ന്യൂസീലന്‍ഡിലെ നാഷണല്‍ ലൈബ്രറിയിലെ ബങ്കറുകളില്‍ പതിറ്റാണ്ടുകളായി സംരക്ഷിച്ചു പോരുന്ന ആറുലക്ഷത്തോളം അപൂര്‍വ പുസ്തകങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ലൈബ്രറി അധികൃതര്‍. പല ക്ലാസിക് പുസ്തകങ്ങളുടെയും ആദ്യപതിപ്പുകള്‍ ഉള്‍പ്പടെയുള്ള  ആറ് ലക്ഷത്തോളം വിദേശ പുസ്തകങ്ങളാണ് ലൈബ്രറി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ലൈബ്രറിയുടെ നിലപാടിനെതിരെ ന്യൂസീലാന്‍ഡിലെയും പുറത്തെയും അക്കാദമിക് സമൂഹവും എഴുത്തുകാരും രംഗത്തുവന്നിട്ടുണ്ട്. 

റിച്ചാര്‍ഡ് നെവല്ലേയുടെ പ്ലേ പവര്‍, ജെയിന്‍ ഓസ്റ്റിന്റെ സെന്‍സ് ആന്‍ഡ് സെന്‍സിബിലിറ്റി എന്നിവ  ഉള്‍പ്പടെയുള്ള ക്ലാസിക്ക് പുസ്തങ്ങളുടെ അപൂര്‍വമായ ആദ്യ പതിപ്പുകള്‍ ഉള്‍പ്പെടെയുള്ള പുസ്തകങ്ങളാണ് ലൈബ്രറി ഉപേക്ഷിക്കുന്നത്. ന്യൂസീലന്‍ഡിലെ പുസ്തകങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം കൊടുക്കേണ്ടത് കൊണ്ടാണ് ഈ വിദേശ പുസ്തകങ്ങള്‍ ഉപേക്ഷിക്കുന്നതെന്നാണ് ലൈബ്രറിയുടെ നിലപാട്. ലൈബ്രറി ഉപേക്ഷിക്കുന്ന വിദേശ പുസ്തകങ്ങള്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് ഉപകരിക്കുമെന്നും ലൈബ്രറി അധികൃതര്‍ വ്യക്തമാക്കി. 

''ന്യൂസീലന്‍ഡിന് പുറത്തുള്ള ഒരു ലൈബ്രറിയും ന്യൂസീലന്‍ഡ് പുസ്തകങ്ങള്‍ ശേഖരിക്കാന്‍ പോകുന്നില്ല, അത് ശേഖരിക്കുക എന്നതാണ് നാഷണല്‍ ലൈബറിയിലെ ഞങ്ങളുടെ ജോലി. ന്യൂസീലന്‍ഡ്, മഓരി, പസഫിക് പുസ്തകങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നതിന്റെ ഭാഗമാണ് ഈ നടപടി' - നാഷണ്ല്‍ ലൈബ്രറിയിലെ ഹെഡ് ലൈബ്രേറിയൻ ബില്‍ മാക്‌നോട്ട് പറഞ്ഞു.

അതേസമയം ന്യൂൂസീലന്‍ഡിലെ അക്കാദമിക് സമൂഹവും എഴുത്തുകാരും ചരിത്രകാരന്‍മാരുമെല്ലാം ലൈബ്രറിയുടെ ഈ നടപടിയോട് രൂക്ഷമായാണ് പ്രതികരിച്ചത്. ലൈബ്രറി ഉപേക്ഷിക്കാനൊരുങ്ങുന്ന പുസ്തകങ്ങളുടെ ലിസ്റ്റ് കണ്ടപ്പോള്‍ താന്‍ അക്ഷരാര്‍ഥത്തില്‍ കരയുകയാണ് ഉണ്ടായതെന്ന് ന്യൂസീലാന്‍ഡിലെ സ്വതന്ത്ര്യ ചിന്തകനായ മൈക്കല്‍ പ്രിന്‍ഗ്ലേ പറഞ്ഞു. ചിലപ്പോള്‍ ലോകത്ത് മറ്റൊരിടത്തും നമുക്ക് ഈ പുസ്തകങ്ങള്‍ കിട്ടിയെന്ന് വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഒഴിവാക്കുന്ന പുസ്തകങ്ങള്‍ പ്രാദേശിക ലൈബ്രറികള്‍ക്കും ജയില്‍ ലൈബ്രറികള്‍ക്കും ജീവകാരുണ്യ പുസ്തക വിൽപനകള്‍ക്കായും നല്‍കാനാണ് നാഷണല്‍ ലൈബ്രറിയുടെ തീരുമാനം. ഉപേക്ഷിക്കുന്നതിന് മുന്‍പായി ലൈബ്രേറിയന്മാർ പുസ്തകം വിലയിരുത്തി അതിന്റെ മൂല്യം കണക്കാക്കുമെന്ന് ലൈബ്രറി അധികൃതര്‍ പറയുന്നുണ്ട്. എന്നാല്‍ അതത് വിഷയങ്ങളിലെ വിദഗ്ധന്‍മാരില്ലാതെ ഇക്കാര്യം ചെയ്യാനാകില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ന്യൂസീലന്‍ഡില്‍ നേരത്തെയും ഇത്തരത്തില്‍ പുസ്തകങ്ങള്‍ ഉപേക്ഷിട്ടുണ്ടെങ്കിലും ഇത്രയധികം പുസ്തകങ്ങള്‍ ഉപേക്ഷിക്കുന്ന നടപടി പുസ്തകപ്രേമികളെ വല്ലാതെ ആശങ്കയിലാക്കിയിട്ടുണ്ട്. ന്യൂസീലന്‍ഡിലെ പ്രമുഖരായ എഴുത്തുകാരെല്ലാം ഈ നടപടിക്കെതിരേ രംഗത്ത് വന്നുകഴിഞ്ഞു.

Story Courtesy: the guardian

Content Highlights: New Zealand's National Library culls 600,000 books