കുമരനല്ലൂര്‍ (പാലക്കാട്): നമ്മോട് സംസാരിക്കുമ്പോഴും ഹൃദയത്തില്‍ കവിതയെഴുതുന്ന അക്കിത്തത്തിന്റെ സ്‌നേഹം ആവോളം ആസ്വദിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നെന്ന് എം.ടി. വാസുദേവന്‍നായര്‍. ജ്ഞാനപീഠം നേടിയ മഹാകവി അക്കിത്തം പഠിച്ച കുമരനല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കിയ സ്വീകരണച്ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു എം.ടി.

ഞാന്‍ പഠിച്ചിരുന്നകാലത്ത് അക്കിത്തം ഇവിടെ കളിച്ച നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതുകണ്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്, കൂടല്ലൂരിലെ വീട്ടില്‍നിന്ന് ഈ പറക്കുളം കുന്നുകയറി ഞാന്‍ അക്കിത്തത്തിന്റെ മനയിലെത്തും. പത്തായപ്പുരയില്‍നിന്ന് അന്ന് അദ്ദേഹത്തിന്റെ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വായിക്കാന്‍ തരും. ഗുരുസ്ഥാനീയനായ അക്കിത്തം എനിക്ക് ജ്യേഷ്ഠനെപ്പോലെ പ്രിയങ്കരനാണ്. കോഴിക്കോട് അദ്ദേഹത്തിനൊപ്പം താമസിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. അന്ന് അദ്ദേഹം കവിതകളെഴുതി. വാസൂ ഇത് വായിക്കൂ, എന്ന് പറയും. അക്കാലത്ത് മാതൃഭൂമിയില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്ന എനിക്ക് സാഹിത്യവഴിയിലേക്കുള്ള വാതില്‍ തുറന്നിടുകയായിരുന്നു അദ്ദേഹം. എറണാകുളത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന കേരളപത്രികയില്‍ അടിച്ചുവന്ന തന്റെ കഥയില്‍ മാരാരുടെ ഹോട്ടലില്‍ കടുക് വറുക്കുന്ന മണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സ്ഥലത്തിന്റെ മാര്‍ജിനില്‍ ഭേഷ് എന്ന് അക്കിത്തം കുറിച്ചത് തനിക്ക് വലിയ പ്രചോദനമായെന്നും എം.ടി. പറഞ്ഞു.

അക്കിത്തത്തിന്റെ കവിതകള്‍ താന്‍ മനസ്സില്‍ സൂക്ഷിക്കുണ്ടെന്നും അക്കിത്തത്തെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ മനോഹര നിമിഷമാണെന്നും അദ്ദേഹം തുടര്‍ന്നു. പഠനകാലത്തുണ്ടായിരുന്ന അധ്യാപകരെയും എം.ടി. അനുസ്മരിച്ചു.

കപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറ അധ്യക്ഷയായി. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികൂടിയായ റിട്ട. ജസ്റ്റിസ് കെ.ടി. ശങ്കരന്‍, മലയാളം സര്‍വ കലാശാലാ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍, സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനന്‍, പ്രഭാവര്‍മ, ആലങ്കോട് ലീലാകൃഷ്ണന്‍, ടി.ഡി. രാമകൃഷ്ണന്‍, വിജു നായരങ്ങാടി, ചിത്രകാരനും അക്കിത്തത്തിന്റെ സഹോദരനുമായ അക്കിത്തം നാരായണന്‍, രാമകൃഷ്ണന്‍ കുമരനല്ലൂര്‍, എം.പി. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കവി പി. രാമന്‍ അക്കിത്തത്തിന്റെ കവിത ആലപിച്ചു. പ്രഭാവര്‍മയുടെ കവിതാസമാഹാരം ചടങ്ങില്‍ പ്രകാശനം ചെയ്തു. മഹാകവി അക്കിത്തം മറുപടിപ്രസംഗം നടത്തി. കപ്പൂര്‍ ഗ്രാമപ്പഞ്ചായത്തായിരുന്നു പരിപാടിയുടെ സംഘാടകര്‍.

മലയാളം സര്‍വകലാശാല ഡി-ലിറ്റ് ബഹുമതി നല്‍കും

കുമരനല്ലൂര്‍: മഹാകവി അക്കിത്തത്തിന് മലയാളം സര്‍വകലാശാലയുടെ ആദ്യ ഡി-ലിറ്റ് ബഹുമതി നല്‍കുമെന്ന് മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ പറഞ്ഞു. എം.ടി. വാസുദേവന്‍നായര്‍ക്ക് ആദ്യ എമിററ്റസ് പ്രൊഫസര്‍ ബഹുമതി നല്‍കുമെന്നും ഡോ. അനില്‍ വള്ളത്തോള്‍ വ്യക്തമാക്കി.

Content Highlights: MT Vasudevan Nair, speech, Akkitham Achuthan Namboothiri