കല്പറ്റ: ശ്യാമമാധവത്തിന്റെ കവി പ്രഭാവര്‍മ ഇരുപത്തിയൊന്നാമത് പദ്മപ്രഭാസ്മാരകപുരസ്‌കാരം ഏറ്റുവാങ്ങി. കഥാകാരന്‍ എം. മുകുന്ദനാണ് ആധുനിക വയനാടിന്റെ ശില്പികളിലൊരാളായ എം.കെ. പദ്മപ്രഭാഗൗഡരുടെ പേരിലുള്ള പുരസ്‌കാരം സമ്മാനിച്ചത്. 75,000 രൂപയും പദ്മരാഗക്കല്ലുപതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പദ്മപ്രഭാ ട്രസ്റ്റ് ചെയര്‍മാന്‍ എം.പി. വീരേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പദ്മപ്രഭാസ്മാരക പ്രഭാഷണം നടത്തി. എഴുത്തുകാരിയും എ.ഡി.ജി.പി.യുമായ ബി. സന്ധ്യ അനുഗ്രഹപ്രഭാഷണം നടത്തി.

പദ്മപ്രഭാ ഗൗഡര്‍ ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളില്‍ പ്രമുഖനാണെന്ന് അനുസ്മരണപ്രഭാഷണം നടത്തിയ ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. ആധുനിക വയനാടിന്റെ ശില്പിയായി വയനാട്ടുകാര്‍ അദ്ദേഹത്തെ മനസ്സില്‍ ആരാധിക്കുന്നു. ഇരുട്ടില്‍ കഴിഞ്ഞ ഒരു നാടിനെ സമുദ്ധരിച്ച് എല്ലാവര്‍ക്കും നീതിയെത്തിക്കും വിധം അദ്ദേഹം നാടിനെ നവീകരിച്ചു. വേഷത്തിലും പ്രവര്‍ത്തനത്തിലും ജീവിതത്തിലും അടിത്തട്ടിലെ മനുഷ്യനൊപ്പം നിന്നു.

ഉള്ളതു പലതും വേണ്ടെന്നുവെച്ച് ഇല്ലാത്തവര്‍ക്കുവേണ്ടി നിന്ന, ഇന്ത്യന്‍ ചരിത്രത്തിലെ പ്രമുഖരുടെ പട്ടികയിലാണ് പദ്മപ്രഭയുടെ സ്ഥാനം. ആ പാരമ്പര്യമാണ് എം.പി. വീരേന്ദ്രകുമാര്‍ പിന്തുടരുന്നത്. രാജിയും ശക്തമായ രാഷ്ട്രീയപ്രവര്‍ത്തനമാണെന്ന് തെളിയിച്ചാണ് വീരേന്ദ്രകുമാര്‍ കഴിഞ്ഞദിവസം രാജ്യസഭാംഗത്വം രാജിവെച്ചത്. പദ്മപ്രഭയുടെ നീതിബോധവും മനുഷ്യപക്ഷ വിവേകവുമാണ് വീരേന്ദ്രകുമാര്‍ പ്രകടിപ്പിച്ചത്. ഇന്ത്യന്‍ ഫാസിസത്തെ പരാജയപ്പെടുത്താന്‍ ഗാന്ധിയന്മാരും സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും കഴിയുന്നത്ര വേഗം യോജിക്കണം. മലയാളത്തിലെ കാവ്യപാരമ്പര്യങ്ങളെ മുഴുവന്‍ സ്വാംശീകരിച്ച കവിയാണ് പ്രഭാവര്‍മ എന്നും ലീലാകൃഷ്ണന്‍ പറഞ്ഞു.

പ്രവര്‍ത്തിച്ച മേഖലകളിലൊക്കെ പാദമുദ്ര പതിപ്പിച്ച വ്യക്തിയാണ് പ്രഭാവര്‍മയെന്ന് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. കവി, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍ എന്നീ നിലകളിലൊക്കെ അദ്ദേഹം തന്റേതായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. രാഷ്ട്രീയത്തിലേക്കും വായനയിലേക്കും ഒരുപോലെ തന്നെ നയിച്ചത് പിതാവ് പദ്മപ്രഭയാണെന്നും വീരേന്ദ്രകുമാര്‍ അനുസ്മരിച്ചു.

കവി ഷിയാണെന്ന് ഇന്നുമോര്‍മിപ്പിക്കുന്ന ജീവിച്ചിരിക്കുന്ന കവിയാണ് പ്രഭാവര്‍മയെന്ന് ബി. സന്ധ്യ പറഞ്ഞു. മലയാളത്തിന്റെ മനോഹാരിത നിറഞ്ഞ വരികളാണ് അദ്ദേഹത്തിന്റേത്. ലളിതമായ കവിതകളില്‍പോലും ഗഹനമായ ആശയങ്ങളാണ് അദ്ദേഹം ഒളിച്ചുവെച്ചിരിക്കുന്നതെന്നും സന്ധ്യ പറഞ്ഞു.

പ്രഭാവര്‍മ്മയുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

നഗരസഭാധ്യക്ഷയും സ്വാഗതസംഘം ചെയര്‍പേഴ്‌സണുമായ ഉമൈബ മൊയ്തീന്‍കുട്ടി പ്രഭാവര്‍മയെ പൊന്നാട അണിയിച്ചു. മാതൃഭൂമി ജോയന്റ് മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. ബാബുരാജ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ. സുധാറാണി എന്നിവര്‍ സംസാരിച്ചു.