പിക്കാറുമുണ്ട്. ഇപ്പോള്‍ ആലുവയിലെ ഒരു കിടിലന്‍ ബുക്ക്സ്റ്റാളിന്റെ ചിത്രം ട്വീറ്റ് ചെയ്താണ് അദ്ദേഹം കേരളത്തെ ചേര്‍ത്ത് പിടിക്കുന്നത്. 

ആലുവയില്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന ഒരു ബുക്ക്‌സ്റ്റാളിന്റെ ചിത്രമാണ് പൗലോ കൊയ്‌ലോ ട്വീറ്റ് ചെയ്തിരിക്കുന്നത്. നാല് പുസ്തകങ്ങള്‍ വെച്ച ഷെല്‍ഫിന്റെ മാതൃകയിലാണ് ബുക്ക്സ്റ്റാള്‍ പണിഞ്ഞിരിക്കുന്നത്. നാല് പുസ്തകങ്ങളില്‍ ഒരെണ്ണം സ്വന്തം പുസ്തകമായ ആല്‍ക്കെമിസ്റ്റ് ആണെന്നതും പൗലോ കൊയ്‌ലോയെ സന്തോഷിപ്പിക്കുന്നു. സമീപകാലത്ത് ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിലൊന്നായ ആല്‍ക്കമിസ്റ്റ് മലയാളത്തിലും ഏറെ വായിക്കപ്പെട്ട പുസ്തകമാണ്.

ആല്‍ക്കെമിസ്റ്റിന് പുറമെ മോബിഡിക്, ആടുജീവിതം, ഹാരി പോര്‍ട്ടര്‍ എന്നീ പുസ്തകങ്ങള്‍ വെച്ച ഷെല്‍ഫിന്റെ മാതൃകയിലാണ് ബുക്ക്സ്റ്റാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വിഷ്ണു സി.ബി എന്ന ഫെയ്‌സ്ബുക്ക് യൂസര്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് പൗലോ കൊയ്‌ലോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതോടെ സാമൂഹിക മാധ്യമങ്ങളില്‍ ഫോട്ടോ വൈറലായി. 

സംവിധായകന്‍ മിഥുന്‍ മാനുവല്‍ ഉള്‍പ്പടെയുള്ളവര്‍ പൗലോ കൊയ്‌ലോയുടെ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. ഉഗ്രന്‍ കെട്ടിട ഡിസൈന്‍ ആണെന്നും വായന തഴച്ചുവളരട്ടെയെന്നും മിഥുന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആശംസിക്കുന്നു.

Content Highlights: Paulo Coelho tweets Kerala Bookshop Photo