കോഴിക്കോട്: പൊതുവിജ്ഞാനത്തിന്റെ ആധികാരിക ഗ്രന്ഥമായ മാതൃഭൂമി ഇയര്‍ബുക്ക് പ്ലസ് 2022 (മലയാളം) വിപണിയില്‍. പോയവര്‍ഷത്തെ പ്രധാന സംഭവങ്ങള്‍ സമഗ്രവും ലളിതവുമായി ഉള്‍പ്പെടുത്തിയാണ് ഇയര്‍ബുക്ക് തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ, ചരിത്രം, ഭൂമിശാസ്ത്രം, ജില്ലകള്‍, സംസ്ഥാനങ്ങള്‍, കേന്ദ്രഭരണപ്രദേശങ്ങള്‍, സമ്പദ്ഘടന, ഭരണഘടന, സംസ്‌കാരം, കേരളം, ഇന്ത്യ, ലോകം, മലയാളം, കായികം, കമ്പ്യൂട്ടര്‍ സയന്‍സ്, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ പൊതുവായി അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങളും 900 പേജുള്ള ഇയര്‍ബുക്കിലുണ്ട്.
 
ആനുകാലക വിഷയങ്ങളില്‍ വിദഗ്ധര്‍ തയ്യാറാക്കിയ ലേഖനങ്ങളും വിശകലനങ്ങളും ഇയര്‍ബുക്കിന്റെ പ്രത്യേകതയാണ്. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണ നയങ്ങളും പാരിസ്ഥിതിക പ്രത്യേകതകളും എം.ജി. സര്‍വകലാശാല പരിസ്ഥിതിശാസ്ത്ര വിഭാഗം മേധാവി ഡോ. ബൈജു കെ.ആര്‍. വിശദീകരിക്കുന്നു. ബ്ലെന്‍ഡഡ് ലേണിങ്, ഫ്‌ലിപ്ഡ് ലേണിങ് തുടങ്ങിയ ആധുനിക വിദ്യാഭ്യാസരീതികളെക്കുറിച്ച് പ്രതിപാദിക്കുന്ന, കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജിജോ പി ഉലഹന്നാന്‍ എഴുതിയ ലേഖനം വിദ്യാഭ്യാസത്തിന്റെ ഭാവിയെന്തെന്ന് ചൂണ്ടിക്കാട്ടുന്നു. ഡോ.കെ.പി. വിപിന്‍ ചന്ദ്രന്‍, ഡോ അനു ഉണ്ണി & അനുരൂപ് സണ്ണി, ഡോ. സി. പ്രതീപ്,  ഡോ. സെബാസ്റ്റിയന്‍ എന്‍., ഡോ. ബി. പത്മകുമാര്‍, ഡോ. ടി.പി. സേതുമാധവന്‍, എന്നിവരുടെ ലേഖനങ്ങളും ഇയര്‍ബുക്കിലുണ്ട്.

വെബ് എഡിഷന്‍

പ്രിന്റ് എഡിഷനുമായി ബന്ധിപ്പിച്ച് വെബ് എഡിഷനും 2022-ലെ മാതൃഭൂമി മലയാളം ഇയര്‍ബുക്കിനൊപ്പം ലഭിക്കും. 200 രൂപ വിലയുള്ള ഇയര്‍ബുക്ക് വാങ്ങുമ്പോള്‍ വെബ് എഡിഷനിലേക്ക് ഒരു വര്‍ഷം സൗജന്യമായാണ് പ്രവേശനം. പുസ്തകത്തോടൊപ്പം നല്‍കിയിരിക്കുന്ന സീരിയല്‍ നമ്പര്‍ ഉപയോഗിച്ച് ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്താല്‍ ഒരു വര്‍ഷം മുഴുവന്‍ വെബ്‌സൈറ്റ് ഉപയോഗിക്കാം.

പി.എസ്.സി. പഠന പ്ലാന്‍ & മാതൃകാ ചോദ്യങ്ങള്‍

മത്സരപ്പരീക്ഷകളെക്കൂടി മുന്നില്‍കണ്ടാണ് 'മാതൃഭൂമി ഇയര്‍ബുക്ക് പ്ലസ് 2022' തയ്യാറാക്കിയിരിക്കുന്നത്. പി.എസ്.സി. പരിശീലനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സിലബസും വിശദീകരിക്കുന്ന ലേഖനവുമുണ്ട്. ഒപ്പം ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികം, ഭരണഘടന, സംസ്‌കാരം, കല, മലയാള ഭാഷ, സാഹിത്യം, കായികം, കമ്പ്യൂട്ടര്‍ സയന്‍സ്, സയന്‍സ് & ടെക്‌നോളജി, കറന്റ് അഫയേഴ്‌സ് എന്നീ മേഖലകളില്‍ നിന്നുള്ള മാതൃകാ ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പി.എസ്.സി. പരീക്ഷാ സിലബസില്‍ പുതിയതായി ഉള്‍പ്പെടുത്തിയ വിഷയമായ കേരളത്തിന്റെ ഭരണവും ഭരണസംവിധാനങ്ങളും പ്രതിപാദിക്കുന്ന കേരളം പൊതുഭരണം എന്ന സ്‌പെഷ്യല്‍ ഫോളിയോയും ഇയര്‍ബുക്കിലുണ്ട്.

മത്സരപ്പരീക്ഷകളിലെ പ്രധാന വിഭാഗം സമകാലികം ആണ്. മുന്‍വര്‍ഷത്തെ പ്രധാന സംഭവങ്ങള്‍, നിയമനങ്ങള്‍, അവാര്‍ഡുകള്‍, വിയോഗം തുടങ്ങി പരീക്ഷകള്‍ക്ക് പ്രതീക്ഷിക്കാവുന്ന എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന'കറന്റ് അഫയേഴ്‌സ്'വിഭാഗം സമകാലിക മേഖലയില്‍ നിന്നുള്ള മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കും. 

ആവശ്യമായ വിവരങ്ങള്‍ വേഗത്തില്‍ കണ്ടെത്താന്‍ ഇന്‍ഡക്‌സും കളര്‍ ഇന്‍ഡക്‌സും ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. 

മലയാളം ഇയര്‍ബുക്ക് വെബ്‌സൈറ്റ് കാണാന്‍  https://yearbook.mathrubhumi.com/ml/ സന്ദര്‍ശിക്കുക.

Content Highlights: mathrubhumi year book 2022 released