ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായി ഉയര്‍ന്നിരിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഒരു പുസ്തകം. 'നരേന്ദ്രമോദി: ക്രിയേറ്റിവ് ഡിസ്‌റപ്റ്റര്‍ -ദ മേക്കര്‍ ഓഫ് ന്യൂ ഇന്ത്യ' (Narendra Modi: Creative Disruptor - The Maker of New India) എന്ന പുസ്തകം എഴുതിയിരിക്കുന്നത് ബിജെപിയുടെ ഇന്റലെക്ച്വല്‍ സെല്‍ മുന്‍ കണ്‍വീനറായ ആര്‍. ബാലശങ്കറാണ്. 

300 പേജുള്ള പുസ്തകത്തിന് 17 അധ്യായങ്ങളാണുള്ളത്. 40 ഓളം 'അപൂര്‍വ്വവും പ്രസക്തവു'മായ ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവാര്‍ഡ് വാപ്പസി, നോട്ട് നിരോധനം, ന്യൂനപക്ഷ പ്രശ്‌നങ്ങള്‍, കിട്ടാക്കടം, റഫാല്‍ ഇടപാട്, വിദേശ നയം, മോദിയും അമിത്ഷായും തമ്മിലുള്ള ബന്ധവും സാമൂഹ്യ പരിഷ്‌കരണവും, തുടങ്ങിയവയാണ് പുസ്തകം ചര്‍ച്ച ചെയ്യുന്നത്. കഴിഞ്ഞ നാലര വര്‍ഷത്തെ ബി.ജെ.പി ഭരണത്തിനിടയിലുണ്ടായ എല്ലാ പ്രധാന വിവാദ വിഷയങ്ങളും പുസ്തകം ചര്‍ച്ച ചെയ്യുന്നു.

പ്രധാനമന്ത്രി എന്ന നിലയില്‍ മോദി എടുത്ത തീരുമാനങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് പുസ്തകമെന്ന് ഓര്‍ഗനൈസര്‍ മുന്‍ എഡിറ്ററായിരുന്നു ആര്‍.ബാലശങ്കര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 'ഒരു ക്ലിക്കിലോ, ഫോണ്‍ കോളിലോ, ട്വീറ്റിലോ സര്‍ക്കാര്‍ പൗരന് അടുത്തെത്തി എന്നതാണ് 2014ല്‍ ഉണ്ടായ ഏറ്റവും വലിയ പരിവര്‍ത്തനം.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മോദിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി എത്തുന്ന പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ്. ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആമുഖവും, നിധിന്‍ ഗഡ്കരി തന്റെ കാഴ്ചപ്പാടുകളും എഴുതിയിരിക്കുന്നു. 

ഡിസംബര്‍ ആദ്യവാരം ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രകാശനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദി, ഗുജറാത്തി, പഞ്ചാബി, മറാത്തി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലേക്ക് പുസ്തകം പരിഭാഷപ്പെടുത്തും. 2019 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു ലക്ഷം കോപ്പികള്‍ ജനങ്ങളിലെത്തിക്കാനാണ് തീരുമാനം.

Content Highlights: Narendra Modi Creative Disruptor The Maker of New India, R Balashankar, Amit Shah, Narendra Modi