തിരുവനന്തപുരം: ഫേസ്ബുക്ക് അവിയലുണ്ടാക്കുമോ? ഉണ്ടാക്കിയാല്‍ ഇതാവും ചേരുവ. കഥ, കവിത, യാത്രാവിവരണം, ചരിത്രം, പുരാണം എന്നിവ സമാസമം, പുളു മേമ്പൊടി. ഇങ്ങനെയുണ്ടാക്കിയ അവിയലിന്റെ രുചിയറിയാന്‍ ഇതാ ഒരു പുസ്തകം. പേര് അവിയല്‍. എഴുതിയത് പല രാജ്യങ്ങളിലായി പല ജോലി ചെയ്യുന്ന ഒമ്പതുപേര്‍.

എന്താണിതെന്ന് അവിയലിന് 'പച്ചക്കറി അരിഞ്ഞവരില്‍' ഒരാളായ മാതൃഭൂമി ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍ ശ്രീജ ശ്യാം പറയുന്നു. 'ഒന്നിച്ചു നേരില്‍ കണ്ടിട്ടു പോലുമില്ലാത്ത ഒമ്പതുപേരുടെ ഒരു വര്‍ഷത്തെ സൗഹൃദമാണ് ഈ പുസ്തകത്തിന് പിന്നില്‍. എല്ലാവരും ചേര്‍ന്ന ഫേസ്ബുക്ക് കൂട്ടായ്മയായ കിനാശ്ശേരിയിലാണ് സൗഹൃദം പന്തലിച്ചത്. ആ സൗഹൃദത്തിലൂടെ ഉരുത്തിരിഞ്ഞ ചേരുവകള്‍ ഒന്നിച്ചുചേര്‍ന്ന് ഒടുക്കം അവിയലെന്ന പേരില്‍ പുസ്തകമായി'.  

ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്തലഘൂകരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടിയുടെ പോസ്റ്റുകള്‍ എതിര്‍ത്തും അനുകൂലിച്ചുമാണും മറ്റ് എട്ടുപേരും ആദ്യം ഒന്നിച്ചത്. വ്യത്യസ്ത സാഹചര്യത്തില്‍ വെവ്വേറെ സ്ഥലങ്ങളില്‍(രാജ്യങ്ങളിലും) പോലുമാണെന്നതൊന്നും കൂട്ടുകെട്ടിനെ ബാധിച്ചില്ല.

തുമ്മാരുകുടി ജനീവയിലാണെങ്കില്‍ നിയമത്തിലും ക്രിമിനോളജിയിലും വിദഗ്ദ്ധയായ ദീപ പ്രവീണ്‍ വെയ്ല്‍സിലാണ്. ശ്രീജ തിരുവനന്തപുരത്തും ഓട്ടോ സെയില്‍സ് കണ്‍സള്‍ട്ടന്റായ സംഗീത് സുരേന്ദ്രന്‍ മൈസൂരിലും പാലിയേറ്റീവ് മെഡിസിനില്‍ കണ്‍സള്‍ട്ടന്റായ ഡോ.നസീന മേത്തല്‍ ഇംഗ്ലണ്ടിലുമാണ്. ജയറാം സുബ്രഹ്മണിയാകട്ടെ പെരുമ്പാവൂരില്‍ അഭിഭാഷകനായി ജോലി ചെയ്യുന്നു. ഇംഗ്ലണ്ടില്‍ കണ്‍സള്‍ട്ടന്റായ സ്മിതാ വി.ശ്രീജിത്ത്, മറ്റൊരു ഇംഗ്ലണ്ടുകാരിയായ നെറ്റ് വര്‍ക്ക് റെയില്‍ ഉദ്യോഗസ്ഥ പ്രിയ കിരണ്‍, കുവൈറ്റില്‍ മൈക്രോബയോളജിസ്റ്റായ ഷാജു വി.ഹനീഫ് എന്നിവര്‍ കൂടിയായപ്പോള്‍ ചേരുവ പൂര്‍ണ്ണം.

മുരളി തുമ്മാരുകുടിയുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

സുക്കറണ്ണന്(മാര്‍ക്ക് സുക്കര്‍ബര്‍ഗ്) സമര്‍പ്പിച്ചിരിക്കുന്ന പുസ്തകം ഇക്കഴിഞ്ഞ ശനിയാഴ്ച തൃശൂരില്‍ പ്രകാശനം ചെയ്തു. ഫേസ്ബുക്ക് വിനാശകരമായ ഒരു കണ്ടെത്തലാണെന്ന് വിലയിരുത്തുന്നവരുണ്ടാകും. പക്ഷേ, അത് കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ ആമുഖത്തില്‍ പറയുന്നത് പോലെയുമാണ്. 'മറ്റേതൊരു സാങ്കേതികവിദ്യയെയും പോലെ ഗുണകരമായതും അല്ലാത്തതുമായ വശങ്ങളുണ്ട് സമൂഹമാദ്ധ്യമത്തിനും. ക്രിക്കറ്റ് കളിക്കാനുപയോഗിക്കുന്ന ബാറ്റുകൊണ്ട് സെഞ്ചുറിയടിക്കാം, കാറ് തല്ലിപ്പൊളിക്കാം, വേണമെങ്കില്‍ ആളുകളുമായി അടിയുണ്ടാക്കാം. അതൊന്നും ബാറ്റിന്റെ കുഴപ്പമല്ലല്ലോ..'