ഡോ. ക്രിസ്റ്റീന ബ്ലസി ഫോര്‍ഡ്, പദ്മലക്ഷ്മി, പാറ്റി ഡേവിസ്, തനുശ്രീ ദത്ത. ഇപ്പോള്‍ ബ്രിട്ടീഷ് ഗായിക ലിലി അലനും. പുറത്തിറങ്ങാന്‍ പോകുന്ന ആത്മകഥാംശമുള്ള 'മൈ തോട്സ് എക്സാക്റ്റിലി' എന്ന പുസ്തകത്തിലാണ് ലിലി ദുരനുഭവം വിവരിക്കുന്നത്. പതിനാലു വയസ്സില്‍ നേരിട്ട അതിക്രമത്തെക്കുറിച്ചാണ് മുപ്പത്തിമൂന്നുകാരിയായ ലിലി തുറന്നു പറയുന്നത്. 

ബലാത്സംഗത്തിനിരയാക്കിയത് പിതാവിന്റെ സുഹൃത്തുകൂടിയായ പ്രമുഖന്‍. അയാള്‍ക്ക് അന്ന് പത്തൊന്‍പതു വയസ്സ്. ആ പേര് പക്ഷേ, വെളിപ്പെടുത്തിയിട്ടില്ല. 'അന്ന് അയാള്‍ തന്റെ സ്പോര്‍ട്സ് കിറ്റ് മനഃപൂര്‍വം പിതാവിന്റെ കാറില്‍ വെച്ചുപോയി. പിന്നീട് അത് ഹോട്ടലിലേക്ക് കൊടുത്തയക്കാന്‍ പിതാവിനോട് (അഭിനേതാവ് ഗ്രെഗ് അലന്‍) ആവശ്യപ്പെട്ടു. കിറ്റുമായി ചെല്ലുമ്പോള്‍ അയാള്‍ ബാറിലായിരുന്നു. 

തനിക്കും മദ്യം നല്‍കി. അതിനു ശേഷം മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇക്കാര്യം പക്ഷേ, പിതാവിനോട് പോലും പറയാതെ മനസില്‍ കുഴിച്ചിട്ടു' - പുസ്തകത്തില്‍ ലിലി പറയുന്നു. പിന്നീട് മറ്റൊരു ദുരന്തസത്യം കൂടി തിരിച്ചറിഞ്ഞു. തന്റെ പിതാവും ആ ക്രൂരമായ തമാശയ്ക്ക് കൂട്ടുനിന്നിരുന്നു എന്ന് - ലിലി എഴുതുന്നു.

പിന്നീടും തന്റെ ജീവിതത്തില്‍ ലൈംഗിക അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ലിലി തുറന്നെഴുതുന്നു. ഈ പുസ്തകത്തില്‍ പൂര്‍ണമായും വിസ്‌ഫോടനങ്ങള്‍ സൃഷ്ടിക്കുന്ന വെളിപ്പെടുത്തലുകളാണെന്ന് 'ദ ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.