നമ്പയിൽ ഗോപിനാഥൻ
രാമനാട്ടുകര: റിട്ടയര്‍മെന്റ് ജീവിതം വിരസമാക്കാതെ വീട്ടില്‍ റഫറന്‍സ് ലൈബ്രറിയൊരുക്കി ചിത്രകലാ അധ്യാപകന്. രാമനാട്ടുകര സേവാമന്ദിരം ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപത്തെ സോണി കോട്ടേജ് എന്ന വീട്ടിലെ നമ്പയില്‍ ഗോപിനാഥനാണ് എണ്‍പതാം വയസ്സിലും ചിത്രകലയെ ആരാധിക്കുന്നത്. സേവാമന്ദിരം ഹൈസ്കൂളില്‍നിന്ന് 1999-ല്‍ വിരമിക്കുന്നതിനുമുമ്പ് തുടങ്ങിയതാണ് പുസ്തകത്തോടും പ്രസിദ്ധീകരണങ്ങളോടുമുള്ള താത്പര്യം.
പത്രത്താളുകളിലും മാസികകളിലും വരുന്ന അപൂര്‍വവും മനോഹരവുമായ ഫോട്ടോകള്‍ കണ്ടാല്‍ പിന്നെ ഗോപിനാഥന് വെറുതേയിരിക്കില്ല. അത് വെട്ടിയെടുത്ത് ഭംഗിയായി കാര്‍ഡുകളില്‍ ഒട്ടിക്കും. വര്‍ഷങ്ങളായി തുടരുന്ന പണിയാണിത്. തനിക്ക് ലഭിക്കുന്ന ക്ഷണക്കത്തുകളുടെ പ്രിന്റ് ചെയ്യാത്ത ഭാഗം മുറിച്ചെടുത്ത് അതിലാണ് പല ചിത്രങ്ങളും ഒട്ടിക്കുക.
.jpg?$p=b26b7e4&&q=0.8)
വിദേശമാസികകള്, 40 വര്‍ഷത്തിലധികം പഴക്കമുള്ള, സ്പെഷ്യല്‍ പതിപ്പായി ഇറക്കിയ ആരോഗ്യമാസികകള്‍, കടല്‍വിഭവങ്ങളുടെ ശേഖരം, കരകൗശലവസ്തുക്കള്‍, നാണയം, സ്റ്റാമ്പുകള്‍ എന്നിവയുടെയെല്ലാം ശേഖരം ഈ അധ്യാപകന്റെ പക്കലുണ്ട്. ഇന്ത്യയിലെ പ്രമുഖനേതാക്കള്‍, കേരളത്തിലെ പ്രമുഖനേതാക്കള്‍, എന്നിവരുടെ വിവരങ്ങള്‍ പ്രത്യേകമായി തരംതിരിച്ച് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഗാന്ധിയന്‍ പ്രസിദ്ധീകരണങ്ങള്‍, കമ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങള്‍, വൈദ്യശാസ്ത്രം, ജീവചരിത്രം, സയന്‍സ്, ആര്‍ട്ട് എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങളെല്ലാം പലസ്ഥലങ്ങളില്‍ പോകുമ്പോഴാണ് ശേഖരിക്കുന്നത്.
പത്രങ്ങളില്‍ വരുന്ന കട്ടിങ്ങുകള്‍ ശേഖരിച്ച് ഫയലാക്കി 30 എണ്ണത്തോളം നിര്‍മിച്ചിട്ടുണ്ട്. ഇതില്‍ മൂന്നെണ്ണം കോഴിക്കോടിന്റെ ചരിത്രംതന്നെയാണ്. മലബാര്‍, തിരുവിതാംകൂര്‍, മൈസൂര്‍ അധിനിവേശം എന്നിവ പ്രത്യേകമായി തരംതിരിച്ചിട്ടുണ്ട്. പഠനസംബന്ധമായി ഉണ്ടാകുന്ന സംശയനിവാരണത്തിന് കുട്ടികള്‍ ഗോപിനാഥനെ സമീപിക്കാറുണ്ട്. ആധ്യാത്മികപുസ്തകത്തിന്റെ ശേഖരവുമുണ്ട്. ഏകദേശം രണ്ടായിരത്തോളം പുസ്തകങ്ങള്‍ വീട്ടിലുണ്ട്. ഇതില്‍ കുറെ പുസ്തകങ്ങള്‍ രാമനാട്ടുകര വായനശാലയിലേക്ക് അടുത്തകാലത്ത് സംഭാവനയായി നല്കി.

സേവാമന്ദിരം സ്കൂള്സ്ഥാപകന്
കെ. രാധാകൃഷ്ണ മേനോന്
ജവാഹര്‍ ലാല്‍ നെഹ്രു
നല്കിയ ചെക്കിന്റെ കോപ്പി
പത്രങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുവന്ന പല അപൂര്‍വ ചിത്രങ്ങളും മനോഹരമായി സൂക്ഷിച്ചുവെച്ചത് കാണാന്‍ രസമാണ്. കടലുണ്ടി സ്വദേശിയായ ഗോപിനാഥന് പഠിച്ചത് ചാലിയം ഉമ്പിച്ചി ഹൈസ്കൂളിലായിരുന്നു. അന്ന് ഒമ്പതാംക്ലാസില്‍ പഠിച്ചപ്പോള്‍ വരച്ച ചിത്രം ഇപ്പോഴും ഗോപിനാഥന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. ഗോപിനാഥന്റെ അച്ഛന് പരേതനായ നമ്പയില്‍ കുമാരന് കടലുണ്ടിയിലെ പ്രമുഖ ആധാരമെഴുത്തുകാരനായിരുന്നു. 1936-ല്‍ അദ്ദേഹം മഷിമുക്കി എഴുതുന്ന പേനകൊണ്ടെഴുതിയ ആധാരത്തിന്റെ കോപ്പിയും പുസ്തകശേഖരത്തിലുണ്ട്.
നാനൂറോളം പേജുകളുള്ള തന്റെ തറവാടിന്റെ സംക്ഷിപ്ത ചരിത്രപഠന മാര്‍ഗരേഖ ഗോപിനാഥന് എഴുതിയിട്ടുണ്ട്. സേവാമന്ദിരം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സ്ഥാപിക്കാന്‍ നെഹ്രു നല്കിയ ചെക്കിന്റെ ഫോട്ടോകോപ്പിയും പുസ്തകശേഖരത്തിലുണ്ട്. സേവാമന്ദിരത്തില്നിന്ന് വിരമിച്ച അധ്യാപിക എ.പി. ഭവാനിയാണ് ഭാര്യ. അധ്യാപകരായ സോണി, സോജി, സോബി എന്നിവര്‍ മക്കളാണ്.
Content Highlights: nambayil gopinathan, drawing teacher, books collection
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..