കോഴിക്കോട്: മാതൃഭൂമി വിഷുപ്പതിപ്പ് കഥാമത്സരത്തില്‍ ആലുവ യു.സി. കോളേജിലെ മലയാളം എം.എ. വിദ്യാര്‍ഥിനി കാവ്യ അയ്യപ്പന്‍ ഒന്നാംസ്ഥാനം നേടി. 'ഒറവകുത്തി' എന്ന കഥയ്ക്കാണ് പുരസ്‌കാരം.

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ മലയാള വിഭാഗം ഗവേഷക വിദ്യാ വിജയന്‍ എഴുതിയ 'ഉറുമ്പുപൊറ്റ' രണ്ടാം സമ്മാനവും കാലടി സര്‍വകലാശാലയിലെ മലയാളം എം.എ. വിദ്യാര്‍ഥി ഡി.പി. അഭിജിത്തിന്റെ 'ബ്ലഡ് റവല്യൂഷന്‍' മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപയും സാക്ഷ്യപത്രവും സമ്മാനമായി ലഭിക്കും.

കവിതയില്‍ കോഴിക്കോട് ഫാറൂഖ് കോളേജിലെ ഗവേഷക വിദ്യാര്‍ഥിനി അശ്വനി ആര്‍. ജീവന്‍, തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജിലെ മലയാളം എം.എ. വിദ്യാര്‍ഥിനി അനു ഉഷ എന്നിവര്‍ ഒന്നാംസ്ഥാനം പങ്കിട്ടു. പട്ടാമ്പി സംസ്‌കൃത കോളേജിലെ സുബിന്‍ ഉണ്ണികൃഷ്ണന്‍, പാലക്കാട് ഐ.ഐ.ടി.യിലെ ഗവേഷണ വിദ്യാര്‍ഥിനി കാവ്യ പി.ജി. എന്നിവര്‍ രണ്ടാം സമ്മാനം നേടി. തിരുവനന്തപുരം ഗവ. എന്‍ജിനിയറിങ് കോളേജിലെ വിഷ്ണുപ്രിയ, കാലിക്കറ്റ് സര്‍വകലാശാലയിലെ ബി.എ. മലയാളം വിദ്യാര്‍ഥി അല്‍ത്താഫ് പതിനാറുങ്ങല്‍ എന്നിവര്‍ക്കാണ് മൂന്നാംസമ്മാനം.

വിജയികള്‍ക്ക് സമ്മാനമായി യഥാക്രമം 25,000, 15,000, 10,000 രൂപ ലഭിക്കും. കെ.എസ്. രവികുമാര്‍, എന്‍.പി. ഹാഫിസ് മുഹമ്മദ്, അംബികാസുതന്‍ മാങ്ങാട് എന്നിവര്‍ കഥാവിഭാഗത്തിലും കെ..ജി.എസ്., വിജയലക്ഷ്മി, വീരാന്‍കുട്ടി എന്നിവര്‍ കവിതയിലും വിധി നിര്‍ണയിച്ചു.

സമ്മാനാര്‍ഹമായ രചനകളും വിധികര്‍ത്താക്കളുടെ കുറിപ്പുമടങ്ങുന്ന ആഴ്ചപ്പതിപ്പിന്റെ പ്രത്യേക വിഷുപ്പതിപ്പ് ചൊവ്വാഴ്ച വിപണിയിലെത്തും. 116 പേജുള്ള പതിപ്പിന് 30 രൂപയാണു വില.

Content Highlights: Mathrubhumi weekly vishu pathippu award