കൊച്ചി: ലോകമെമ്പാടും സംഭവിക്കുന്ന ആള്‍ക്കൂട്ട ആധിപത്യത്തിന്റെ പ്രധാന ഇരകള്‍ എക്കാലത്തും സ്ത്രീകളാണെന്ന് കെ. ആര്‍. മീര. കൃതി വിജ്ഞാനോത്സവത്തില്‍ മോബോക്രസി എന്ന വിഷയത്തില്‍ സംസാരിക്കുകായിരുന്നു മീര. സ്ത്രീസംവരണ പ്രശ്നത്തില്‍ തട്ടി നാഗാലാന്‍ഡിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഏറെക്കാലമായി നടക്കുന്നില്ല. മാത്രവുമല്ല ഇതിന്റെ പേരില്‍ വന്‍കലാപങ്ങളും നടക്കുന്നു. വാസ്തവത്തില്‍ സ്ത്രീസംവരണം ഒരു മറ മാത്രമാക്കി ഗോത്രവര്‍ഗ നേതാക്കള്‍ പോരാടുകയായിരുന്നു. എന്തിന്റെ പേരിലായാലും തെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കുകയാണ് അവരുടെ അജന്‍ഡ. കേരളത്തിലെ സമീപകാല അവസ്ഥയും ഇതിനു തുല്യമാണ്. 

കുട്ടിക്കാലത്ത് ഞാനൊക്കെ സയന്‍സും ഇംഗ്ലീഷുമൊക്കെ പഠിച്ച സമയത്ത് കുഴിക്കാട്ട് പച്ചയും തന്ത്രസമുച്ചയവും നൈഷ്ഠിക ബ്രഹ്മചര്യവുമാണ് പഠിക്കേണ്ടിയിരുന്നത്. അന്ന് നമ്മള്‍ പഠിച്ച ചരിത്രത്തിനും പൗരധര്‍മത്തിനും ഇന്ന് വിലയില്ലാതായി. ആര്‍ത്തവസമയത്തെ ആചാരങ്ങളെപ്പറ്റിയായിരുന്നു അന്ന് പഠിക്കേണ്ടിയിരുന്നത്, മീര പരിഹസിച്ചു. നാഗാലാന്‍ഡിലെ പതിനാറ് ഗോത്രവര്‍ഗങ്ങളുടെ കലാപവും സുപ്രീം കോടതി വിധിക്കെതിരെ ഇവിടെ കോപ്പുകൂട്ടുന്നതും തമ്മില്‍ സാദൃശമില്ലേ, മീര ചോദിച്ചു. 

സ്ത്രീകള്‍ സ്വതന്ത്രരാകാതെ മോബോക്രസിക്ക് ഒരു പരിഹാരവും ഉണ്ടാകില്ല. സ്വന്തം പൗരത്വം സ്ത്രീകള്‍ ഉറക്കെ പ്രഖ്യാപിക്കാത്തിടത്തോളം കാലം ഇനിയുള്ള അവരുടെ തലമുറകളും സദാചാരപോലീസിന്റേയും സ്ത്രീപീഡനത്തിന്റേയും പെണ്‍വാണിഭത്തിന്റേയും ലഹരിമരുന്നിന്റേയും കൂട്ടബലാല്‍സംഗങ്ങളുടേയും വര്‍ഗീയ കലാപങ്ങളുടേയും ഇരകളാകും. ഇപ്പറഞ്ഞത് ഇതിന്റെ വൈകാരിക തലം. 

ശാരീരികമായ ആക്രമണം അഴിച്ചു വിടുന്നതിലുപരി ഇന്ത്യയിലെ ആള്‍ക്കൂട്ട ആധിപത്യത്തിന് ഇതുപോലൊരു വൈകാരികതലവും ബുദ്ധിപരവുമായ തലങ്ങളുണ്ട്. ജൂലിയസ് സീസറില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഷേക്സിപയര്‍ വരച്ചിട്ട ആള്‍ക്കൂട്ട ആധിപത്യത്തിന്റെ ഭീതിദമായ ചിത്രം തമാശയായാണ് അന്ന് തോന്നിയിരുന്നത്. വിഡ്ഡികളായ റോമക്കാര്‍ എന്ന് അതു വായിച്ച കു്ട്ടിക്കാലത്ത് വിചാരിച്ചു. ഇന്ന് ഞാനാണ് വിഡ്ഡി എ്ന്ന് തിരിച്ചറിയുന്നുവെന്നും മീര പറഞ്ഞു. 

Content Highlights: K. R. Meera, mobocracy, krithi international book fair