2020-ന്റെ ആദ്യം തന്നെ തന്നിലേൽപ്പിക്കപ്പെട്ട 'രാജകീയ' ഉത്തരവാദിത്തങ്ങളോടും ബക്കിങ്ഹാം കൊട്ടാരജീവിതത്തോടും വിടപറഞ്ഞ ഹാരി രാജകുമാരൻ പത്നി മേഗൻ മെർക്കലോടൊപ്പം സാധാരണ ജീവിതം നയിച്ചുവരികയാണ്. വെള്ളിത്തിരയിലെ മോഡലായും നിർമാതാവായും തിളങ്ങിയ മേഗൻ എഴുത്തുകാരി എന്ന പട്ടം കൂടി എടുത്തണിയുന്ന സന്തോഷത്തിലാണ് ഹാരിയുടെ കൊച്ചുകുടുംബം. മകൻ ആർച്ചിയും പിതാവ് ഹാരിയും തമ്മിലുള്ള അഗാധമായ ബന്ധത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടുകൊണ്ട് എഴുതിയ ദ ബെഞ്ച് എന്ന പുസ്തകത്തിലൂടെ ബാലസാഹിത്യകാരി എന്ന പദവിയിലേക്ക് നടന്നുകയറുകയാണ് മേഗൻ.

പുസ്തകം ജൂൺ ആദ്യവാരത്തിൽ പുസ്തകശാലകളിൽ ലഭ്യമാക്കാനുള്ള തിരക്കിലാണ് പ്രസാധകരായ പെൻഗ്വിൻ റാന്റം ഹൗസ്. രണ്ടാമതും അമ്മയാവാനുള്ള തയ്യാറെടുപ്പുകൾക്കൊപ്പം തന്നെ കുഞ്ഞുങ്ങൾക്കുള്ള കഥകൾ മെനയാനും അത് ലോകത്തിന്റെ എല്ലായിടങ്ങളിലുമുള്ള കുഞ്ഞുങ്ങളിൽ എത്തിക്കാനുമുള്ള പദ്ധതികൾ ഹാരി-മഗൻ ദമ്പതികൾ ആസൂത്രണം ചെയ്തുവരുന്നതായും വാർത്തകൾ വരുന്നുണ്ട്.

Content Highlights :Meghan Markle to launch childrens book inspired by Prince Harry and son Archie