ലൈംഗികാരോപണങ്ങളും സാമ്പത്തിക അഴിമതിയും നിറംകെടുത്തിയ ഒരുവര്‍ഷത്തിനുശേഷമാണ് സ്വീഡിഷ് അക്കാദമി രണ്ടുവര്‍ഷത്തെ സാഹിത്യ നൊബേല്‍ ഒന്നിച്ചു പ്രഖ്യാപിച്ചത്. 2018-ലെ നൊബേലിന് പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകാര്‍ട്ചുകിനെ തിരഞ്ഞെടുത്ത അക്കാദമി 2019-ലെ പുരസ്‌കാരം നല്‍കിയത് ഓസ്ട്രിയന്‍ നോവലിസ്റ്റും നാടകകൃത്തുമായ പീറ്റര്‍ ഹാന്‍ഡ്‌കെയ്ക്കാണ്. പീറ്റര്‍ ഹാന്‍ഡ്‌കെയെ തിരഞ്ഞെടുത്തതിനെതിരെയും വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഹന്‍ഡ്കെയുടെ നോവലുകള്‍ക്കും നാടകങ്ങള്‍ക്കും ലോകമെമ്പാടും ആരാധകരുണ്ടെങ്കിലും രാഷ്ട്രീയ നിലപാടുകളാണ് എതിര്‍പ്പുകള്‍ക്ക് വഴി തുറന്നിരിക്കുന്നത്. 

ഹാന്‍ഡ്കെയ്ക്ക് സാഹിത്യ നൊബേല്‍ നല്‍കാനുള്ള അക്കാദമിയുടെ തീരുമാനം അല്‍ബേനിയ, ബോസ്‌നിയ, കൊസോവോ എന്നിവിടങ്ങളില്‍ വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്. അന്തരിച്ച സെര്‍ബിയന്‍ നേതാവ് സ്ലോബോദന്‍ മിലോസെവിച്ചിന്റെ ആരാധകനായാണ് ഹാന്‍ഡ്‌കെ അറിയപ്പെടുന്നത്. ഇതും ഹാന്‍ഡ്കെയുടെ സെര്‍ബ് അനുകൂല പരാമര്‍ശങ്ങളുമാണ് അദ്ദേഹത്തെ  ഒരു വിഭാഗത്തിന് അനഭിമതനാക്കുന്നത്. 

1990 കളിലെ യൂഗോസ്ലാവ് യുദ്ധകാലത്ത് സെര്‍ബുകളെ പിന്തുണച്ചതിന്റെ പേരില്‍ ഹന്‍ഡ്‌കെ വന്‍വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. 1996-ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'എ ജേര്‍ണി ടു ദി റിവേഴ്സ്: ജസ്റ്റിസ് ഫോര്‍ സെര്‍ബിയ' എന്ന യാത്രാവിവരണവും വിവാദങ്ങള്‍ക്ക് കാരണമായി. നാറ്റോ ബെല്‍ഗ്രേഡിന് നേരെ 1999 ല്‍ ബോംബ് ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് ജര്‍മ്മനി സമ്മാനിച്ച ബ്യൂക്നര്‍ സമ്മാനം അദ്ദേഹം തിരിച്ചുനല്‍കി.

"നൊബേല്‍ സമ്മാനം കാരണം ഛര്‍ദ്ദി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല '' എന്നാണ് അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡി റാമ  ട്വിറ്ററില്‍ കുറിച്ചത്. നൊബേല്‍ അക്കാദമി പോലെ ഒരു ധാര്‍മ്മികതയുള്ള ഒരു അതോറിറ്റി അപമാനകരമായ തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നു. ലജ്ജ ഒരു പുതിയ മുദ്രയായിരിക്കുന്നു. ഇല്ല, വംശീയതയോടും വംശഹത്യയോടും സമരസപ്പെടാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. - റാമ കുറിച്ചു. 

പീറ്റര്‍ ഹാന്‍ഡ്‌കെയ്ക്ക് നൊബേല്‍ സമ്മാനം നല്‍കാനുള്ള തീരുമാനം എണ്ണമറ്റ ഇരകളെ വല്ലാതെ വേദനിപ്പിച്ചു എന്ന് കൊസോവോ പ്രസിഡന്റ് ഹാഷിം താസി ട്വിറ്ററില്‍ കുറിച്ചു. മിലോസെവിച്ചിനെ പിന്തുണയ്ക്കുന്നവരും സെര്‍ബിയന്‍ വംശഹത്യയില്ലെന്ന് പറയുന്നവരും നൊബേല്‍ സാഹിത്യ സമ്മാനിതനായിരിക്കുന്നു എന്നാണ് ഒരു പത്രം എഴുതിയത്. 

2006 ല്‍ യുദ്ധക്കുറ്റവാളിയായ സെര്‍ബിയന്‍ നേതാവ് മിലോസെവിച്ചിന്റെ സംസ്‌കാരച്ചടങ്ങില്‍ പീറ്റര്‍ ഹാന്‍ഡ്‌കെ നടത്തിയ പ്രസംഗവും വിവാദമായിരുന്നു. സെര്‍ബുകള്‍ നടത്തിയ കൂട്ടക്കൊലകള്‍ യഥാര്‍ഥത്തില്‍ സംഭവിച്ചതല്ലെന്നു വാദിച്ച ഹന്‍ഡ്കെ, 2014 ല്‍ ഇബ്സന്‍ പുരസ്‌കാരം സ്വീകരിക്കാന്‍ നോര്‍വെയില്‍ എത്തിയപ്പോള്‍ 'ഫാഷിസ്റ്റ്' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധക്കാര്‍ എതിരേറ്റത്. 

Content Highlights: Never thought would feel to vomit because of a Nobel Prize, Outrage Over Literature Nobel For Peter Handke