കൊടുമണ്‍: പതിനെട്ടില്‍പരം നോവലുകള്‍, പത്തോളം ചെറുകഥകള്‍, അത്രതന്നെ നാടകങ്ങള്‍, ആറ് സിനിമകളുടെ തിരക്കഥാകൃത്ത്, മഹദ്കൃതികളുടെ വിവര്‍ത്തകന്‍, സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കെതിരേ തൂലിക ചലിപ്പിച്ച എഴുത്തുകാരന്‍.

പേര് പി.അയ്യനേത്ത്. ഒരുകാലത്ത് ആയിരക്കണക്കിന് വായനക്കാരെ ആകര്‍ഷിച്ച സാഹിത്യകാരന്‍. പക്ഷേ, മരിച്ച് 13 വര്‍ഷം കഴിഞ്ഞിട്ടും അദ്ദേഹത്തിനോട് നാട് കാട്ടുന്നത് കടുത്ത അവഗണന.

ജീവിച്ചിരുന്നപ്പോഴും മരിച്ചതിനുശേഷവും അദ്ദേഹം അവഗണിക്കപ്പെട്ടു എന്നതാണ് വാസ്തവം. അദ്ദേഹത്തിന്റെ സ്വന്തംനാട്ടില്‍, പി.അയ്യനേത്തിന് ഒരു സ്മാരകംപോലുമില്ല. അദ്ദേഹത്തെപ്പറ്റിയുള്ള ഓര്‍മകള്‍ വരുംതലമുറയ്ക്ക് കൈമാറുന്നതിന് സഹായിക്കുന്ന ഒരു അവാര്‍ഡുപോലും അദ്ദേഹത്തിന്റെ പേരിലില്ല. 1928 ഓഗസ്റ്റ് 10-ന് ചന്ദനപ്പള്ളിക്കടുത്ത് കുടമുക്ക് അയ്യനേത്ത് കുടുംബത്തില്‍ ജനിച്ച എ.പി.പത്രോസ് ആണ് പി.അയ്യനേത്ത് എന്നപേരില്‍ പ്രസിദ്ധനായത്.

എഴുത്തില്‍ രാജാവ്

വാഴ്‌വേമായം, തിരുശേഷിപ്പ്, ദ്രോഹികളുടെ ലോകം, സ്ത്രീണാംച ചിത്തം, ഇരുകാലികളുടെ തൊഴുത്ത്, കൊടുങ്കാറ്റും കൊച്ചുവെള്ളവും, നെല്ലിക്ക, മനുഷ്യാ നീ മണ്ണാകുന്നു, വേഗത പോരാ പോരാ തുടങ്ങിയ നോവലുകള്‍, പരിസരം കത്തുന്നു, ഹവ്വയുടെ പുത്രന്‍, പത്മവ്യൂഹം, ഒരു പിണക്കത്തിന്റെ അന്ത്യം, ഋതുസംഗമം തുടങ്ങിയ ചെറുകഥകള്‍, വാഴ്വേമായം, തെറ്റ്, മുഹൂര്‍ത്തങ്ങള്‍, ചൂതാട്ടം, സന്ധ്യാവന്ദനം, കര്‍ണപര്‍വം തുടങ്ങിയ സിനിമകളുടെ കഥ-തിരക്കഥ-സംഭാഷണം, ദൈവത്തിന് ഒരുസെന്റ് ഭൂമി, അഗ്‌നിപര്‍വതം, ജീവിതം സ്വപ്നമല്ല, റെഡ് സിഗ്‌നല്‍, ഗാണ്ഡീവം തുടങ്ങിയ നാടകങ്ങള്‍, ഖണ്ഡകാവ്യങ്ങള്‍ അങ്ങനെ എഴുത്തിലും സിനിമയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചു പി.അയ്യനേത്ത്. സത്യന്റെ ഏറ്റവുംനല്ല പത്ത് കഥാപാത്രങ്ങളിലൊന്ന് വാഴ്‌വേമായത്തിലേതാണ്.

അയ്യനേത്തിന് എന്നും വിപ്ലവകാരിയുടെ മനസ്സായിരുന്നു. വൈദികനാകാന്‍ സെമിനാരിയില്‍ പോയ അദ്ദേഹം വൈദിക പഠനം അവസാനിപ്പിച്ച് പ്രീഡിഗ്രിക്കുചേര്‍ന്നു. തുടര്‍ന്ന് തിരുശേഷിപ്പ് എന്ന നോവലെഴുതി. എം.എ.ധനതത്വശാസ്ത്ര ബിരുദധാരിയായ അദ്ദേഹത്തിന് സംസ്‌കൃതത്തിലും നല്ല പാണ്ഡിത്യമുണ്ടായിരുന്നു.

തിരുവനന്തപുരത്ത് ബ്യൂറോ ഓഫ് ഇക്കണോമിക്‌സ് വകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടറായാണ് അദ്ദേഹം സര്‍വീസില്‍നിന്ന് വിരമിച്ചത്. ജോലി കിട്ടുന്നതിനുമുമ്പ് കൈപ്പട്ടൂരില്‍ അദ്ദേഹം ട്യൂട്ടോറിയല്‍ കോളേജ് നടത്തിയിരുന്നു. കേരള കലാക്ഷേത്രം എന്ന നാടകസമിതിയും നടത്തിയിരുന്നു. 2008 ജൂണ്‍ 17-ന് തിരുവനന്തപുരത്തുണ്ടായ റോഡപകടത്തിലാണ് അദ്ദേഹം മരിക്കുന്നത്. ഭാര്യ: പരേതയായ റജീന. മകന്‍: ജോയ് പി.അയ്യനേത്ത്. മകള്‍: ശോശ. കുടമുക്കില്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍ അയ്യനേത്തിന്റെ എഴുത്തുപുര ഇന്നും അതേപടി സൂക്ഷിച്ചിട്ടുണ്ട്. അദ്ദേഹം എഴുതിയ പുസ്തകങ്ങളും അദ്ദേഹം ശേഖരിച്ച പുസ്തകങ്ങളും ഇവിടെയുണ്ട്.

ജീവിച്ചിരുന്നപ്പോള്‍ അര്‍ഹിക്കുന്ന പരിഗണനകിട്ടാതെപോയ മുട്ടത്തുവര്‍ക്കിയെ ഇപ്പോള്‍ അംഗീകരിക്കുന്നതുപോലെ പി.അയ്യനേത്തും അംഗീകരിക്കപ്പെടുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹത്തിന്റെ സഹോദരപുത്രന്‍ അഡ്വ. തോമസ് ജോസ് അയ്യനേത്ത് പറയുന്നു.

പ്രശസ്ത കാഥികന്‍ തേവര്‍തോട്ടം സുകുമാരന്‍ 'വേഗത പോരാ പോരാ' കഥാപ്രസംഗമായി ആയിരക്കണക്കിന് വേദികളില്‍ അവതരിപ്പിച്ചിരുന്നു. 1001 അറേബ്യന്‍ രാവുകള്‍, വിക്രമാദിത്യ കഥാമൃതം, ഗള്ളിവറുടെ യാത്രകള്‍ തുടങ്ങിയവ അദ്ദേഹം സ്വതന്ത്രവിവര്‍ത്തനം നടത്തിയ പ്രശസ്തമായ പുസ്തകങ്ങള്‍ ആണ്.

Content Highlights: P Ayyaneth, writer, Memorial