ന്യൂഡല്‍ഹി: 'ആകസ്മികം' എന്നത് പ്രൊഫ. ഓംചേരി എന്‍.എന്‍. പിള്ളയുടെ ആത്മകഥ മാത്രമല്ല. ഒമ്പതര പതിറ്റാണ്ട് പൂര്‍ത്തിയാവുന്ന ജീവിതത്തിലുടനീളം ആകസ്മികത തന്നെയായിരുന്നു. മുപ്പതുവര്‍ഷത്തെ സേവനം അവസാനിപ്പിച്ച് ഭാരതീയ വിദ്യാഭവനില്‍നിന്ന് പടിയിറങ്ങുമ്പോഴും ആകസ്മികത അവസാനിക്കുന്നില്ല.

വക്കീല്‍കോട്ടിലാണ് പുതുദൗത്യം. തൊണ്ണൂറ്റിനാലു പിന്നിട്ട ഡല്‍ഹി മലയാളികളുടെ കാരണവര്‍ ഇനി സുപ്രീംകോടതിയുടെ പടവുകള്‍ കയറും. പ്രൊഫ. ഓംചേരിയുടെ ജീവിതത്തില്‍ പടിയിറക്കങ്ങളില്ല. ഓരോ പടിയിറക്കവും മറ്റൊരിടത്തേക്കുള്ള പടികയറ്റമാണ്. ആത്മകഥയിലൊതുങ്ങാത്ത ആകസ്മികതയും അതുതന്നെ.

എറണാകുളം ലോ കോളേജിലെ ആദ്യബാച്ചില്‍ത്തന്നെ നിയമബിരുദമെടുത്തെങ്കിലും വക്കീല്‍കോട്ടിടാന്‍ ജീവിതത്തിന്റെ ആകസ്മികതകള്‍ അനുവദിച്ചില്ല. നിയമ ബിരുദത്തിന്റെ റിസള്‍ട്ട് വരുംമുമ്പ് സര്‍ക്കാര്‍ ജോലിയില്‍ കയറിയിരുന്നു. ഒടുവില്‍ 1989 ഫെബ്രുവരി ഒന്നിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍നിന്ന് വിരമിച്ചെങ്കിലും അന്നു വൈകിട്ടുതന്നെ ഭാരതീയ വിദ്യാഭവനില്‍ ചുമതലയെടുത്തു.

ആ കഥയിലുമുണ്ട് ആകസ്മികതകളേറെ. ഒരിക്കല്‍ ഡല്‍ഹിയിലെ ഭാരതീയ വിദ്യാഭവനില്‍ ചിന്മയാനന്ദ സ്വാമികളുടെ പ്രഭാഷണം കേള്‍ക്കാന്‍ പോയ ഓംചേരിയോട് എന്നാണ് താങ്കളിവിടെ ജോലിയില്‍ പ്രവേശിക്കുന്നതെന്നായിരുന്നു അവരുടെ ചോദ്യം. താന്‍ സര്‍ക്കാര്‍ സര്‍വീസിലാണെന്നറിയിച്ചപ്പോള്‍, വിരമിക്കുന്ന അന്നുതന്നെ ഇവിടെ ജോലി ചെയ്തുകൊള്ളാന്‍ ക്ഷണം. അതുതന്നെ സംഭവിച്ചു.

പിന്നീടുള്ള 30 വര്‍ഷം വിവിധ കോഴ്സുകളുടെ പ്രിന്‍സിപ്പലായും ഹോണററി ഡയറക്ടറായും പ്രവര്‍ത്തനം. ആകസ്മികത നിറഞ്ഞ ജീവിതാനുഭവങ്ങള്‍ തന്നെ കാണാന്‍ പതിവായെത്തിയിരുന്ന ഡോ. വി.പി. ജോയിയോട് ഓംചേരി പറയുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് പത്രമാധ്യമങ്ങളില്‍ അച്ചടിക്കുംമുമ്പ് വാര്‍ത്തകള്‍ പരിശോധിച്ചിരുന്ന സെന്‍സറുടെ ചുമതലയായിരുന്നു ഓംചേരിക്ക്. സര്‍ക്കാര്‍വിരുദ്ധമായ വാര്‍ത്തകള്‍ അന്ന് പ്രസിദ്ധീകരിക്കാന്‍ സാധിക്കില്ല. എങ്കിലും പലപ്പോഴും മറ്റു വാചകങ്ങളില്‍ താന്‍ മാറ്റിയെഴുതി പ്രസിദ്ധീകരണത്തിന് കൊടുക്കുമായിരുന്നുവെന്ന് ഓംചേരി പറയുന്നു. സര്‍ക്കാരിന്റെ സെന്‍സര്‍ മുറിയിലെ മനുഷ്യമുഖം എന്നാണ് അതേക്കുറിച്ച് അന്ന് ടൈംസ് ഓഫ് ഇന്ത്യ എഴുതിയത്.

ഇത്തരം അനുഭവങ്ങളെല്ലാം വി.പി. ജോയ് കേട്ടപ്പോള്‍ അത് 'ആകസ്മിക'മായി പുറത്തിറങ്ങിയ ആത്മകഥയായി.

ഓംചേരിയുടെ 48 നാടകങ്ങളും അതേക്കുറിച്ചുള്ള പഠനങ്ങളും ഉള്‍പ്പെടുന്ന രണ്ട് വാല്യം അടങ്ങുന്ന പുസ്തകം അദ്ദേഹത്തിന്റെ ജന്മദിനമായ ഫെബ്രുവരി ഒന്നിന് പ്രകാശനം ചെയ്യും. പെട്രോളിയം മന്ത്രാലയത്തില്‍ സെക്രട്ടറിയായ വി.പി. ജോയ് കാബിനറ്റ് സെക്രട്ടറിയേറ്റിലേക്ക് സ്ഥാനക്കയറ്റമാകുന്നതും അതേ ദിവസമാണെന്നത് മറ്റൊരു ആകസ്മികതയാണെന്ന് ഓംചേരി പറയുന്നു.

ഡല്‍ഹി ഭാരതീയ വിദ്യാഭവനിലെ ഓംചേരിയുടെ മുറി പതിറ്റാണ്ടുകളായി ഒരു മലയാളി കോര്‍ണറാണ്. ഡല്‍ഹി മലയാളികളുടെ സാഹിത്യ സാംസ്‌കാരിക സംഗമസ്ഥാനം.

ഡിസംബര്‍ 31-ന് ഓംചേരി പടിയിറങ്ങിയാലും ഡല്‍ഹിയില്‍ അദ്ദേഹത്തിന് മുറി ഇല്ലാതാവില്ല. കൊണാട്ട്പ്ലേസിലെ കേരള ക്ലബ്ബില്‍ ഓംചേരിക്കായി പ്രത്യേക മുറി തുറന്നുകഴിഞ്ഞു.

അതോടൊപ്പം പ്രൊഫ. ഓംചേരിയെ ഇനി അഡ്വ. ഓംചേരിയായി സുപ്രീംകോടതിയിലും കാണാം

Content Highlights: Omchery N. N. Pillai to practice as a Supreme Court lawyer