'വളരെ ചെറുപ്പത്തിൽ വൈക്കം മുഹമ്മദ് ബഷീറിനെ കണ്ടതായ ഓർമയുണ്ട്. അദ്ദേഹത്തിന്റെ മിക്ക കഥകളും പ്രസിദ്ധീകരിച്ചത് മാതൃഭൂമിയാണ്.സാറാമ്മയും കേശവൻനായരും തമ്മിലുള്ള പ്രണയബന്ധം ബഷീർ എഴുതിയ കാലത്തും വിപ്ലവകരമാണ്, ഇന്നും നാളെയും അങ്ങനെ തന്നെയാണ്'- മാതൃഭൂമി മാനേജിങ് ഡയറക്ടറും രാജ്യസഭാംഗവുമായ എം.വി ശ്രേയാംസ്കുമാർ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയേഴാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ടു സംസാരിക്കവേ പറഞ്ഞു. ബേപ്പൂർ വൈലാലിലെ വീട്ടിൽ വെച്ചായിരുന്നു അനുസ്മരണച്ചടങ്ങ്.

'ബഷീറിന്റെ പ്രയോഗങ്ങൾ ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് രാഷ്ട്രീയക്കാരാണ്- എട്ടുകാലിമമ്മൂഞ്ഞ് എന്ന പ്രയോഗം തന്നെ ഏറ്റവും വലിയ ഉദാഹരണം. അച്ഛനെപ്പോഴും പറയുമായിരുന്നു വിശ്വസാഹിത്യകാരന്മാർ എന്നാൽ അവരുടെ ചുറ്റുവട്ടത്തു തന്നെ ഇരുന്നുകൊണ്ട് അനുഭവങ്ങൾ പകർത്തുന്നവരാണ് എന്ന്. ബഷീറിന്റെ കാര്യത്തിൽ അത് വളരെ സത്യവുമാണ്. തന്റേതായ ശൈലിയിൽ ഒരു തലമുറയെയും വരാൻപോകുന്ന തലമുറയെയും സ്വാധീനിച്ച കഥാകാരൻ ആണ് ബഷീർ. മലയാളമറിയാത്ത സാഹിത്യ-സാംസ്കാരികപ്രവർത്തകർ ബഷീറിൽ ആകൃഷ്ടനായിരുന്നു എന്നതിന്റെ തെളിവായിരുന്നു അദ്ദേഹത്തിന്റെ നൂറാം ജന്മവാർഷികദിനത്തിൽ യു.ആർ അനന്തമൂർത്തിയെപ്പോലെയുള്ള എഴുത്തുകാർ കോഴിക്കോട് വന്നുചേർന്നത്. അദ്ദേഹത്തിന്റെ ഓർമകൾക്കുമുമ്പിലും സാഹിത്യസംഭാവനകൾക്കുമുമ്പിലും ഈ അവസരത്തിൽ നമിക്കുന്നു. വർഷം ഒന്നു കഴിഞ്ഞാലും ഇരുപത്തേഴ് കഴിഞ്ഞാലും നഷ്ടവേദന വേദന തന്നെയാണ്; പ്രത്യേകിച്ചും ആത്മബന്ധമുള്ള മക്കളും അച്ഛനും ആണെങ്കിൽ. വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമകൾക്കുമുന്നിൽ പ്രണാമങ്ങളർപ്പിക്കുന്നു'- എം.വി ശ്രേയാംസ് കുമാർ പറഞ്ഞു.

Content Highlights : MV SreyamsKUmar MP Remembers Vaikom Muhammed Basheer on his 27 Death Anniversary