കല്പറ്റ: എം.പി. വീരേന്ദ്രകുമാര്‍ യഥാര്‍ഥ അര്‍ഥത്തില്‍ ബഹുമുഖ പ്രതിഭയായിരുന്നുവെന്ന് എഴുത്തുകാരന്‍ ടി. പത്മനാഭന്‍. കല്പറ്റ കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയത്തിന്റെ 'എം.പി. വീരേന്ദ്രകുമാര്‍ ഓര്‍മകളിലൂടെ' സുവനീര്‍ പ്രകാശനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹുമുഖ പ്രതിഭയെന്നത് ഒരു ക്ലീഷേ പ്രയോഗമായി മാറിയിട്ടുണ്ട്. ആ ക്ലീഷേ മാറ്റിവെച്ചുകൊണ്ടു പറഞ്ഞാല്‍, പൂര്‍ണാര്‍ഥത്തില്‍ ബഹുമുഖ പ്രതിഭയെന്ന് അഭിസംബോധന ചെയ്യപ്പെടാന്‍ യോഗ്യന്‍ എം.പി. വീരേന്ദ്രകുമാര്‍ ആയിരുന്നു. ഇംഗ്‌ളീഷിലും മലയാളത്തിലും സാരവത്തായി, ചാതുരിയോടെ സംസാരിക്കാന്‍ സാധിച്ചിരുന്ന മികച്ച പാര്‍ലമെന്റേറിയന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, യാത്രാവിവരണഗ്രന്ഥങ്ങളുടെ രചയിതാവ്, എഴുത്തുകാരന്‍ എല്ലാമായിരുന്നു അദ്ദേഹം.

ഒരു നിയോഗമെന്നോണം താന്‍ ആഗ്രഹിച്ചെത്തുകയായിരുന്നു സുവനീര്‍ പ്രകാശനച്ചടങ്ങിനെന്നും പത്മനാഭന്‍ പറഞ്ഞു. ഒമ്പത് മാസങ്ങള്‍ക്കു ശേഷമുള്ള ആദ്യ ദീര്‍ഘയാത്രയാണിത്. വയനാട്ടിലേക്കു പോകുന്ന കാര്യം പ്രിയപ്പെട്ട മരുമക്കളോടുപോലും പറഞ്ഞില്ല. അവര്‍ ആരോഗ്യത്തെ കരുതി മുടക്കുമെന്ന് കരുതിയാണ്. അത്രമേല്‍ അടുത്തബന്ധം എം.പി. വീരേന്ദ്രകുമാറുമായുണ്ടായിരുന്നു. സ്‌നേഹിക്കുന്നവരോടുള്ള അദ്ദേഹത്തിന്റെ കരുതല്‍ വലിയ കാര്യമാണെന്നും പത്മനാഭന്‍ പറഞ്ഞു. തുടര്‍ന്ന് വീരേന്ദ്രകുമാറുമായുള്ള വ്യക്തിപരമായ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.

മാതൃഭൂമി ഡയറക്ടര്‍ അഡ്വ. എം.ഡി. വെങ്കിടസുബ്രഹ്മണ്യം സുവനീര്‍ ഏറ്റുവാങ്ങി. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ എം.പി. ഉദ്ഘാടനം ചെയ്തു. സുവനീര്‍ പുറത്തിറക്കുന്നതിനായി കോവിഡ് കാലത്തും അഹോരാത്രം പ്രയത്‌നിച്ച പത്മപ്രഭാ പൊതുഗ്രന്ഥാലയം പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

ചടങ്ങില്‍ ഹമീദ് ചേന്നമംഗല്ലൂര്‍ മുഖ്യാതിഥിയായിരുന്നു. പലനിലകളില്‍ ഖ്യാതി നേടിയ വ്യക്തിയാണ് എം.പി. വീരേന്ദ്രകുമാറെന്നും ഹരിതസംവാദത്തിന് രാജ്യത്ത് തുടക്കമിട്ടവരില്‍ പ്രമുഖനാണ് അദ്ദേഹമെന്നും ഹമീദ് ചേന്നമംഗല്ലൂര്‍ പറഞ്ഞു.

സുഭാഷ് ചന്ദ്രന്‍ അനുസ്മരണപ്രഭാഷണം നടത്തി. മഹത്തുക്കളെ ആദരിക്കാനും അവരുടെ മഹത്ത്വമെന്തെന്ന് രേഖപ്പെടുത്താനും എക്കാലത്തും ശ്രമിച്ച മഹാശയനായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് അദ്ദേഹം പറഞ്ഞു. ശ്രീകാന്ത് കോട്ടയ്ക്കല്‍, അര്‍ഷാദ് ബത്തേരി, അഡ്വ. പി. ചാത്തുക്കുട്ടി, കെ.കെ. ഹംസ, സൂപ്പി പള്ളിയാല്‍, എ.കെ. ബാബു പ്രസന്നകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.വി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

സുവനീര്‍ രൂപകല്പന ചെയ്ത മാതൃഭൂമി ചീഫ് ആര്‍ട്ടിസ്റ്റ് കെ.കെ. രവി, വി.ഡി.യു. ഓപ്പറേറ്റര്‍ ടി.സി. ഗിരിപ്രസാദ്, ഗ്രന്ഥാലയം എംബ്ലം രൂപകല്പനചെയ്ത മാതൃഭൂമി ആര്‍ട്ടിസ്റ്റ് വി.എം. ജോസ് എന്നിവര്‍ക്ക് ടി. പത്മനാഭന്‍ ഉപഹാരം നല്‍കി. എം.എം. പൈലി, കെ. പ്രകാശന്‍, ഇ. ശേഖരന്‍, സി. ദിവാകരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളെ പൊന്നാടയണിച്ചു.

Content Highlights: MP Veerendra Kumar memorial souvenir release