തിരൂര്‍: എഴുത്തും അറിവുമാണ് ഏറ്റവുംവലിയ സമ്പത്തെന്ന് എം.ടി. വാസുദേവന്‍ നായര്‍. വിദ്യാരംഭം ഉത്സവമാക്കാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, കോവിഡ് ഭീതിയില്‍ അതു നടന്നില്ല. കുട്ടികള്‍ എഴുതിത്തുടങ്ങുന്ന ആഘോഷം കേരളത്തില്‍ മാത്രമുള്ളതാണ്. വിദ്യാരംഭദിനത്തില്‍ ആദ്യക്ഷരം കുറിച്ച കുട്ടികള്‍ക്കു നല്‍കിയ വീഡിയോ സന്ദേശത്തില്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ എം.ടി. പറഞ്ഞു.

ഒരു കുട്ടി അറിവിന്റെ ലോകത്തിലേക്കു പതുക്കെപ്പതുക്കെ കടന്നുചെന്ന് ഇന്നല്ലെങ്കില്‍ നാളെ അതില്‍നിന്ന് പലതും നേടുമെന്നതിന്റെ തുടക്കമായാണ് വിദ്യാരംഭത്തെ കാണുന്നത്. നാവില്‍ സ്വര്‍ണം കൊണ്ടെഴുതിക്കല്‍ നിങ്ങളുടെ വാക്കുകള്‍ സ്വര്‍ണമാകട്ടെ, വിലപിടിപ്പുള്ളതാകട്ടെ എന്ന സൂചന കൂടിയാണ്. എല്ലാ കുട്ടികള്‍ക്കും തുഞ്ചത്താചാര്യന്റെ അനുഗ്രഹമുണ്ടാകട്ടെയെന്നും അറിവിന്റെ വലിയ ലോകത്ത് എത്തിപ്പെടട്ടേയെന്നും എം.ടി. പറഞ്ഞു.

Content Highlights : MT Vasudevan Nair Felicitates on Vidyarambham