തൃശ്ശൂര്‍: ഇങ്ങനെ പോയാല്‍ കേരളത്തില്‍ സതി എന്ന ദുരാചാരവും ഉണ്ടാകുന്ന കാലം വിദൂരമല്ലെന്ന് എം.എന്‍. കാരശ്ശേരി. ഡോ.വയലാ സ്മൃതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്ത്രീ അബലയാണെന്ന് പറയുന്നതും കരുതുന്നതുമാണ് ഏറ്റവും വലിയ തെറ്റ്. ആണും പെണ്ണും തുല്യരാകുന്ന കാലത്ത് മാത്രമേ പൂര്‍ണമായ സ്വാതന്ത്ര്യമുണ്ടാകൂ എന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. അയിത്തം ഇല്ലാതായാല്‍ ജാതിപ്രശ്‌നം എല്ലാം തീരും എന്ന് ഗാന്ധിജി കരുതിയിരുന്നു.

എല്ലാ ആചാരങ്ങളെയും ഒരേപോലെ ഉള്‍ക്കൊള്ളുന്നതാണ് ഗാന്ധിജിയുടെ സത്യം എന്ന സങ്കല്‍പ്പം. പ്രതിഷേധിക്കാനായി 100 വര്‍ഷം മുന്പ് ഗാന്ധിജി തുടക്കമിട്ട ഹര്‍ത്താല്‍ മടിയന്മാരായ മലയാളികള്‍ ആഘോഷമാക്കുകയാണ്.

ഹര്‍ത്താല്‍ അനുകൂലികള്‍ ആരുടെയും വഴിമുടക്കാതെ മറ്റുള്ളവരുടെ സൗകര്യങ്ങള്‍ക്കായി സഹായിക്കണമെന്നായിരുന്നു ഗാന്ധിയുടെ വീക്ഷണം. ഹര്‍ത്താല്‍ നടത്തുന്നവര്‍ ഒരു ദിവസം ഉപവാസമിരിക്കണമെന്ന വ്യവസ്ഥയും മുന്നോട്ടുവെച്ചിരുന്നു. ഫാസിസത്തിനെതിരേ എന്നപേരില്‍ നടത്തുന്ന ഹര്‍ത്താലാണ് യഥാര്‍ഥ ഫാസിസമെന്നും കാരശ്ശേരി പറഞ്ഞു.

അയ്യന്തോളിലെ വയലാ വാസുദേവന്‍ പിള്ള ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയില്‍ പ്രൊഫ.പി.എന്‍. പ്രകാശന്‍ അധ്യക്ഷനായി. വയലാ സാകേതം പുരസ്‌കാരം എം.പി. രാേജഷിന് സമ്മാനിച്ചു.

Content Highlights: mn karassery, sabarimala, harthal