വാഷിങ്ടണ്‍: മന്‍മോഹന്‍ സിങ്ങിനെയും രാഹുല്‍ ഗാന്ധിയെയും കുറിച്ച് പരാമര്‍ശങ്ങളുള്ള മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഓര്‍മക്കുറിപ്പ് പുസ്തകത്തിന്റെ ആദ്യഭാഗമായ 'എ പ്രോമിസ്ഡ് ലാന്‍ഡി'ന് ആദ്യദിവസം റെക്കോഡ് വില്‍പ്പന. 

അമേരിക്കയിലും കാനഡയിലുമായി 8,87,000 കോപ്പികള്‍ വിറ്റഴിഞ്ഞതായി പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിനെ ഉദ്ധരിച്ച് സി.എന്‍.എന്‍. റിപ്പോര്‍ട്ടുചെയ്തു.

ഇതുവരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍വെച്ച് ആദ്യദിനത്തിലെ റെക്കോഡ് വില്‍പ്പനയാണിതെന്നും വായനക്കാരുടെ പ്രതികരണത്തില്‍ തങ്ങള്‍ ഏറെ ആവേശത്തിലാണെന്നും പെന്‍ഗ്വിന്‍ പബ്ലിഷര്‍ ഡേവിഡ് ഡ്രേക്ക് പ്രസ്താവനയില്‍ അറിയിച്ചു.

മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ 'മൈ ലൈഫ്' ആദ്യദിനം നാലുലക്ഷം കോപ്പികളാണ് വിറ്റത്. ജോര്‍ജ് ഡബ്ല്യു. ബുഷിന്റെ 'ഡിസിഷന്‍ പോയന്റ്‌സ്' ആദ്യദിനം 2,20,000 കോപ്പിയും വിറ്റിരുന്നു.

Content Hiughlights: Obama’s A Promised Land sells almost 890,000 copies on first day