വളരെ ഉത്സാഹിയും കാര്യക്ഷമതയുമുള്ള ഒരാള്‍. എല്ലാം ഏറ്റെടുത്ത് ഉത്തരവാദിത്തത്തോടെ നിറവേറ്റുന്നതില്‍ മിടുക്കന്‍. പക്ഷേ അയാള്‍ തന്റെ ആത്മാവിനെ പണ്ടെങ്ങോ, എവിടെയോ ഉപേക്ഷിച്ചതാണ്. ആത്മാവ് നഷ്ടപ്പെടുത്തിക്കൊണ്ട് ആര്‍ക്കുവേണ്ടിയാണ് അയാള്‍ ഇങ്ങനെ പെടാപ്പാട് പെടുന്നത്? ആര്‍ക്കുവേണ്ടിയാണ് ഈ ഉത്തരവാദിത്തങ്ങളൊക്കെ തലയിലേറ്റി നടക്കുന്നത്?
നൊബേല്‍ സമ്മാനിതയായ ഓള്‍ഗ തൊകാര്‍ച്യുക് തന്റെ പുതിയ പുസ്തകത്തിന് പേരിട്ടിരിക്കുന്നത് 'ദ ലോസ്റ്റ് സോള്‍' എന്നാണ്. ജീവിതത്തിന്റെ അതിസങ്കീര്‍ണതയെ, കഷ്ടപ്പാടുകളെ, തിരിച്ചറിവുകളെ ഏറ്റവും മനോഹരമായ ഭാഷയില്‍ രചിച്ചുകൊണ്ട് പ്രശസ്തിയുടെ ഉത്തുംഗത്തിലേറിയ തൊകാര്‍ച്യുകിന്റെ ഈ പുസ്തകം കുട്ടികള്‍ക്കുവേണ്ടി രചിക്കപ്പെട്ടതാണ്. 2017-ല്‍ പോളിഷ് ഭാഷയില്‍ എഴുതിയ 'ദ ലോസ്റ്റ് സോള്‍' ഇംഗ്‌ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത് അന്റോണിയ ലോയ്ഡ് ജോണ്‍സ് ആണ്. അടുത്തമാസം പുസ്തകം വിപണിയിലെത്തുമെന്ന് പ്രസാധകനായ ഡാന്‍ സൈമണ്‍ അറിയിച്ചു.
''ഈ പുസ്തകം എല്ലാ പ്രായക്കാര്‍ക്കും വേണ്ടിയുള്ളതാണെന്ന തിരിച്ചറിവാണ് ഞങ്ങളെ പ്രസാധനത്തിലേക്ക് നയിക്കുന്നത്. മാത്രമല്ല വര്‍ത്തമാനകാലസാഹചര്യത്തില്‍ എല്ലാവരും അവനവന്റെ ആത്മാവിനെ തിരിച്ചുപിടിക്കാനുള്ള കഠിനശ്രമത്തിലാണ്. അപ്പോള്‍ കാലികപ്രസ്‌കതമായ ഒരു വിഷയത്തെ എല്ലാ പ്രായക്കാര്‍ക്കും ദഹിക്കുന്ന ഭാഷയില്‍ അവതരിപ്പിക്കുന്നുവെന്നതും ദ ലോസ്റ്റ് സോളിന്റെ സവിഷേതയാണ്-'' പ്രസാധകര്‍ പറയുന്നു.
Content Highlights: Olga Tokarczuk is releasing a childrens book The Lost Soul