ടി.ഡി. രാമകൃഷ്ണൻ,അംബികാസുതൻ മാങ്ങാട്, അർജുൻ അരവിന്ദ്
പാലക്കാട്: നോവലിസ്റ്റ് ഒ.വി. വിജയന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
മികച്ച നോവലിനുള്ള പുരസ്‌കാരത്തിന് ടി.ഡി. രാമകൃഷ്ണന്‍ അര്‍ഹനായി. 'മാമ ആഫ്രിക്ക' എന്ന നോവലിനാണ് പുരസ്‌കാരം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചഅംബികാസുതന്‍ മാങ്ങാടിന്റെ 'ചിന്നമുണ്ടി' എന്ന കഥാസമാഹാരത്തിന് കഥാപുരസ്‌കാരം നല്‍കും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍. പാലക്കാട് തസ്രാക്കില്‍ കേരള സാംസ്‌കാരികവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒ.വി. വിജയന്‍ സ്മാരകസമിതിയാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.
യുവകഥാപുരസ്‌കാരത്തിന് കോഴിക്കോട് കക്കോടി അര്‍ജുന്‍ അരവിന്ദ് അര്‍ഹനായി. 'ഇസഹപുരാണം' എന്ന കഥയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. കോട്ടയം സ്വദേശിയായ ഡോ. ശാലിനിയുടെ 'ലൗ ഹാന്‍ഡില്‍സ്' എന്ന കഥയ്ക്ക് പ്രോത്സാഹനസമ്മാനവും നല്‍കും. ആഷാ മേനോന്‍, ടി.കെ. നാരായണദാസ്, ഡോ. സി.പി. ചിത്രഭാനു, ടി.കെ. ശങ്കരനാരായണന്‍, ഡോ. പി.ആര്‍. ജയശീലന്‍, ഡോ. സി. ഗണേഷ്, രഘുനാഥന്‍ പറളി, രാജേഷ് മേനോന്‍, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം എന്നിവരാണ് പുരസ്‌കാരനിര്‍ണയസമിതി അംഗങ്ങള്‍.
ഡിസംബറില്‍ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനംചെയ്യുന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ വിതരണംചെയ്യുമെന്ന് സമിതി ചെയര്‍മാന്‍ ടി.കെ. നാരായണദാസ്, സെക്രട്ടറി ടി.ആര്‍. അജയന്‍, രാജേഷ് മേനോന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
content highlights : o v vijayan memorial awards goes to t d ramakrishnan ambikasuthan mangad arjun aravind
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..