സക്കറിയ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
മലയാളികള്‍ക്ക് തലച്ചോറിന്റെ കാര്യത്തില്‍ പരാതിപ്പെടാനൊന്നുമില്ലെന്നും നാം നമ്മുടെ ഭരണകര്‍ത്താക്കളെയും രാഷ്ട്രീയപ്പാര്‍ട്ടികളെയും മതങ്ങളെയും ജാതികളെയും മാധ്യമങ്ങളെയും അതിജീവിക്കുന്നത് അതിന്റെ ബലത്തിലാണെന്നും എഴുത്തുകാരന്‍ സക്കറിയയുടെ ഫേസ്ബുക്ക് പോസ്റ്റ്.
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച എതിരന്‍ കതിരവന്റെ 'മസ്തിഷ്‌കം; വികാരം, വേദന, വിശ്വാസം' എന്ന പുസ്തകത്തെ പരാമര്‍ശിച്ചാണ് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയത്.
മസ്തിഷ്‌കം നാം അടുത്തറിയേണ്ട ഒരു കഥാനായകനാണെന്നും മതഭ്രാന്തരെ സൃഷ്ടിക്കുന്നതും മനുഷ്യസ്നേഹികളെ സൃഷ്ടിക്കുന്നതും അതാണെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
'മലയാളികള്‍ക്ക് തലച്ചോറിന്റെ കാര്യത്തില്‍ പരാതിപ്പെടാനൊന്നും ഇല്ല. നാം നമ്മുടെ ഭരണകര്‍ത്താക്കളെയും രാഷ്ട്രീയപ്പാര്‍ട്ടികളെയും മതങ്ങളെയും ജാതികളെയും മാധ്യമങ്ങളെയും അതിജീവിക്കുന്നത് അതിന്റെ ബലത്തിലാണ്. ഇതേ കൂട്ടര്‍ക്ക് തലച്ചോര്‍ പണയം വച്ച് ജീവിക്കുന്നവരും ഇല്ല എന്നല്ല. ധാരാളമുണ്ട്. പക്ഷേ അതും മറ്റൊരു തരത്തിലുള്ള അതിജീവനമാണ്.
മസ്തിഷ്‌കം എന്ന തലച്ചോര്‍ നമ്മുടെ വലിയ സ്വത്ത് ആണെങ്കിലും നാം അതിനെപറ്റി അധികമൊന്നും പഠിച്ചിട്ടുള്ളതായി കാണുന്നില്ല. അതിനെ പൊതുവില്‍ ആശുപത്രികളിലെ ന്യൂറോ വിഭാഗങ്ങള്‍ക്ക് ഏല്‍പ്പിച്ചു കൊടുത്തിരിക്കുകയാണോ എന്ന് സംശയം.
എന്നാല്‍ മസ്തിഷ്‌കം നാം അടുത്തറിയേണ്ട ഒരു കഥാനായകനാണ്. അത് നിലച്ചാല്‍ നാമും നിലച്ചു. അതിലാണ് നാം ഇവിടെ ഉണ്ട് എന്ന് നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടെയിരിക്കുന്ന സൂത്രങ്ങള്‍ ഉള്ളത്. അതിലാണ് ഇത് എന്റെയാണ് എന്ന് നാം കരുതുന്ന എല്ലാ ദുര്‍ബുദ്ധിയും സദ്ബുദ്ധിയും കിളിര്‍ക്കുന്നത്. ദൈവത്തെ നിര്‍മിക്കുന്ന സോഫ്റ്റ് വെയറും അതില്‍ തന്നെ. മതഭ്രാന്തരെ സൃഷ്ടിക്കുന്നതും അതുതന്നെ. മനുഷ്യസ്നേഹികളെ സൃഷ്ടിക്കുന്നതും അത് തന്നെ.
മസ്തിഷ്‌കത്തെ സംബന്ധിച്ച അടിസ്ഥാന വസ്തുതകള്‍ ഒരു മുഴുപുസ്തക രൂപത്തില്‍ മലയാളത്തില്‍ ഒരു പക്ഷെ ആദ്യമായി ചര്‍ച്ച ചെയ്യുന്ന കൃതിയാണ് എതിരന്‍ കതിരവന്റെ 'മസ്തിഷ്‌കം'(വിവര്‍ത്തനങ്ങളെ ഒഴിവാക്കിയാല്‍). മസ്തിഷ്‌കം' നമുക്ക് സന്തോഷിക്കാന്‍ വക തരുന്നു. കാരണം തലച്ചോറുമായി ഒരു പുതിയ ബന്ധം സ്ഥാപിക്കാന്‍ നമ്മെ ഇത് പ്രാപ്തരാക്കുന്നു.
തലച്ചോര്‍ നമ്മോടു പറയുന്ന കെട്ടുകഥകളെ പിടികൂടാന്‍ സഹായിക്കുന്നു. തലച്ചോറിനെ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കാന്‍ ഏറ്റവും പുതിയ അറിവുകളും രസകരങ്ങളായ വസ്തുതകളും നിറഞ്ഞ ഈ പുസ്തകം സഹായിക്കുന്നു.'
Content Highlights: Paul Zacharia, Facebook Post, Ethiran Kathiravan, Masthishkam vikaram vedana viswasam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..