'ഒരിടത്ത് ഒരിടത്തൊരു ഗ്രാമത്തില്‍ '.......കഥകളുടെ ഗൃഹാതുരമായ ഓര്‍മയില്‍ പതിഞ്ഞു പോയൊരു തുടക്കമാണിത്. അമ്മയോ അമ്മൂമ്മയോ അധ്യാപകരോ കഥകളുടെയും ഭാവനയുടെയും ലോകത്തിലേക്ക് കുട്ടികളെ കൈ പിടിച്ചു നടത്തിയ വാക്കുകള്‍. സ്വന്തമായി കംപ്യൂട്ടറും സ്മാര്‍ട്ട് ഫോണും ഉപയോഗിക്കുന്ന കുട്ടികളും കഥപറഞ്ഞു കൊടുക്കാന്‍ സമയമില്ലാത്ത മുതിര്‍ന്നവരുമൊക്കെയായതോടെ ഈ കഥപറച്ചില്‍ ഗൃഹാതുരമായ ഒരോര്‍മ മാത്രമായി.

എങ്കിലും കഥകേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു കുട്ടി എല്ലാവരുടെയും ഉള്ളിലുണ്ട്. നവമാധ്യമത്തിന്റെ സാധ്യത മുതലെടുത്ത് കഥകള്‍ക്ക് മാത്രമായി ഒരു യുട്യൂബ് ഓഡിയോ ചാനല്‍ പിറന്നത് ഈ അവസരത്തിലാണ്. അതിന്റെ പേരാണ് ' ഒരിടത്തൊരിടത്ത് '.

കഥാകാരന്റെ ശബ്ദത്തില്‍ തന്നെ കഥകേള്‍ക്കാവുന്ന സംവിധാനം. ആനുകാലികങ്ങളില്‍ വന്നു പോകുന്നതോടെ മറവിയിലേക്കാഴുന്ന കഥകള്‍ക്ക് സുസ്ഥിരമായ ഒരിടമൊരുക്കുകയാണിവിടെ. യാത്രകളില്‍, ഒഴിവു സമയങ്ങളില്‍, തനിച്ചാകുമ്പോള്‍ എല്ലാം കഥകളുടെ കൂട് തുറന്ന് ഒരിടത്തൊരിടത്ത് വരും.

ഇന്ത്യന്‍ പ്രാദേശിക ഭാഷാ ചരിത്രത്തില്‍ കഥകള്‍ക്ക് മാത്രമായുള്ള ആദ്യ ഓഡിയോ ചാനല്‍ 45 കഥകളുടെ ആദ്യ പതിപ്പ് കേരള സാഹിത്യ അക്കാദമി പ്രസിഡന്റും എഴുത്തുകാരനുമായ വൈശാഖന്‍ മലയാളത്തിന് സമര്‍പ്പിച്ചു. ഡോ. കെ .പി. മോഹനന്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി, ചാനല്‍ ഡയറക്ടര്‍ ജി.എസ്. മനോജ് കുമാര്‍, സാഹിത്യകാരന്‍ അജിത് നീലാഞ്ജനം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. . 

മലയാള കഥാസാമ്രാജ്യത്തിലെ ചക്രവര്‍ത്തിമാരായ എം.ടി യും സേതുവും എം. മുകുന്ദനും അഷ്ടമൂര്‍ത്തിയും അയ്മനം ജോണും മുതല്‍ നവ പ്രതിഭകളായ സോക്രടീസ്, ബി മുരളി,സീഅനൂപ് വിനോദ്കൃഷ്ണ,വിനോയ് തോമസ്,ഷിനിലാല്‍,മനോജ് വെള്ളനാട് എന്നിവരെല്ലാം കഥപറച്ചിലുകാരായി ഇവിടെ എത്തുന്നു . ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചതും പുസ്തകരൂപത്തില്‍ വന്നവയും മാത്രമല്ല അനേകം പുത്തന്‍എഴുത്തുകളും ശ്രവ്യവീചികളായി വായനക്കാരനിലേക്കു എത്തിക്കാനുള്ള ശ്രമമാണ് ഇവരുടേത് .

തിരുവനന്തപുരം കിന്‍ഫ്ര ഫിലം ആന്‍ഡ് വിഡിയോ പാര്‍ക്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ട്വിസ്റ്റ് ഡിജിറ്റല്‍ മിഡിയ ആണ് ഉദ്യമത്തിന് പിന്നില്‍.ട്വിസ്റ്റ് ഡിജിറ്റല്‍ മിഡിയയിലെ ഒരു കൂട്ടം. ചെറുപ്പക്കാരുടെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ശ്രമഫലമാണ് ഒരിടത്തൊരിടത്ത് എന്ന ഈ കഥപറയുന്ന ചാനല്‍. ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് ശ്രേഷ്ട മലയാള ഭാഷാസാഹിത്യത്തെ നവമാധ്യമത്തിലൂടെ എത്തിക്കുന്ന ഈ സംരംഭത്തിന് എല്ലാ പിന്‍തുണയും സഹായവും നല്‍കി കിന്‍ഫാ ഫിലം ആന്റ് വീഡിയോ പാര്‍ക്ക് ഇവര്‍ക്കൊപ്പമുണ്ട്. 'ഒരിടത്തെരിടത്തിലൂടെ മലയാള സാഹിത്യ ചരിത്രത്തിന് ഒരു പുതിയ ശാഖ തുറക്കുകയാണ് ഈ ചെറുപ്പക്കാര്‍' എന്ന് കിന്‍ഫ്ര ഫിലം ആന്റ് വീഡിയോ പാര്‍ക്ക് എം.ഡി. സുരജ് രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കോഴിക്കോട് ജില്ലയിലെ കാഴ്ചയില്ലാത്തവര്കായി ഒരു വാട്‌സ് ആപ്പ് ഗ്രൂപ് കഥകള്‍ വായിച്ചു കാഴ്ച നിഷേധിക്കപ്പെട്ടവരെയും വായനയുടെ വഴിയിലേക്ക് നയിക്കുന്നുണ്ട് എന്ന അറിവാണ് ഈ സംരംഭത്തിന്റെ മുഖ്യ സൂത്രധാരനായ ജി.എസ്. മനോജ്കുമാറിന് പ്രചോദനമായത്. 

എഴുത്തുകാര്‍ക്ക് സ്വന്തം വായനയിലൂടെ തങ്ങളുടെ കഥകള്‍ക്ക് പുതുജീവനും ശ്വാസവും പകരാനാകുന്നു എന്നതും പ്രത്യേകതയാണ്.. ഓരോ സംപ്രേക്ഷണത്തിലും എത്രവട്ടം ആസ്വാദന വിധേയമായി എന്നതും അപ്പപ്പോള്‍ വായനക്കാര്‍ക്കു തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനാകും എന്നതും സാധ്യമാണ്.