ജീവിച്ചിരിക്കേ ഒരു ഇതിഹാസമായിരിക്കുകയും അപൂർവ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുകയും ചെയ്ത എഴുത്തുകാരനും സ്വാതന്ത്ര്യസമരപ്രവർത്തകനുമായിരുന്നു വൈക്കം മുഹമ്മദ് ബഷീർ എന്ന് എം.കെ രാഘവൻ എം.പി അനുസ്മരിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയേഴാം ചരമദിനത്തിൽ ബഷീറിന്റെ വൈലാലിലെ വീട്ടിൽ വച്ചു നടത്തിയ അനുസ്മരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഗാന്ധിജിയെ കാണാൻ എറണാകുളത്തുനിന്നും കള്ളവണ്ടി കയറി കോഴിക്കോട് വന്ന് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് മാസങ്ങളോളം ജയിലിൽ കഴിയേണ്ടി വന്നു അദ്ദേഹത്തിന്. ജയിലിലുണ്ടായ തീവ്രമായ അനുഭവങ്ങളും തുടർന്ന് അറബിനാടുകളിലും ആഫ്രിക്കൻ നാടുകളിലും യാത്രചെയ്തുകൊണ്ട് എന്താണ് സമൂഹത്തിന്റെ അടിത്തട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസമെന്നും നേരിട്ടനുഭവിച്ചറിഞ്ഞ മനുഷ്യനായിരുന്നു ബഷീർ. പട്ടിണിയുടെ പൊള്ളുന്ന കഥകൾ ജനങ്ങൾക്കുവേണ്ടി അദ്ദേഹം എഴുതിയത് ഇക്കാലത്താണ്. വിശ്വവിഖ്യാതനായ കലാകാരന്റെ സാഹിത്യം എന്നത് അച്ചടിഭാഷയോ വ്യാകരണമോ അലങ്കാരമോ ഉപമകളോ അല്ല. മലയാളസാഹിത്യമണ്ഡലത്തിൽ തന്റേതായ ഒരു സാഹിത്യശാഖ സൃഷ്ടിക്കാൻ കഴിഞ്ഞ പ്രതിഭയായിരുന്നു ബഷീർ. ബഷീർസാഹിത്യം എന്ന ശാഖ തന്നെ അതാണ് വ്യക്തമാക്കുന്നത്. നൂറുപേജുകളിൽ താഴെയാണ് ഓരോ കൃതികളും. നീട്ടിവലിച്ചെഴുതി അഞ്ഞൂറിലധികം പേജുകൾ നിറച്ച് വായനക്കാരെ ബാധ്യതയിലാക്കാതെ വളരെ കുറച്ചെഴുതി ജനമനസ്സുകളിലേക്ക് നടന്നുകയറുകയായിരുന്നു മഹാനായ ആ എഴുത്തുകാരൻ. ജീവസ്സുറ്റതായ, എഴുതിയതെല്ലാം പൊന്നാക്കിമാറ്റിയ പ്രതിഭ. അദ്ദേഹം അവതരിപ്പിച്ച നർമങ്ങൾ മറ്റാർക്കെങ്കിലും ചെയ്യാൻ കഴിയുന്നതായിരുന്നു എന്നു നമുക്ക് ചിന്തിക്കാൻ പോലും കഴിയുകയില്ല. ലോകത്ത് യുദ്ധമില്ലാതിരിക്കണമെങ്കിൽ സ്ത്രീ-പുരുഷ ആബാലവൃദ്ധമന്യേ പരമരസികൻ വരട്ടുചൊറിവരണമെന്ന ബഷീറിയൻ ഫലിതം എക്കാലവും സാമാന്യബുദ്ധിയുള്ളവനുള്ള ഓർമപ്പെടുത്തലാണ്. ചൊറിയുന്നിടത്ത് മാന്തുന്നതിനേക്കാൾ സമാധാനപരമായ ഒരു സുഖം വേറൊന്നിനും ഇല്ല എന്നാണ് മഹാനായ ബഷീർ പറഞ്ഞിരിക്കുന്നത്. ആ വലിയ സാഹിത്യകാരനെ ഓർക്കുമ്പോഴെല്ലാം ചൊറിയുന്നിടത്തെ സമാധാനപരമായ മാന്തലാണ് ആദ്യം ഓർമയിൽ വരിക'- എം.കെ രാഘവൻ എം.പി പറഞ്ഞു.

Content Highlights :MK Raghavan MP Remembers Vaikom Muhammed Basheer