തൃശ്ശൂര്‍: കവിയും സാംസ്‌കാരിക പ്രവര്‍ത്തകനും നുറുങ്ങ് മാസിക ചീഫ് എഡിറ്ററുമായ വില്‍വട്ടം വടക്കിനിയത്ത് മധു (മധു നുറുങ്ങ് -52) കോവിഡ് ബാധിച്ചു മരിച്ചു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച മധു ചൊവ്വാഴ്ച വെളുപ്പിന് മരിച്ചു.

25 വര്‍ഷത്തോളമായി നുറുങ്ങ് മാസികയുടെ പത്രാധിപരായിരുന്ന മധു പു.ക.സ. ജില്ലാ കമ്മിറ്റി അംഗവും സി.പി.എം. വില്‍വട്ടം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു. കുടുംബത്തോടൊപ്പം കുണ്ടുകാടായിരുന്നു താമസം.

കെ.എസ്.കെ.ടി.യു. ഏരിയാ കമ്മിറ്റിയംഗമായ മധു റേഡിയോ ലിസണേഴ്‌സ് അസോസിയേഷന്‍ സ്ഥാപകനേതാക്കളില്‍ പ്രധാനിയായിരുന്നു.

മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍നിന്നും വേദികളില്‍നിന്നും അകന്നുനിന്നവരുടെ കൃതികള്‍ പുറത്തിറക്കിയിരുന്ന നുറുങ്ങ് മാസികയിലൂടെയാണ് മധു അറിയപ്പെട്ടത്.

ആറു വര്‍ഷമായി നുറുങ്ങ്, എം.എം. സേതുമാധവന്‍ സ്മാരക കാവ്യ പുരസ്‌കാരം നല്‍കിവന്നിരുന്നു. ലോക്ഡൗണ്‍ കാലത്ത് മധുവിന്റെ നേതൃത്വത്തില്‍ നടത്തിയ ഓണ്‍ലൈന്‍ കവിതാലാപന മത്സരവും ശ്രദ്ധേയമായിരുന്നു.

ഭാര്യ: സുനിത (വില്‍വട്ടം സര്‍വീസ് സഹകരണ ബാങ്ക്). മക്കള്‍: ശ്രീജിത്ത്, ശ്രീദേവ്.

വിടവാങ്ങിയത് അക്കാദമി തണലിലെ ഒറ്റയാന്‍

സാഹിത്യ അക്കാദമിയുടെ തണലിടങ്ങളില്‍ ഇനി അയാളില്ല. പക്ഷേ, മധു നുറുങ്ങിന്റെ മരണത്തോടെ തണലില്ലാതാകുന്നത് ഒരു വലിയ വിഭാഗം എഴുത്തുകാര്‍ക്കാണെന്ന് അയനം സാംസ്‌കാരിക വേദി ചെയര്‍മാന്‍ വിജേഷ് എടക്കുന്നി ഓര്‍ക്കുന്നു.

നുറുങ്ങിന്റെ കഥ, കവിത, സാഹിത്യ ക്യാമ്പുകള്‍ പതിവായി നടത്തുമ്പോള്‍ മുഖ്യ സംഘാടകനായിരുന്നു മധു. കവി പവിത്രന്‍ തീക്കുനിയുടെ സമ്പൂര്‍ണ കൃതികള്‍ രണ്ട് വാല്യങ്ങളായി പുറത്തിറക്കിയത് മധുവിലെ പ്രസാധകന്റെ കഠിനശ്രമത്തിന്റെ ഫലമായിരുന്നു.

സാംസ്‌കാരിക മഹോത്സവങ്ങള്‍ മധുവിന്റെ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല. ചെറുതിന്റെ സൗന്ദര്യത്തില്‍ അഭിരമിച്ചു അദ്ദേഹം. ഒരിക്കലുമൊരിടത്തും ഒരവകാശവാദത്തിനും അയാള്‍ നിന്നില്ല. എല്ലാവരിലെയും നല്ലതിനെ മാത്രം കണ്ടെത്തി അത്ഭുതാദരവോടെ കൊട്ടിഘോഷിച്ചു. സംഘാടകനും പത്രാധിപരും പ്രസാധകനുമായി ഒരുപോലെ തിളങ്ങി. ഇത്ര പെട്ടെന്ന് മടങ്ങിപ്പോകേണ്ടയൊരാളല്ല അദ്ദേഹം. പിന്‍ബെഞ്ചിലിരുന്ന് വേദി നിയന്ത്രിക്കാന്‍ ഇനി അദ്ദേഹമില്ല. വിജേഷ് എടക്കുന്നി പറഞ്ഞു.

Content Highlights: Nurungu magazine editor Madhu passed away