.എൻ.വി. കൾച്ചറൽ അക്കാദമിയുടെ ഇത്തവണത്തെ പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത് തമിഴ്സാഹിത്യകാരനും ഗാനരചയിതാവുമായ വൈരമുത്തുവിനാണ്. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ തന്നെ നടി പാർവതി ഉൾപ്പെടെയുള്ളവർ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത് വൈരമുത്തുവിനെതിരെയുള്ള മീറ്റൂ വിവാദത്തിന്റെ ചുവടുപിടിച്ചായിരുന്നു. മീറ്റൂ വിവാദത്തിൽപെട്ട വൈരമുത്തുവിന് ഒ.എൻ.വിയുടെ പേരിലുള്ള സാഹിത്യപുരസ്കാരം നൽകിയത് മനുഷ്യത്വപരമാണോ എന്ന ചോദ്യം കൊടുമ്പിരിക്കൊള്ളുമ്പോൾ അവാർഡ് ജൂറി അംഗം അനിൽ വള്ളത്തോളും ഒ.എൻ.വി കൾച്ചറൽ അക്കാദമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണനും മാതൃഭൂമി ഡോട്കോമിനോട് പ്രതികരിക്കുന്നു.

അടൂർ ഗോപാലകൃഷ്ണൻ

അവാർഡ് പ്രഖ്യാപനം പുനഃപരിശോധിക്കുകയാണ്. ഇപ്പോൾ അവാർഡ് നിർണയം നടത്തിയ ജൂറി അംഗങ്ങളായ പ്രഭാവർമയും അനിൽ വള്ളത്തോളും ആലങ്കോട് ലീലാകൃഷ്ണനും തന്നെയാണ് പുനഃപരിശോധന നടത്തുക. പുതിയ ജൂറിയെ നിയമിക്കേണ്ടതില്ല എന്നാണ് തീരുമാനം. ഇപ്പോൾ ഉയർന്നിരിക്കുന്നതെല്ലാം ആരോപണങ്ങളാണ്. അത് തെളിയിക്കപ്പെട്ടിട്ടില്ല. ഇതിനെല്ലാം രണ്ട് പക്ഷവുമുണ്ട്. അതിനെക്കുറിച്ചൊന്നും വിശദീകരിക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. ഒ.എൻ.വി പുരസ്കാരം നിർണയിക്കേണ്ടതിന്റെ ഉത്തരവാദിത്തം ജൂറിക്കാണ്. അവർ നിർദ്ദേശിക്കുന്നവർക്കാണ് പുരസ്കാരം നൽകുക.

വർഷങ്ങൾക്കു മുമ്പ് ചെന്നൈയിൽ നടന്ന ആരോപണത്തെചൊല്ലിയാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന തർക്കം. ആ ആരോപണം ഇന്നെവിടെയെത്തി നിൽക്കുന്നു എന്നറിയില്ല. വൈരമുത്തു ശിക്ഷിക്കപ്പെട്ടതായും അറിയില്ല. ജൂറി അംഗങ്ങൾ ഇതെപ്പറ്റി അറിഞ്ഞിരിക്കുമെന്നും അത് മറച്ചുകൊണ്ടാണ് അവാർഡ് പ്രഖ്യാപനം നടത്തിയതെന്നും ഞാൻ വിശ്വസിക്കുന്നില്ല. പുരസ്കാര പ്രഖ്യാപനം ചർച്ചയായ സ്ഥിതിക്ക് അവാർഡ് പുനഃപരിശോധിച്ച് ഫലം അറിവാകുന്നതുവരെ കാത്തിരിക്കാം. പുനഃപരിശോധന എന്നതിനർഥം അവാർഡ് പിൻവലിക്കുന്നു എന്നുമല്ല.

അനിൽ വള്ളത്തോൾ

വൈരമുത്തുവിന് ഇത്തവണത്തെ ഒ.എൻ.വി പുരസ്കാരം നൽകിയത് ജൂറിയുടെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ്. വൈരമുത്തുവിനെതിരെ മീറ്റൂ ആരോപണമുണ്ടെന്ന കാര്യം പുരസ്കാരം പ്രഖ്യാപിക്കുന്ന സമയത്ത് ജൂറിയുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല. മാധ്യമങ്ങളിൽ അതേപ്പറ്റിയൊന്നുമുള്ള ചർച്ചകളും കണ്ടിട്ടില്ല. മലയാളഭാഷയ്ക്ക് പുറത്തുള്ള ഒരാൾക്ക് അവാർഡ് നൽകുക എന്നതാണ് പ്രഥമപരിഗണനയിൽ വന്നത്. അയൽഭാഷയിലും സാഹിത്യത്തിലും മികച്ച സംഭാവനകൾ നൽകിയ വ്യക്തി എന്ന നിലയിൽ വൈരമുത്തുവിനെ ജൂറി ഏകകണ്ഠമായി പരിഗണിക്കുകയായിരുന്നു. പുരസ്കാരപ്രഖ്യാപനം ചർച്ചയായതിന്റെ പശ്ചാത്തലത്തിൽ അവാർഡ് നിർണയം പുപരിശോധിക്കാനാണ് ഒ.എൻ.വി കൾച്ചറൽ അക്കാദമിയുടെ അധ്യക്ഷനായ അടൂർ ഗോപാലകൃഷ്ണൻ തീരുമാനിച്ചിരിക്കുന്നത്. ആ തീരുമാനത്തെ ജൂറി സ്വാഗതം ചെയ്യുന്നു. പുതിയ ജൂറിയെ നിയമിക്കണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടതും അധ്യക്ഷനാണ്.

Content Highlights: ONV Literary Award Controversy Jury Member Anil Vallathol and ONV Cultural Academy Chairman Adoor Gopalakrishnan Reacts