വടക്കാഞ്ചേരി: അറുപത്തിരണ്ട് വയസ്സിനുള്ളിൽ കലാമണ്ഡലം ഈശ്വരനുണ്ണി കൈവെച്ചത് വ്യത്യസ്ത മേഖലകളിലാണ്. മിഴാവിൽത്തുടങ്ങി സാഹിത്യത്തിൽവരെ ഈശ്വരനുണ്ണിയുടെ പരീക്ഷണങ്ങളെത്തി നിൽക്കുന്നു. മിഴാവിലൂടെയാണ് ഈശ്വരനുണ്ണി തന്റെ കലാജീവിതത്തിന് തുടക്കമിട്ടത്. പിന്നീട് ചാക്യാർകൂത്തിലും പാഠകത്തിലും തിമിലയിലും ചെണ്ടയിലും ചുട്ടിയിലും സാന്നിധ്യമറിയിച്ചു.
കലാമണ്ഡലത്തിലെത്തുമ്പോൾ 13 വയസ്സായിരുന്നു ഈശ്വരനുണ്ണിക്ക്. നമ്പ്യാരല്ലാത്ത ആദ്യത്തെ മിഴാവ് കലാകാരൻ എന്ന നിലയിൽ കലാചരിത്രത്തിന്റെ ഭാഗമായി. ഇന്നത്തെ പ്രമുഖ മിഴാവ് കലാകാരന്മാരിൽ ഭൂരിഭാഗവും ഈശ്വരനുണ്ണിയുടെ ശിഷ്യപരമ്പരയിൽപ്പെട്ടവരാണ്. 1982-ൽ കലാമണ്ഡലത്തിൽ മിഴാവ് അധ്യാപകനായി നിയമനം ലഭിച്ച ഈശ്വരനുണ്ണി വകുപ്പ് മേധാവിയായാണ് വിരമിച്ചത്. വിദ്യാർഥിയായിരിക്കേ പൈങ്കുളം രാമചാക്യാരുടെ നേതൃത്വത്തിലുളള കൂടിയാട്ടസംഘത്തോടൊപ്പം ഫ്രാൻസ്, ഇറ്റലി, ജർമനി, സ്പെയിൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. ഇതിനിടയിൽ ന്യൂയോർക്കിലെ സ്റ്റോണി ബ്രൂക്ക് സർവകലാശാലയിൽ വിസിറ്റിങ് പ്രൊഫസറായി മിഴാവ് പരിശീലിപ്പിച്ചു.
1993-ൽ മിഴാവിൽ തായമ്പക കൊട്ടിയാണ് ഈശ്വരനുണ്ണി കലാരംഗത്തെ പരീക്ഷണത്തിനിറങ്ങുന്നത്. 2001-ൽ മിഴാവൊലിയും 2005-ൽ മിഴാവിൽ കേളിയും 2007-ൽ മിഴാവിൽ പഞ്ചാരിമേളവും ഒരുക്കി. അരവിന്ദന്റെയും അടൂർ ഗോപാലകൃഷ്ണന്റെയും സിനിമകളിൽ മിഴാവിന്റെ ശബ്ദം പകർന്നു. ഷാജി.എൻ. കരുണിന്റെ സിനിമയിൽ ചിതലി രാമമാരാരായും അഭിനയിച്ചു.
2010-ലാണ് കലാമണ്ഡലം ഈശ്വരനുണ്ണി രചിച്ച മിഴാവൊലി എന്ന ആദ്യഗ്രന്ഥത്തിന് കേരള കലാമണ്ഡലത്തിന്റെ മികച്ച കലാഗ്രന്ഥത്തിനുള്ള പുരസ്കാരം ലഭിച്ചത്. മേൽപ്പത്തൂരിന്റെ പ്രബന്ഥങ്ങൾക്ക് പ്രചാരം തിരിച്ചുപിടിക്കാനുള്ള ശണമായി പതിനൊന്ന് ഗ്രന്ഥങ്ങൾ പിന്നീട് ഇദ്ദേഹം രചിക്കുകയുണ്ടായി.
Content Highlights: Mizhavu to Literature legendary of Kalamandalam Easwaranunni