കൊച്ചി: അപ്രതീക്ഷിതമായി നിധികിട്ടിയ സന്തോഷത്തിലാണ് ഓട്ടോഡ്രൈവറായ ചെറായി കണയ്ക്കാട്ടുശ്ശേരി വീട്ടില്‍ പ്രദീപ്. സ്വപ്നത്തെ പിന്തുടര്‍ന്ന് നിധി തേടിപ്പോയ സാന്റിയാഗോയുടെ കഥപറഞ്ഞ പൗലോ കൊയ്ലോയുടെ 'ആല്‍ക്കെമിസ്റ്റ്' എന്ന നോവലിനോടുള്ള ഇഷ്ടംകൊണ്ടാണ് തന്റെ ഓട്ടോയ്ക്ക് പ്രദീപ് 'ആല്‍ക്കെമിസ്റ്റ്' എന്നു പേരിട്ടത്. ഇപ്പോഴിതാ സാക്ഷാല്‍ പൗലോ കൊയ്ലോ പ്രദീപിന്റെ (56) ഓട്ടോയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നു. 'ഈ ചിത്രത്തിന് ഒരുപാടു നന്ദി' എന്ന അടിക്കുറിപ്പോടെ സാമൂഹികമാധ്യമത്തില്‍ പൗലോ കൊയ്ലോ ഇട്ട ചിത്രത്തിനുകീഴില്‍ ഒട്ടേറെ മലയാളികളാണ് അജ്ഞാതനായ ഓട്ടോക്കാരന് കേരളത്തിന്റെ പേരില്‍ സ്‌നേഹം അറിയിക്കുന്നത്.

പൗലോ കൊയ്ലോയുടെ ആരാധകനായ പ്രദീപിനെക്കുറിച്ച് കഴിഞ്ഞവര്‍ഷം 'മാതൃഭൂമി' വാര്‍ത്ത നല്‍കിയിരുന്നു. പ്രിയകഥാകാരന്‍ കേരളത്തിലെ ഒരു ആരാധകന്റെ സ്‌നേഹം തിരിച്ചറിഞ്ഞതില്‍ ഏറെ ആഹ്‌ളാദമുണ്ടെന്ന് പ്രദീപ് പറയുന്നു. മകന്‍ പ്രണവിന് വാട്സാപ്പ് ഗ്രൂപ്പില്‍ വന്ന ചിത്രം കാണുമ്പോഴാണ് വിവരമറിയുന്നത്. തുടര്‍ന്ന് ചിത്രം പങ്കുവെച്ച അക്കൗണ്ട് ശരിയാണോ എന്ന് സുഹൃത്തുക്കള്‍വഴി അന്വേഷിച്ചു. പേജ് കൊയ്ലോയുടേതെന്ന് ഉറപ്പിച്ചപ്പോള്‍ അമ്പരപ്പ് ആഹ്‌ളാദമായി.

PAULO COHELO

ഇരുപതുവര്‍ഷമായി ഓട്ടോ ഓടിക്കുന്നു. പത്തുവര്‍ഷംമുമ്പ് പൗലോ കൊയ്ലോയുടെ ആല്‍ക്കെമിസ്റ്റ് വായിച്ചശേഷമാണ് ഓട്ടോയ്ക്ക് ആ പേരിടുന്നത്. പത്താം ക്‌ളാസുവരെ പഠിച്ചു. ആദ്യം കൊല്‍ക്കത്തയില്‍ സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. വിവാഹശേഷമാണ് ഓട്ടോ ഓടിച്ചുതുടങ്ങിയത്. സിന്ധുവാണ് ഭാര്യ.

Content Highlights: Paulo Coelho tweets 'Alchemist' autorickshaw on Kochi, Pradeep feels dream come true