കോഴിക്കോട്:  മലയാളികളുടെ ഓണക്കാല വായനയ്ക്ക് വ്യത്യസ്തമായ വിഭവങ്ങളുമായി മാതൃഭൂമി ഓണപ്പതിപ്പ് വിപണയിലെത്തി. കഥകളും കവിതകളും സംഭാഷണങ്ങളും ഉള്‍പ്പടെ ഓണക്കാലത്ത് വായനയുടെ വസന്തം തീര്‍ക്കുന്ന രചനകളുമായാണ് ഓണപ്പതിപ്പ് വായനക്കാരിലെത്തുക. രണ്ടുഭാഗങ്ങളിലായി 600-ഓളം പുറങ്ങളിലാണ് ഇത്തവണ മാതൃഭൂമി ഓണപ്പതിപ്പ് ഒരുക്കിയിരിക്കുന്നത്.

ശശി തരൂര്‍, അരുന്ധതി റോയ് എന്നിവരുമായുള്ള ദീര്‍ഘ സംഭാഷണങ്ങളാണ് ഓണപ്പതിപ്പിലെ ആകര്‍ഷണങ്ങളിലൊന്ന്. ഇവര്‍ക്ക് പുറമെ ഭാരതി ശിവജി, അലി മണിക്ഫാന്‍, ശാന്ത, ധനഞ്ജയന്‍, ജലജ, കുട്ട്യേടത്തി വിലാസിനി എന്നിവരുമായുള്ള സംഭാഷണങ്ങളും ഓണപ്പതിപ്പില്‍ വായിക്കാം. 

ടി. പത്മനാഭനും സേതുവും എം മുകുന്ദനും ഉള്‍പ്പടെ മലയാളത്തിലെ പല തലമുറയിലെ 25 എഴുത്തുകാരുടെ കഥകളാണ് മറ്റൊരാകര്‍ഷണം. സച്ചിദാനന്ദനും കെ.ജി.എസും, വിജയലക്ഷ്മിയും ഉള്‍പ്പടെ 27 എഴുത്തുകാരുടെ കവിതകളും ഓണപ്പതിപ്പില്‍ വായിക്കാം. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഇതിഹാസ വിവര്‍ത്തനമായ ഇലിയഡും ഓണപ്പതിപ്പിനെ സമ്പന്നമാക്കുന്നു.

ഓണപ്പതിപ്പിലുള്ള ക്യു.ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്താല്‍ കഥകളും കവിതകളും എഴുത്തുകാരുടെ ശബ്ദത്തില്‍ കേള്‍ക്കാം. രണ്ട് ലക്കങ്ങള്‍ക്കുമായി നൂറ് രൂപയാണ് വില. 

ഓണപ്പതിപ്പ് വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights: Mathrubhumi Weekly, Onappathippu released