എടവണ്ണ (മലപ്പുറം): പണക്കുറികള്‍ക്കിടെ പുതിയ അധ്യായം രചിച്ചു പുസ്തകക്കുറിയും. നറുക്കുവീണാല്‍ ഇഷ്ടപുസ്തകങ്ങള്‍ വീട്ടിലെത്തിക്കുന്നതാണു പദ്ധതി. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനാണ് വായനയ്ക്കു മുതല്‍ക്കൂട്ടും വഴിയേ പുതുജീവിതവും തേടുന്നത്.

വീട്ടിലൊരു ലൈബ്രറി എന്ന പദ്ധതിയിലേക്ക് മാസംതോറും ഡിജിറ്റല്‍ പേയ്മെന്റിലൂടെ പണമടയ്ക്കണം. നറുക്കുവീഴാത്തവര്‍ക്ക് കാലാവധി കഴിയുമ്പോള്‍ പുസ്തകമെത്തിക്കും. വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശി ടി. റിയാസാണ് പുസ്തക്കുറിയുടെ നടത്തിപ്പുകാരന്‍. കഴിഞ്ഞ നവംബറിലാണ് റിയാസ് ഈ ആശയം പ്രാവര്‍ത്തികമാക്കിയത്. കുടുംബ കൂട്ടായ്മയിലെ അംഗങ്ങളെ ആദ്യം പദ്ധതിയിലുള്‍പ്പെടുത്തി. 10 അംഗങ്ങള്‍ വീതമുള്ള കൂട്ടായ്മകളാണ് ഓരോ കുറിയിലുമുള്ളത്. വിവിധ ജില്ലകളില്‍നിന്നായി ഇപ്പോള്‍ 14 കൂട്ടായ്മകളായി.

കൃതികളുടെ പേരാണ് കൂട്ടായ്മകള്‍ക്ക്. മതിലുകള്‍ എന്ന പേരിലാണ് ഇക്കഴിഞ്ഞ ഞായറാഴ്ച 14-ാമത് കൂട്ടായ്മയായത്. 500, 1000 രൂപയുടേതാണു കുറി. 10 മാസമാണ് കാലയളവ്. 500 രൂപ അടയ്ക്കുന്നവര്‍ക്ക് 5500 രൂപയുടെ പുസ്തകങ്ങളും 1000 രൂപ അടയ്ക്കുന്നവര്‍ക്ക് 10,100 രൂപയുടെ പുസ്തകങ്ങളും ലഭിക്കും.

കുറി ലഭിക്കുന്നവര്‍ക്ക് എഴുത്തുകാരോ സാമൂഹിക, സാംസ്‌കാരിക, രാഷ്ടീയ രംഗത്തുള്ളവരോ പുസ്തകങ്ങള്‍ കൈമാറും. ഏറെ പ്രയാസമുള്ള മേഖലയിലേക്കു കൂറിയര്‍ മുഖേന എത്തിക്കും. വയനാട്, മലപ്പുറം, കോഴിക്കോട്, കോട്ടയം, തൃശ്ശൂര്‍, ഇടുക്കി ജില്ലകളിലുള്ളവര്‍ ഇപ്പോള്‍ കുറിയിലുണ്ട്.

റിയാസിന്റെ സഹോദരനും എഴുത്തുകാരനുമായ ഹാരിസ് നെന്‍മേനിയാണ് പുസ്തകക്കുറിയെന്ന ആശയം ആദ്യം പങ്കുവെച്ചത്. നല്ലൊരു വായനക്കാരന്‍കൂടിയായ റിയാസിന് ഇതു നല്ല ആശയമായി തോന്നി. റിട്ട. ഡി.ഇ.ഒ. പി. ഷറഫുന്നീസയ്ക്കാണ് ആദ്യ നറുക്ക് വീണത്. ഇവര്‍ക്ക് റിട്ട. ഡി.ഡി.ഇ. കൂടിയായ പിതാവ് മുഹമ്മദലി പുസ്തകങ്ങള്‍ കൈമാറി. പ്രമുഖ പ്രസാധകരും ചെറുകിട പ്രസാധകരുമെല്ലാം സഹകരിക്കുന്നു. പുസ്തകങ്ങളിലൂടെ ജീവസന്ധാരണം എന്ന ആശയത്തിന് മാതൃഭൂമി ബുക്സ് വലിയ പിന്തുണ നല്‍കുന്നതായും റിയാസ് പറയുന്നു.

കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് ചില മത്സരങ്ങളും ഒരുക്കാറുണ്ട്. വായനവാരത്തില്‍ ആസ്വാദനക്കുറിപ്പ് മത്സരമൊരുക്കി. തിരഞ്ഞെടുത്ത മൂന്നുപേര്‍ക്കു പുസ്തകങ്ങളാണു സമ്മാനം. വൈക്കം മുഹമ്മദ്ബഷീറിന്റെ ജന്‍മദിനത്തില്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് ബഷീര്‍ കൃതിയും നല്‍കും.

Content Highlights: Books, home library, Malappuram