വിഖ്യാത അമേരിക്കന്‍ എഴുത്തുകാരിയും സാഹിത്യ നൊബേല്‍ സമ്മാന ജേതാവുമായ ടോണി മോറിസണ്‍ അന്തരിച്ചു. 88 വയസായിരുന്നു. മോറിസണിന്റെ കുടുംബവും പ്രസാധാകരായ നോഫ് ആണ് മരണ വാര്‍ത്ത പ്രസ്താവനയിലൂടെ ലോകത്തെ അറിയിച്ചത്.
1993ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരവും 1988ലെ സാഹിത്യത്തിനുള്ള പുലിറ്റ്‌സര്‍ പുരസ്‌കാരവും മോറിസണ്‍ നേടിയിട്ടുണ്ട്. നോവലിസ്റ്റ്, ലേഖിക, എഡിറ്റര്‍, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു.
ആഫ്രിക്കന്‍-അമേരിക്കന്‍ ജനതയുടെ ജീവിതത്തെ അവലംബച്ച് എഴുതിയ മോറിസണിന്റെ നോവലുകള്‍ അവരുടെ ജീവിതത്തിന്റെ നേര്‍ജീവിതക്കാഴ്ച്ചകളായിരുന്നു. മൂര്‍ച്ചയുള്ള സംഭാഷണങ്ങളും സൂക്ഷ്മതയാര്‍ന്ന കഥാപാത്രസൃഷ്ടിയുമാണ് അവരുടെ നോവലുകളുടെ സവിശേഷത.
ദി ബ്ലൂവെസ്റ്റ് ഐ, സോംഗ് ഓഫ് സോളമന്‍, ബിലവ്ഡ്, സുല, ജാസ്, ഹോം തുടങ്ങിയവയാണ് പ്രശസ്തമായ നോവലുകള്‍. നോവലുകള്‍ക്ക് പുറമേ ബാലസാഹിത്യ പുസ്തകങ്ങളും, നാടകങ്ങളും, നോണ്‍ ഫിക്ഷന്‍ പുസ്തകങ്ങളും അവരുടേതായിട്ടുണ്ട്.
2012ല്‍ ടോണി മോറിസണ് അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ലഭിച്ചു.
Content Highlights: Nobel Prize-winning author Toni Morrison dies aged 88