വിഖ്യാത മലയാളി ഭൗതികശാസ്ത്രജ്ഞന്‍ താണു പദ്മനാഭനുള്ള മലയാളത്തിന്റെ പ്രണാമമായിരുന്നു ചൊവ്വാഴ്ചയിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പ് (പുസ്തകം 99, ലക്കം 27). 2021 കേരള ശാസ്ത്രപുരസ്‌കാരം താണു പദ്മനാഭന് ലഭിച്ച പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ജീവിതവും സംഭാവനകളും വിശദീകരിക്കുന്ന പദ്മനാഭനും ഭാവിയിലെ ഗ്രാവിറ്റി വഴികളും എന്ന ലേഖനമായിരുന്നു ഈ ലക്കം ആഴ്ചപ്പതിപ്പിലെ കവര്‍ സ്റ്റോറി. ശാസ്ത്ര ലേഖകന്‍ ജോസഫ് ആന്റണിയാണ് ലേഖനം തയ്യാറാക്കിയത്. താണു പദ്മനാഭനായിരുന്നു ഈ ലക്കം ആഴ്ചപ്പതിപ്പിന്റെ മുഖചിത്രം. അദ്ദേഹവുമായുള്ള അഭിമുഖവും ലേഖനത്തിന്റെ അഭിമുഖമായി കൊടുത്തിരുന്നു.

ആഴ്ചപ്പതിപ്പിന്റെ ആമുഖത്തില്‍ നിന്നുള്ള ഭാഗം വായിക്കാം..

കേരളസംസ്ഥാനം രൂപംകൊണ്ടതിനു പിറ്റേ കൊല്ലം, 1957-ല്‍, ജനിച്ച ഒരു മഹാധിഷണാശാലിയാണ് ഈ ലക്കം ആഴ്ചപ്പതിപ്പിന്റെ മുഖചിത്രവും 
മുഖ്യവായനാവിഷയവും: കരമനയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച്, അവിടത്തെ സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ പഠിച്ച്, പില്‍ക്കാലത്ത് ശാസ്ത്രലോകത്തെ അതികായരില്‍ ഒരാളായി വളര്‍ന്ന താണു പത്മനാഭന്‍. 

നക്ഷത്രഭൗതിക (ആസ്‌ട്രോഫിസിക്‌സ്), പ്രപഞ്ചവിജ്ഞാനീയം (കോസ്‌മോളജി) എന്നീ മേഖലകളില്‍ അദ്വിതീയമായ വിജ്ഞാനസമ്പത്തിനുടമയായ ഈ ശാസ്ത്രപ്രതിഭയുടെ പേര് വരുംകാലത്ത് ലോകം ഓര്‍ത്തുവയ്ക്കാന്‍ പോകുന്നത് ഐസക് ന്യൂട്ടന്റേയും ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റേയും നിരയില്‍ ഇരിപ്പിടമുള്ള ധിഷണാശാലി എന്ന നിലയ്ക്കായിരിക്കും. ശാസ്ത്രയുക്തിയുടെ ബലിഷ്ഠമായ ആരൂഢങ്ങളില്‍നിന്ന് ഇളകിപ്പറിഞ്ഞ് മതത്തിന്റേയും  ദൈവസങ്കല്പത്തിന്റേയും പ്രാക്തന ബാലിശതകളിലേക്ക് സമൂഹങ്ങള്‍  നിപതിക്കാന്‍ തുടങ്ങുന്ന വേളകളില്‍ താണു പത്മനാഭനെപ്പോലെ ഒരാളെ സൂര്യനെപ്പോലൊരു പ്രചോദനവെളിച്ചമായി കരുതേണ്ടതുണ്ട്.  

ഇല്ലായ്മകളുണ്ടായിരുന്ന തന്റെ വീട്ടില്‍ കുട്ടിക്കാലത്ത് ഏറ്റവുമധികം മുഴങ്ങിക്കേട്ട ഒരു വാചകം അദ്ദേഹം അഭിമുഖത്തിനിടയ്ക്ക് ഓര്‍ക്കുന്നുണ്ട്: Excellence Is Not Negotiable  (മഹിമയ്ക്ക് വിലപേശലില്ല!). എല്ലാം വിലപേശലിന്  വിധേയമായ ഒരു കാലത്ത് നമുക്ക് ഈ വാക്കുകള്‍ എല്ലാക്കാലത്തേയ്ക്കും ഓര്‍ത്തുവയ്ക്കാം.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

Content Highlights: Mathrubhumi weekly, Thanu Padmanabhan