കോട്ടയ്ക്കല്‍: കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരത്തില്‍ ചെറുകഥയില്‍ ഒന്നാംസ്ഥാനം നേടിയ രാഹുല്‍ മണപ്പാട്ടിനുള്ള പുരസ്‌കാരം സമ്മാനിച്ചു. മാതൃഭൂമി കോട്ടയ്ക്കല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരനും മാതൃഭൂമി ആഴ്ചപ്പതിപ്പ് ചീഫ് സബ് എഡിറ്ററുമായ സുഭാഷ് ചന്ദ്രന്‍ പുരസ്‌കാരം നല്‍കി. 25,000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം.
മാതൃഭൂമി റീജ്യണല്‍ മാനേജര്‍ വി.എസ്. ജയകൃഷ്ണന്‍, ന്യൂസ് എഡിറ്റര്‍ ആശോക് ശ്രീനിവാസ്, സീനിയര്‍ സബ് എഡിറ്റര്‍ ഡോ. ഒ.കെ. മുരളീകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുചടങ്ങ് ഒഴിവാക്കാന്‍ സാഹിത്യ മത്സരത്തിലെ മറ്റു വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മാതൃഭൂമി പ്രതിനിധികള്‍ വീട്ടിലെത്തി കൈമാറിയിരുന്നു.
മഞ്ചേരി ആമയൂര്‍ സ്വദേശിയായ രാഹുല്‍ കോഴിക്കോട് മീഞ്ചന്ത ആര്‍ട്സ് കോളേജില്‍ മലയാള സാഹിത്യം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ്. 'ഇറച്ചിക്കൊമ്പ്' എന്ന കഥയാണ് സമ്മാനിതമായത്.
Content Highlights: Mathrubhumi Vishu Edition literary competition: Rahul Manappatt