ല്‍ക്കെമിസ്റ്റ് എന്ന പേരിലുള്ള മലയാളിയുടെ ഓട്ടോയുടെ ചിത്രം പങ്കുവെച്ച് ലോകപ്രശസ്ത ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ. ഫോട്ടോയ്ക്ക് നന്ദി എന്ന കുറിപ്പോടു കൂടിയാണ് പൗലോ കൊയ്‌ലോ ഓട്ടോയുടെ ചിത്രം തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 

എറണാകുളത്തെ ഓട്ടോയുടെ ചിത്രമാണ് പൗലോ കൊയ്‌ലോ ഷെയര്‍ ചെയ്തിരിക്കുന്നത്. എറണാകുളം നോര്‍ത്ത് പറവൂരില്‍ രജിസ്റ്റര്‍ ചെയ്ത സി.എന്‍.ജി ഓട്ടോറിക്ഷയിലാണ് പൗലോ കൊയ്‌ലോ എന്ന് ഇംഗ്ലീഷിലും ആല്‍ക്കെമിസ്റ്റ് എന്ന് മലയാളത്തിലും എഴുതിയിരിക്കുന്നത്. 

വിഖ്യാത എഴുത്തുകാരന്‍ കേരളത്തിലെ ഓട്ടോയുടെ ചിത്രം ഷെയര്‍ ചെയ്തത് മലയാളി ആരാധകരെയും ആവശത്തിലാഴ്ത്തി. നിരവധി മലയാളികള്‍ ചിത്രത്തിന് നന്ദി പറഞ്ഞ് കമന്റ് ചെയ്യുന്നുണ്ട്. നേരത്തെ ആലുവയില്‍ ആല്‍ക്കെമിസറ്റ് ഉള്‍പ്പടെയുള്ള പുസ്തകങ്ങളുടെ മാതൃകയില്‍ തീര്‍ത്ത ബുക്ക്സ്റ്റാളിന്റെ ചിത്രവും പൗലോ കൊയ്‌ലോ ഷെയര്‍ ചെയ്തിരുന്നു. തന്റെ ചില പുസ്തകങ്ങളുടെ മലയാളം തര്‍ജമകളുടെ കവറുകളും അദ്ദേഹം നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ലോകത്തില്‍ ഏറ്റവും വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളായ പൗലോ കൊയ്‌ലോയുടെ ഏറ്റവും വലിയ ഹിറ്റ് പുസ്തകമാണ് ആല്‍ക്കെമിസ്റ്റ്. ഒരു ആധുനിക ക്ലാസ്സിക് ആയി വാഴ്ത്തപ്പെട്ട ഈ കൃതി 1988ലാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. പോര്‍ച്ചുഗീസ് ഭാഷയില്‍ രചിക്കപ്പെട്ട ഈ നോവല്‍ 67 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ജീവിച്ചിരിക്കുന്ന ഒരു സാഹിത്യകാരന്റെ, ഏറ്റവുമധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതി എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടി. 150 രാജ്യങ്ങളിലായി 65 ദശലക്ഷത്തില്പരം കോപ്പികള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

പൗലോ കൊയ്‌ലോയുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Paulo Coelho shares a photo of an auto rickshaw named Alchemist