കൊച്ചി: പ്രേംനസീറിനോടൊപ്പമുള്ള ഒട്ടേറെ ഓര്‍മകള്‍ പങ്കുവെയ്ക്കപ്പെട്ട സായാഹ്നത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മപ്പുസ്തകം 'നിത്യഹരിതം' പ്രകാശനം ചെയ്തു. പ്രേംനസീറിന്റെ ജീവിതവും സിനിമയും കോര്‍ത്തിണക്കി തയ്യാറാക്കിയ പുസ്തകം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് കവിയൂര്‍ പൊന്നമ്മയില്‍നിന്ന് ഏറ്റുവാങ്ങി. പ്രേംനസീര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആര്‍. ഗോപാലകൃഷ്ണനാണ് പുസ്തകം തയ്യാറാക്കിയത്.

ഒരു പാഠപുസ്തകമായിരുന്നു പ്രേംനസീറിന്റെ ജീവിതമെന്ന് മമ്മൂട്ടി പറഞ്ഞു. ആ ജീവിതപാഠങ്ങളാണ് തങ്ങള്‍ക്കും കരുത്തായി മാറിയത്. നസീറിനെക്കുറിച്ചുള്ള രചന പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. തന്റെ അച്ഛന്‍ കോളേജില്‍ പ്രേംനസീറിന്റെ സഹപാഠിയായിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സഹപാഠിയുടെ മകനോടുള്ള കരുതല്‍ അദ്ദേഹത്തിന് എന്നും തന്നില്‍ ഉണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. മനുഷ്യസ്‌നേഹിയായ നടനായിരുന്നു നസീര്‍ എന്ന് കവിയൂര്‍ പൊന്നമ്മ പറഞ്ഞു. ലൊക്കേഷനില്‍ ഒരിലയില്‍നിന്ന് ചോറുണ്ട അനുഭവവും അവര്‍ ഓര്‍ത്തെടുത്തു.

ശ്രീകുമാരന്‍ തമ്പിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പ്രേമഗാനം പോലെ സുന്ദരമായിരുന്നു നസീറിന്റെ മനസ്സെന്ന് അദ്ദേഹം പറഞ്ഞു. പ്രേംനസീര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജി. സുരേഷ്‌കുമാര്‍ അധ്യക്ഷനായി. തലേക്കുന്നില്‍ ബഷീര്‍, കുഞ്ചാക്കോ ബോബന്‍, എം.കെ. മുനീര്‍ എം.എല്‍.എ., നസീറിനോടൊപ്പം അഭിനയിച്ച നടി ടി.പി. രാധാമണി, ഫിലിം ചേംബര്‍ പ്രസിഡന്റ് കെ. വിജയകുമാര്‍, സിബി മലയില്‍, കമല്‍, പ്രേംനസീറിന്റെ മകന്‍ ഷാനവാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആയിരത്തോളം പേജുള്ള പുസ്തകത്തില്‍ പ്രേംനസീറിന്റെ 2,000 ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 150-ലധികം അനുഭവക്കുറിപ്പുകളും അടങ്ങിയതാണ് പുസ്തകം. ആര്‍. ഗോപാലകൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തി. ചടങ്ങിനു ശേഷം എസ്. ജയന്റെ ഗാനാഞ്ജലിയും ഉണ്ടായിരുന്നു.

Content Highlights: Nithya Haritham,Prem Nazir