കോഴിക്കോട്: മലയാളസാഹിത്യത്തിലെ മുന്‍നിര എഴുത്തുകാര്‍ക്ക് വഴിയൊരുക്കിയ മാതൃഭൂമി വിഷുപ്പതിപ്പ് ഒന്നരപ്പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തുന്നു. 1969-ല്‍ പുതിയ സാഹിത്യപ്രതിഭകളെ കണ്ടെത്താനായി മാതൃഭൂമി വിഷുപ്പതിപ്പ് ആരംഭിക്കുമ്പോള്‍ നേതൃത്വം നല്‍കിയ എം.ടി. വാസുദേവന്‍ നായരാണ് പുതിയ വിഷുപ്പതിപ്പിന്റെ ഗസ്റ്റ് എഡിറ്റര്‍.

പതിനഞ്ചുവര്‍ഷം മുന്‍പ് നിലച്ച സാഹിത്യമത്സരങ്ങള്‍ പുനരാരംഭിച്ചപ്പോള്‍ കേരളത്തിനകത്തും പുറത്തുമുള്ള കലാലയവിദ്യാര്‍ഥികളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എം.ടി.യുടെ മേല്‍നോട്ടത്തില്‍ കേരളത്തിലെ മുന്‍നിര എഴുത്തുകാരും നിരൂപകരുമടങ്ങിയ ജൂറിയാണ് വിധി നിര്‍ണയിച്ചത്. മത്സരഫലവും സമ്മാനംനേടിയ രചനകളും പ്രസിദ്ധീകരിച്ച വിഷുപ്പതിപ്പ് ഏപ്രില്‍ 14-ന് വായനക്കാരിലെത്തും. വിഷുപ്പതിപ്പിന്റെ ചരിത്രവും പ്രസക്തിയും വിശദീകരിക്കുന്ന എം.ടി. വാസുദേവന്‍ നായരുമായുള്ള അഭിമുഖവും ഉള്ളടക്കമാണ്. 1954-ല്‍ ലോക കഥാമത്സരത്തോടനുബന്ധിച്ച് മാതൃഭൂമി നടത്തിയ മത്സരത്തില്‍ ഒന്നാംസമ്മാനം നേടിയ 'വളര്‍ത്തുമൃഗങ്ങള്‍' എന്ന കഥയിലൂടെയായിരുന്നു എം.ടി.യുടെ സാഹിത്യപ്രവേശനം.

എന്‍.എസ്. മാധവന്‍, എന്‍. പ്രഭാകരന്‍, ഡി. വിനയചന്ദ്രന്‍, സി.ആര്‍. പരമേശ്വരന്‍, അഷിത, അയ്മനം ജോണ്‍, സുഭാഷ് ചന്ദ്രന്‍, ചന്ദ്രമതി, തുടങ്ങിയ മുന്‍നിര എഴുത്തുകാരെ കണ്ടെത്തിയത് വിഷുപ്പതിപ്പാണ്.

Content Highlights: MT Vasudevan nair, guest editor, Mathrubhumi weekly, vishu pathippu