സ്റ്റോക്‌ഹോം: സാഹിത്യ നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2018ലെ പുരസ്‌കാരത്തിന് പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകാര്‍ചുക്കും 2019ലെ പുരസ്‌കാരത്തിന് ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍ഡ്‌കെയും അര്‍ഹരായി. 

ലൈംഗികാരോപണങ്ങളെയും സാമ്പത്തിക അഴിമതികളെയും തുടര്‍ന്ന് 2018 ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് 2018ലെയും 2019ലെയും പുരസ്‌കാരങ്ങള്‍ ഒന്നിച്ച് പ്രഖ്യാപിക്കാന്‍ സ്വീഡിഷ് അക്കാദമി തീരുമാനിച്ചത്.

സര്‍വ്വവിജ്ഞാനതുല്യമായ അഭിനിവേശം ജീവിതത്തിന്റെ രൂപമാക്കി അതിരുകള്‍ കടക്കുന്ന ആഖ്യാന ഭാവന എന്നാണ് ഓള്‍ഗ ടോകാര്‍ചുക്കിന്റെ എഴുത്തിനെ സ്വീഡിഷ് അക്കാദമി വിശേഷിപ്പിച്ചത്. ഭാഷാപരമായ ചാതുര്യം ഉപയോഗിച്ച്  മനുഷ്യാനുഭവത്തിന്റെ പരിധികളെയും പ്രത്യേകതകളെയും അന്വേഷിച്ച എഴുത്താണ് പീറ്റര്‍ ഹാന്‍ഡ്കെയുടെതെന്നും അക്കാദമി വിലയിരുത്തി.

പോളിഷ് എഴുത്തുകാരിയും ആക്ടിവിസറ്റുമാണ് 2018ലെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാര ജേതാവ് കൂടിയായ ഓള്‍ഗ ടോകാര്‍ചുക്ക്. ജനപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ഓള്‍ഗ മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ച ആദ്യ പോളിഷ് സാഹിത്യകാരികൂടിയാണ്. 

സിറ്റീസ് ഇന്‍ മീററസ്, ദി ജെര്‍ണി ഓഫ് ദി ബുക്ക് പീപ്പിള്‍, പ്രീമിവെല്‍ ആന്‍ഡ് അദര്‍ ടൈംസ്, ഹൗസ് ഓഫ് ഡേ ഹൗസ് ഓഫ് നൈറ്റ്, ദി വാര്‍ഡൊബിള്‍, ദ ഡോള്‍ ആന്‍ഡ് ദി പേള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഓള്‍ഗയുടെ പ്രധാന കൃതികള്‍ നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 

ഓസ്ട്രിയന്‍ നോവലിസ്റ്റും നാടകകൃത്തും വിവര്‍ത്തകനുമാണ് പീറ്റര്‍ ഹാന്‍ഡ്‌കെ. പഠനകാലത്ത് തന്നെ എഴുത്തുകാരനായി പേരെടുത്ത അദ്ദേഹം നിരവധി ചിത്രങ്ങള്‍ക്കും തിരക്കഥയെഴുതിയിട്ടുണ്ട്.

Content Highlights: Nobel Prize in Literature is awarded to Olga Tokarczuk and Peter Handke